X

എൽനിനോ പ്രതിഭാസം; വരും വർഷങ്ങളിൽ മത്തി കുറഞ്ഞേക്കുമെന്ന് സി.എം.എഫ്ആർ.ഐ

കൊച്ചി: വരും വർഷങ്ങളിൽ കേരളത്തിന്റെ തീരങ്ങളിൽ മത്തിയുടെ ലഭ്യതയിൽ കുറവുണ്ടാകാൻ സാധ്യതയെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). എൽനിനോ പ്രതിഭാസം വീണ്ടും സജീവമാകുന്നതോടെ മത്തി കുറയുമെന്നാണ് നിരീക്ഷണം.

മുൻ വർഷങ്ങളിൽ വൻതോതിൽ കുറഞ്ഞ ശേഷം 2017ൽ മത്തിയുടെ ലഭ്യതയിൽ നേരിയ വർധനവുണ്ടായെങ്കിലും അവയുടെ സമ്പത്ത് പൂർവസ്ഥിതിയിലെത്തുന്നതിന് മുമ്പ് തന്നെ അടുത്ത എൽനിനോ ശക്തി പ്രാപിക്കാൻ തുടങ്ങിയതാണ് വീണ്ടും മത്തി കുറയാനിടയാക്കുന്നത്.

മത്തിയുടെ ഉൽപാദനത്തിലെ കഴിഞ്ഞ 60 വർഷത്തെ ഏറ്റക്കുറച്ചിലുകൾ പഠനവിധേയമാക്കിയതിൽ നിന്നും എൽനിനോയാണ് കേരള തീരത്തെ മത്തിയുടെ ലഭ്യതയെ കാര്യമായി സ്വാധീനിക്കുന്നതെന്ന് സിഎംഎഫ്ആർഐയിലെ ഉപരിതല മത്സ്യഗവേഷണ വിഭാഗം നിഗമനത്തിലെത്തിയത്. 2012ൽ കേരളത്തിൽ റെക്കോർഡ് അളവിൽ മത്തി ലഭിച്ചിരുന്നു. എന്നാൽ, എൽ നിനോയുടെ വരവോടെ അടുത്ത ഓരോ വർഷങ്ങളിലും ഗണ്യമായി കുറവുണ്ടായി. 2015ൽ എൽനിനോ തീവ്രതയിലെത്തിയതിനെ തുടർന്ന് 2016ൽ മത്തിയുടെ ലഭ്യത വൻതോതിൽ കുറഞ്ഞു. പിന്നീട,് എൽനിനോയുടെ ശക്തി കുറഞ്ഞതോടെ 2017ൽ മത്തിയുടെ ലഭ്യതയിൽ നേരിയ വർധനവുണ്ടായി. എൽനിനോ വീണ്ടും സജീവമായത് കഴിഞ്ഞ വർഷം (2018) മത്തിയുടെ ഉൽപാദനത്തിൽ മാന്ദ്യം അനുഭവപ്പെടാനും കാരണമായി.

വരും നാളുകളിൽ എൽനിനോ കൂടുതൽ ശക്തി പ്രാപിക്കുമെന്ന് അന്താരാഷ്ട്ര ഏജൻസിയായ അമേരിക്കയിലെ നാഷണൽ ഓഷ്യാനിക് ആന്റ് അറ്റ്‌മോസഫറിക് അഡ്മിനിസ്‌ട്രേഷൻ കഴിഞ്ഞ മാസം  (ഡിസംബർ 2018) മുന്നറിയിപ്പ് നൽകിയിരുന്നു. 2018ൽ എൽനിനോ തുടങ്ങിയെന്നും 2019ൽ താപനിലയിൽ കൂടുതൽ വർധനവുണ്ടാകുമെന്നും ലോക കാലാവസ്ഥാ സംഘനയും ദേശീയ കാലാവസ്ഥാ വകുപ്പും (ഐഎംഡി) പ്രസ്താവിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വരും വർഷങ്ങളിൽ മത്തിയുടെ ലഭ്യതയിൽ കുറവുണ്ടായേക്കുമെന്ന് സിഎംഎഫ്ആർഐ മുന്നറിയിപ്പ് നൽകുന്നത്.

2015-16 വർഷങ്ങളിൽ എൽനിനോ തീവ്രതയിലെത്തിയതിനെ തുടർന്ന് കേരള തീരങ്ങളിലെ മത്തിയിൽ വളർച്ചാ മുരടിപ്പും പ്രജനന പരാജയവും സംഭവിച്ചിരുന്നുവെന്ന് ഈ മേഖലയിൽ പഠനം നടത്തുന്ന സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ ഇ എം അബ്ദുസ്സമദ് പറഞ്ഞു. ഇതിൽ നിന്നും മുക്തി നേടി മത്തിയുടെ സമ്പത്ത് കടലിൽ പൂർണ സ്ഥിതിയിലെത്തുന്നതിന് മുമ്പ് അടുത്ത എൽനിനോ ആരംഭിച്ചതാണ് ഇപ്പോൾ ആശങ്കയുളവാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കടലിന്റെ ആവാസവ്യവസ്ഥയിലെ ചെറിയ മാറ്റങ്ങൾ വരെ മത്തിയെ ബാധിക്കും. ഇന്ത്യൻ തീരങ്ങളിൽ, എൽനിനോയുടെ പ്രതിഫലനം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് കേരള തീരത്താണ്. അത് കൊണ്ട് തന്നെ, മത്തിയുടെ ഉൽപാദനത്തിൽ ഏറ്റവും കൂടുതൽ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടുന്നതും ഇവിടെയാണ്. എൽനിനോ പ്രതിഭാസം ഈ തീരങ്ങളിലെ മത്തിയുടെ വളർച്ചയെയും പ്രത്യുൽപാദന പ്രക്രിയയെും സാരമായി ബാധിക്കുന്നതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. മാത്രവുമല്ല, എൽനിനോ കാലത്ത് കേരള തീരങ്ങളിൽ നിന്നും മത്തി ചെറിയ തോതിൽ മറ്റ് തീരങ്ങളിലേക്ക് പാലായനം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

chandrika: