X

വിളിച്ച് വരുത്തുന്നത് പ്രത്യേക യോഗമെന്ന പേരില്‍ ഇടത് പ്രചരണത്തിന് തൊഴിലുറപ്പ് തൊഴിലാളികളും


കണ്ണൂര്‍: സംസ്ഥാനത്തെ ചില മേഖലകളില്‍ ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി വോട്ട് ചോദിക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികളും. തൊഴിലാളികളെ ഒരുമിച്ച് കൂട്ടുന്നത് ത്രിതല പഞ്ചായത്ത് യോഗമെന്ന പേരില്‍.
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളെയാണ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്നത്. നേരത്തെ തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തി ഇടത് സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിന് ഉപയോഗിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് തൊഴിലാളികളെ തന്ത്രപൂര്‍വം വിളിച്ച് കൂട്ടി ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് ചുമതല നല്‍കുന്നത്. ഇതിനെതിരെ പലയിടത്തും പരാതിയുയര്‍ന്നിട്ടുണ്ട്.
പത്തനംതിട്ടയില്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തി പ്രചരണത്തിന് ഉപയോഗിക്കുന്നതിനെതിരെ യുഡിഎഫ് രംഗത്തെത്തിയിരുന്നു. ഇടത് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി സിപിഎം ജില്ലാ കമ്മിറ്റിയംഗത്തിന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ യോഗം വിളിച്ച് കൂട്ടിയായിരുന്നു പ്രചരണത്തിന് നിര്‍ബന്ധിച്ചത്. ഇപ്പോള്‍ കാസര്‍കോട് ലോക്‌സഭ മണ്ഡലത്തിലെ കല്ല്യാശ്ശേരി, പയ്യന്നൂര്‍ നിയോജക മണ്ഡലങ്ങളിലുള്‍പ്പെടെ സിപിഎം കേന്ദ്രീകൃത മേഖലയിലാണ് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് പ്രചാരണ പ്രവര്‍ത്തനം.
യുഡിഎഫ് കേന്ദ്രങ്ങളിലും തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് വീട് കയറി പ്രചരണം നടക്കുന്നതായി പരാതിയുയര്‍ന്നിട്ടുണ്ട്. കണ്ണൂര്‍ മണ്ഡലത്തിലെ ചില മേഖലകളിലും തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് പ്രചരണ പ്രവര്‍ത്തനം നടക്കുന്നതായാണ് വിവരം. വനിതാ മതിലുമായി സഹകരിക്കാത്ത തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിച്ചത് വിവാദമായിരുന്നു. വനിതാ മതിലുമായി ബന്ധപ്പെട്ട് സ്വീകരിച്ച പ്രതികാര നടപടിയില്‍ ഭയന്നാണ് പലരും ഇടതിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഭാഗമാകുന്നത്.
തൊഴിലുറപ്പ് പദ്ധതിയിലെ മുന്നേറ്റം സംസ്ഥാന സര്‍ക്കാറിന്റെ നേട്ടമായി ഉയര്‍ത്തിക്കാട്ടിയാണ് പ്രചരണം. തൊഴിലുറപ്പ് തൊഴിലാളികളുടെ അജ്ഞതയും മുതലെടുത്താണ് പ്രചരണത്തിന് ഉപയോഗപ്പെടുത്തുന്നത്. 2004ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു ഒരു വര്‍ഷം കുറഞ്ഞത് നൂറ് തൊഴില്‍ ദിനങ്ങള്‍ നല്‍കുന്ന പദ്ധതി. ഒന്നാം യുപിഎ സര്‍ക്കാറിന്റെ കാലത്ത് യിപിഎ അധ്യക്ഷ സോണിയാഗാന്ധി വിദേശ എന്‍ജിഒയുമായി ചര്‍ച്ച ചെയ്ത് കൊണ്ടുവന്ന സ്വപ്‌ന പദ്ധതിയാണ് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. പദ്ധതി പൂര്‍ണ്ണമായും കോണ്‍ഗ്രസ് ആശയമാണ്.
എന്നാല്‍ തൊഴിലുറപ്പ് പദ്ധതി തങ്ങളുടെ നേട്ടമായി ഉയര്‍ത്തിക്കാട്ടിയാണ് ഇടത് മുന്നണി വോട്ട് തേടുന്നത്. തൊഴിലുറപ്പ് തൊഴിലാളികളിലൂടെ തന്നെ സാധാരണക്കാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലാണ് ഇടത് പ്രചരണം.

web desk 1: