X

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ് പെരുമാറ്റച്ചട്ടം ‘മോദിച്ചട്ട’മോ?

സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാറിന്റെയും വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്തതില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാതൃകാ പെരുമാറ്റച്ചട്ടം(എം.എം.സി) ഇതോടെ മോദി പെരുമാറ്റച്ചട്ടമായി അധഃപ്പതിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ഇന്ത്യന്‍ സേനയെ മോദിജിയുടെ സേന എന്ന് വിശേഷിപ്പിച്ച ആദിത്യനാഥിന്റെ പരാമര്‍ശമാണ് വിവാദമായത്. ഇതിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. രാജ്യത്തിന്റെ പൊതു സ്വത്തായ സൈന്യത്തെ ഒരു വ്യക്തിയുടെ മാത്രം സേനയായി ചുരുക്കിക്കെട്ടുക വഴി ഇന്ത്യന്‍ സൈന്യത്തെയാണ് ആദിത്യനാഥ് അവഹേളിച്ചിരിക്കുന്നതെന്നും പൊതു സ്ഥാപനങ്ങളെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗപ്പെടുത്തിയത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും ആരോപിച്ചായിരുന്നു കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തു നല്‍കിയിരുന്നത്. എന്നാല്‍ ആദിത്യനാഥിന് പ്രേമലേഖനമെഴുതുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്യുന്നത്.
ഔദ്യോഗിക പദവിയിലിരുന്ന് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലെ വാഗ്ദാനമായ ന്യായ് പദ്ധതിയെ വിമര്‍ശിക്കുക വഴി നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ ഗുരുതര ചട്ട ലംഘനമാണ് നടത്തിയതെന്ന് ആരോപിച്ചും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തു നല്‍കിയിരുന്നു. എന്നാല്‍ മേലില്‍ ആവര്‍ത്തിക്കരുതെന്ന് രാജീവ് കുമാറിന് താക്കീത് നല്‍കുക മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയതത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരത്തിനു നേരെ തിരിച്ചുപിടിച്ച കണ്ണാടിയാണ് കമ്മീഷന്റെ ഈ കത്ത്. കമ്മീഷന്‍ എത്ര ദുര്‍ബലമാണെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു. അധികാരത്തിലിരിക്കുന്നവര്‍ക്കു മുമ്പില്‍ സത്യം തുറന്നുകാട്ടുന്നതില്‍ എന്തിനാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ മടി കാണിക്കുന്നതെന്നും സുര്‍ജേവാല ചോദിച്ചു.

web desk 1: