X
    Categories: MoreViews

ഡല്‍ഹിയില്‍ ആപ്പിന് തിരിച്ചടി; 20 എം.എല്‍.എമാരെ അയോഗ്യരാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: അരവിന്ദ് കേജ്‌രിവാളിനി കീഴിലെ ഡല്‍ഹിയിലെ ആംആദ്മി സര്‍ക്കാരിന് തെരഞ്ഞെടുപ്പു കമ്മീഷന്‍ വക കനത്ത പ്രഹരം. ഇരട്ടപ്പദവി വിഷയത്തില്‍ ഡല്‍ഹി നിയമസഭയിലെ ആം ആദ്മി പാര്‍ട്ടിയുടെ 20 എം.എല്‍.എമാരെ അയോഗ്യരാക്കിയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമാണ് ആപ്പിന് തിരിച്ചടിയായത്.

വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന യോഗത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. 20 എം.എല്‍.എമാരെയും അയോഗ്യരാക്കുന്നതിനുള്ള ശുപാര്‍ശ കമ്മീഷന്‍ രാഷ്ട്രപതിക്ക് അയച്ചു.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് ആപ്പിനെതിരെ ഇരട്ട പ്രതിഫലം പറ്റുന്നതുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നത്. അധികാരമേറ്റ് ഒരുമാസത്തിനുള്ളില്‍ 21 എഎപി എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി കേജ്‌രിവാള്‍ സര്‍ക്കാര്‍ നിയമിച്ചതാണ് ആരോപണത്തിന് കാരണം.

2015 മാര്‍ച്ചില്‍ ആപ്പ് സര്‍ക്കാര്‍ നടത്തിയ നിയമനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു. പാര്‍ലമെന്ററി സെക്രട്ടറിമാരുടേതു പ്രതിഫലം പറ്റുന്ന പദവിയാണെന്നും അതിനാല്‍ 21 എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കിയത്. ആരോപണത്തെ പ്രതിരോധിച്ച് ഡല്‍ഹി സര്‍ക്കാറും രംഗത്തെത്തിയതോടെ വിഷയം കോടതിയിലും എത്തി. എന്നാല്‍ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഡല്‍ഹി ഹൈക്കോടതി തെരഞ്ഞെടുപ്പു കമ്മിഷനെ ചുമതലപ്പെടുത്തുകയായിരുന്നു.

ഡല്‍ഹിയിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് കൂടി പൂര്‍ത്തിയായ ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയിലേക്ക് നീങ്ങിയത്. അതേസമയം കമ്മീഷന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു. വിഷയത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനിയി ആപ്പ് ഇന്ന് വൈകി അടിയന്തര യോഗം ചേരുന്നുണ്ട്. എന്നാല്‍ 70 അംഗ നിയമസഭയില്‍ 66 പേരുടെ മൃഗീയ ഭൂരിപക്ഷമുള്ള കെജ്‌രിവാള്‍ സര്‍ക്കാറിന് 20 പേരുടെ അയോഗ്യത തിരിച്ചടിയാവില്ല. 20 പേര്‍ പുറത്തായാലും 46 പേരുടെ പിന്തുണ ഇനിയും സര്‍ക്കാരിനുണ്ടാവും.

നേരത്തെ 21 എം.എല്‍.എമാര്‍ക്കെതിരെയായിരുന്നു പരാതിയെങ്കിലും, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ രജൗരി ഗാര്‍ഡനിലെ എംഎല്‍എ സ്ഥാനം രാജിവച്ച ജര്‍ണൈല്‍ സിങ്ങിനെ കേസില്‍നിന്ന് ഒഴിവായിരുന്നു.

chandrika: