X
    Categories: indiaNews

തിരഞ്ഞെടുപ്പ് സൗജന്യം; ഇടപെടലിന് ഒരുങ്ങി സി.എ.ജിയും

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ സൗജന്യ വാഗ്ദാനങ്ങള്‍ക്ക് തടയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനു പിന്നാലെ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലും (സി.എ.ജി) നടപടിക്ക് ഒരുങ്ങുന്നു. അമിത സബ്‌സിഡി ഭാരം, ബജറ്റ് ഇതര കടമെടുക്കല്‍, നികുതി ഇളവുകളും നികുതി എഴുതിത്തള്ളലും, വായ്പാ ഇളവുകളും വായ്പാ എഴുതിത്തള്ളലും എന്നിവക്ക് നിയന്ത്രണം കൊണ്ടുവരാനാണ് നീക്കം. ഇതിനായി പ്രത്യേക മാനദണ്ഡം തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് സി.എ.ജി. സംസ്ഥാനങ്ങളുടെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാന്‍ എന്ന പേരിലാണ് സി.എ.ജി നിയന്ത്രണം കര്‍ശനമാക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സി.എ.ജി അഡൈ്വസറി ബോര്‍ഡിലാണ് ഇതുസംബന്ധിച്ച നീക്കങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

തിരഞ്ഞെടുപ്പ് സൗജന്യങ്ങള്‍ ചോദ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയതിനു പിന്നാലെയാണ് വിഷയത്തില്‍ സുപ്രീംകോടതി ഇടപെടുകയും തിരഞ്ഞെടുപ്പ് കമ്മീഷനോട് നിലപാട് ആരായുകയും ചെയ്തത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന സൗജന്യ വാഗ്ദാനങ്ങള്‍, പിന്നീട് ഈ കക്ഷി അധികാരത്തില്‍ വരുമ്പോള്‍ പൊതുഖജനാവിനു മേല്‍ വലിയ ബാധ്യത വരുത്തിവെക്കുന്നുവെന്നായിരുന്നു വാദം. സൗജന്യ വാഗ്ദാനങ്ങള്‍ നിയന്ത്രിക്കണമെന്ന വാദത്തെ കോടതിയില്‍ അനുകൂലിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍, ഇതിനുള്ള നടപടികള്‍ ആലോചിച്ചു വരികയാണെന്നും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സി.എ.ജിയുടെ ഭാഗത്തുനിന്നും ഇതേ ദിശയില്‍ നീക്കം തുടങ്ങിയത്. സംസ്ഥാന സര്‍ക്കാറുകളുടെ സാമ്പത്തിക ഇടപാടുകള്‍ ഓഡിറ്റ് നടത്തുന്ന സ്വയംഭരണ സ്ഥാപനം എന്ന നിലയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനേക്കാള്‍ കൂടുതല്‍ ഫലപ്രദമായ ഇടപെടലിന് ഇക്കാര്യത്തില്‍ സി.എ.ജിക്ക് കഴിയുമെന്നാണ് വിലയിരുത്തല്‍.

അതേസമയം കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തോട് ബി.ജെ.പിയിതര കക്ഷികളുടെ നേതൃത്വത്തിലുള്ള പല സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കടുത്ത എതിര്‍പ്പാണുള്ളത്. എ.എ.പി അടക്കമുള്ള കക്ഷികള്‍ ഇതിനെതിരെ പരസ്യമായി രംഗത്തു വരികയും ചെയ്തിരുന്നു. വൈദ്യുതി നിരക്കിലെ ഇളവുകള്‍, കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍ തുടങ്ങിയ ജനകീയ വാഗ്ദാനങ്ങളിലൂടെയാണ് ആം ആദ്മി സര്‍ക്കാര്‍ ആദ്യം ഡല്‍ഹിയിലും പിന്നീട് പഞ്ചാബിലും അധികാരം പിടിച്ചത്. ഇപ്പോള്‍ ഗുജറാത്തില്‍ എ.എ.പി മുന്നോട്ടു വെക്കുന്ന പ്രധാന തിരഞ്ഞെടുപ്പ് തന്ത്രവും ഇതേ സൗജന്യ വാഗ്ദാനങ്ങള്‍ തന്നെയാണ്.

web desk 3: