X

സംസ്ഥാനത്ത് പോരാട്ട ചിത്രം തെളിഞ്ഞു; ആകെ 957 സ്ഥാനാര്‍ഥികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോരാട്ടച്ചിത്രം തെളിഞ്ഞു. 140 മണ്ഡലത്തിലായി 957 പേരാണ് മത്സരിക്കുന്നത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ ഇന്നലെ 104 പേരാണ് പത്രിക പിന്‍വലിച്ചത്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത് മലപ്പുറം ജില്ലയിലാണ്; 111 പേര്‍. കുറവ് വയനാട്ടില്‍ 18 പേര്‍.

കാസര്‍കോട് 38, കണ്ണൂര്‍ 75, കോഴിക്കോട് 96, പാലക്കാട് 73, തൃശൂര്‍ 77, എറണാകുളം 99, ഇടുക്കി 27, കോട്ടയം 66, പത്തനംതിട്ട 39, ആലപ്പുഴ 60, കൊല്ലം 79, തിരുവനന്തപുരം 99 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ ജനവിധി തേടുന്നവരുടെ എണ്ണം. ഇടുക്കിയിലെ ദേവികുളം മണ്ഡലത്തില്‍ മൂന്ന് സ്ഥാനാര്‍ഥികള്‍ മാത്രമാണുള്ളത്.

സംസ്ഥാനത്തെ ഏഴ് മണ്ഡലത്തില്‍ 11 സ്ഥാനാര്‍ഥികള്‍ വീതമുണ്ട്. കാഞ്ഞങ്ങാട്, പേരാവൂര്‍, മണ്ണാര്‍ക്കാട്, തൃത്താല, കൊടുവള്ളി, പാലാ, നേമം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ജനവിധി തേടുന്നത്. ആകെ ലഭിച്ചത് 2180 പത്രികയാണ്. ശനിയാഴ്ച സൂക്ഷ്മ പരിശോധനക്കുശേഷം 1061 സ്ഥാനാര്‍ഥികളായി കുറഞ്ഞിരുന്നു.

തലശേരി, ഗുരുവായൂര്‍, ദേവികുളം മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശപത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളിയിരുന്നു. ജില്ലകളില്‍നിന്ന് സ്ഥാനാര്‍ഥിപ്പട്ടിക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഇമെയിലായും രേഖാമൂലവും എത്തിക്കും. ചൊവ്വാഴ്ച ബാലറ്റ്‌പേപ്പര്‍ അച്ചടിക്കുള്ള നടപടികള്‍ക്ക് തുടക്കമാകും. 1,41,62,025 സ്ത്രീകളും 1,32,83,724 പുരുഷന്മാരും 290 ട്രാന്‍സ്‌ജെന്‍ഡര്‍മാരുമടക്കം 2,74,46,039 വോട്ടര്‍മാരാണ് ഏപ്രില്‍ ആറിന് പോളിങ് ബൂത്തിലെത്തുക.

web desk 1: