X

മലപ്പുറം തെരഞ്ഞെടുപ്പ് ചൂടിലേക്ക്

മലപ്പുറം: ഏപ്രില്‍ 12ന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മലപ്പുറം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്. മുന്‍ എം.പി ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഹരിത കോട്ടയായ മലപ്പുറം മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അഹമ്മദ് സാഹിബ് തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ലക്ഷ്യമിട്ട് യു.ഡി.എഫ് പ്രചാരണ രംഗത്ത് സജീവമാകും. തെരഞ്ഞെടുപ്പിന് വെറും 33 ദിവസം മാത്രമാണ് ബാക്കിയുള്ളത്. വിജ്ഞാപനം വരുന്നതോടെ ജില്ല തെരഞ്ഞെടുപ്പിന്റെ ആരവങ്ങളിലലിയും.

1,94,739 വോട്ടിന്റെ ഭൂരിപക്ഷമെന്ന സംസ്ഥാന റെക്കാര്‍ഡുമായാണ് ഇ. അഹമ്മദ് 2014ലെ തെരഞ്ഞെടുപ്പില്‍ വിജയ കിരീടം ചൂടിയത്. 437,723 വോട്ട് അഹമ്മദ് നേടിപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ സൈനബക്ക് 2,42,984 വോട്ടാണ് ലഭിച്ചത്. അന്നത്തെ ബി.ജെ.പി സ്ഥാനാര്‍ഥി 64705 വോട്ടും നേടി. യു.ഡി.എഫ് ചെയ്തുവെച്ച വികസന തുടര്‍ച്ച തന്നെയായിരുന്നു ചരിത്ര വിജയത്തിന് നിദാനം. പോസ്റ്റല്‍ വോട്ടില്‍ നേടിയ ആറ് വോട്ടിന്റെ ലീഡ് ഒഴിച്ചുനിര്‍ത്തിയാല്‍ ഏഴ് നിയോജക മണ്ഡലങ്ങളിലും ഇ.അഹമ്മദ് ഏറെ മുന്നിലായിരുന്നു. വേങ്ങര 42,632 വോട്ടിന്റെയും മലപ്പുറം -36,324, കൊണ്ടോട്ടി 31,717, മഞ്ചേരി 26,062, പെരിന്തല്‍മണ്ണ 10,614, മങ്കട 23461, വള്ളിക്കുന്ന് 23,935 എന്നിങ്ങനെയായിരുന്നു തെരഞ്ഞെടുപ്പിലെ ലീഡ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ ഈ മുന്നേറ്റം ഉപതെരഞ്ഞെടുപ്പെന്ന അനിവാര്യതയെ തെല്ലും ആശങ്കയില്ലാതെയാണ് നേരിടുന്നത്.
യു.ഡി.എഫ് തെരഞ്ഞെടുപ്പിന് സജ്ജമാണെന്ന് യു.ഡി.എഫ് നേതാക്കള്‍ വാര്‍ത്താ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന മുറക്ക് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെയുള്ള ജനവികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികള്‍ വൈകാതെ ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഇതു സംബന്ധിച്ച നിര്‍ദേശങ്ങളൊന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് ലഭിച്ചിട്ടില്ല. നിര്‍ദ്ദേശം ലഭിക്കുന്നതോടെ ആദ്യം വോട്ടിങ് മെഷീനുകളുടെ പ്രവര്‍ത്തനക്ഷമത വിലയിരുത്തും. ജില്ലയുടെ പകുതിയോളം ഭാഗം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനാല്‍ വലിയ മുന്നൊരുക്കങ്ങള്‍ ആവശ്യമാണെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.

chandrika: