X

ഇലക്ടറൽ ബോണ്ട്: നഷ്ടത്തിലോടുന്ന 33 കമ്പനികൾ സംഭാവന നൽകിയത് 582 കോടി, 75 ശതമാനവും പോയത് ബി.ജെ.പിക്ക്

വര്‍ഷങ്ങളായി നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന 33 കമ്പനികള്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങി രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവനയായി നല്‍കിയത് 582 കോടി രൂപ. ഇതിന്റെ 75 ശതമാനവും, അതായത് 434.2 കോടി രൂപ, എത്തിയത് ബി.ജെ.പിയുടെ അക്കൗണ്ടിലാണ്.

നഷ്ടമുണ്ടാക്കുന്ന ഈ കമ്പനികള്‍ നല്‍കിയ സംഭാവനയുടെ കണക്കുകള്‍, ഈ കമ്പനികള്‍ മറ്റ് കമ്പനികളുടെ മുഖമായി പ്രവര്‍ത്തിക്കുകയോ, അല്ലെങ്കില്‍ ലാഭനഷ്ടങ്ങള്‍ തെറ്റായി കാണിക്കുകയോ ചെയ്യുന്നവയാകാമെന്നും കള്ളപ്പണം വെളുപ്പിക്കല്‍ പോലെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നതാണെന്നും ‘ദ ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്യുന്നു.

33 കമ്പനികള്‍ 2016-17 സാമ്പത്തിക വര്‍ഷം മുതല്‍ 2022-23 വരെ തുടര്‍ച്ചയായ 7 വര്‍ഷം നഷ്ടത്തിലാണെന്ന് കണക്കുകള്‍ കാണിച്ച കമ്പനികളാണ്. ഇവയുടെയെല്ലാം ചേര്‍ന്നുള്ള നഷ്ടം ലക്ഷം കോടിക്ക് മുകളിലാണ്.

കോടികള്‍ സംഭാവനയായി നല്‍കിയ 45 കമ്പനികളുടെ സാമ്പത്തിക സ്രോതസ്സ് സംശയാസ്പദമാണെന്ന് ‘ദി ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിലുള്‍പ്പെടുന്നതാണ് നഷ്ടത്തിലായിട്ടും കോടികള്‍ സംഭാവന നല്‍കിയ 33 കമ്പനികള്‍. ഇതിന് പുറമേയുള്ള ആറ് കമ്പനികള്‍ ചേര്‍ന്ന് ഇലക്ടറല്‍ ബോണ്ട് വഴി സംഭാവന നല്‍കിയത് 646 കോടിയാണ്.

ഇതില്‍ 93 ശതമാനവും പോയത് ബി.ജെ.പിക്കാണ്. ആറ് കമ്പനികളും ലാഭത്തിലുള്ളവയാണെങ്കിലും സംഭാവന ചെയ്ത തുക ഇവയുടെ പ്രവര്‍ത്തന ലാഭത്തേക്കാളും കൂടുതലാണ്. ഇവ മറ്റ് കമ്പനികള്‍ക്ക് വേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുകയോ അല്ലെങ്കില്‍ ലാഭനഷ്ടക്കണക്കുകള്‍ തെറ്റായി കാണിക്കുകയോ ചെയ്തിരിക്കാമെന്നാണ് നിഗമനം.

സംശയാസ്പദമായ 45 കമ്പനികളിലെ മൂന്ന് കമ്പനികള്‍ ആകെ സംഭാവന നല്‍കിയത് 193.8 കോടിയാണ്. ഇതില്‍ 28.3 കോടി ബി.ജെ.പിക്ക് കിട്ടി. തൃണമൂലിന് 45.9 കോടിയും ബി.ആര്‍.എസിനും ബി.ജെ.ഡിക്കും 10 കോടി വീതവും ആപ്പിന് ഏഴ് കോടിയും ലഭിച്ചു. ഈ കമ്പനികള്‍ ലാഭത്തിലോടുന്നവയാണെങ്കിലും 2016-17 മുതല്‍ 2022-23 വരെ ഡയറക്ട് ടാക്‌സ് അടച്ചിട്ടില്ല. ഇത്തരം കമ്പനികള്‍ നികുതിവെട്ടിപ്പ് നടത്തിയിരിക്കാമെന്നാണ് അനുമാനം.

45ല്‍ അവശേഷിക്കുന്ന മറ്റ് മൂന്ന് കമ്പനികള്‍ 16.4 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടാണ് വാങ്ങിയത്. 30 ശതമാനം (4.9 കോടി) ബി.ജെ.പിക്കും ആറ് ശതമാനം വീതം അകാലിദളിനും ജെ.ഡി.യുവിനും ലഭിച്ചു. ഈ മൂന്ന് കമ്പനികള്‍ ഏഴ് വര്‍ഷമായി ലാഭ-നഷ്ടക്കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ലാത്തവയാണ്. ഇവ കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഷെല്‍ കമ്പനികളായി പ്രവര്‍ത്തിക്കുന്നവയാണെന്ന സംശയമാണുയരുന്നത്.

webdesk13: