X

2000 രൂപ വന്നിരുന്നവര്‍ക്ക് അറുപതിനായിരം രൂപ വരെ വൈദ്യുതി ബില്‍; കെ.എസ്.ഇ.ബി ഓഫീസിന് മുന്നില്‍ പ്രതിഷേധം

തൊടുപുഴയില്‍ കെ.എസ്.ഇ.ബിയുടെ ബില്ലടിക്കല്‍ തോന്നുംപടിയെന്ന് പരാതി. 2000 രൂപ ബില്‍ വന്നിരുന്നവര്‍ക്ക് അറുപതിനായിരം രൂപ വരെ ബില്‍ തുക വന്നതായി വിമര്‍ശനം.
നൂറുകണക്കിന് പേരാണ് ഉപയോഗിക്കാത്ത വൈദ്യുതിയ്ക്ക് ബില്‍ വന്നു എന്ന പരാതിയുമായി സമീപിച്ചത്. തൊടുപുഴ കെ.എസ്.ഇ.ബി. ഓഫീസിനു മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.

തൊടുപുഴ, വേങ്ങല്ലൂര്‍ ഭാഗങ്ങളിലുള്ള മുന്നൂറോളം പേര്‍ക്കാണ് ഇത്തരത്തില്‍ അമിത ചാര്‍ജ് ഈടാക്കിയത്. ഇവരില്‍ ഭൂരിഭാഗം പേരും ആയിരം രൂപയില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്നവരാണ്.

ശരാശരി ആയിരം രൂപയാണ് ഇവരുടെ വൈദ്യുതി നിരക്ക്. വേനല്‍ക്കാലത്ത് പല വീടുകളിലും എസി ഉപയോഗം വര്‍ദ്ധിച്ചിരുന്നു. എ.സി. ഉപയോഗിച്ചതിനാലാണ് വൈദ്യുതി ചാര്‍ജ് വര്‍ദ്ധിച്ചത് എന്ന് തെറ്റിദ്ധരിച്ച് ഈ ബില്‍ അടച്ചവരുമുണ്ട്.

മീറ്റര്‍ റീഡിങ് എടുക്കാനെത്തിയവര്‍ക്ക് സംഭവിച്ച അബദ്ധമാണെന്നും റീഡിങ്ങില്‍ സംഭവിച്ച പിഴവാണെന്നുമാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം. ഇപ്പോള്‍ ലഭിച്ച ബില്‍ അടയ്‌ക്കേണ്ടതില്ലെന്നും ശരാശരി ലഭിക്കാറുള്ള തുക മാത്രം അടച്ചാല്‍ മതിയെന്നും കെ.എസ്.ഇ.ബി. ഉറപ്പു നല്‍കിയിട്ടുണ്ട്.

 

webdesk13: