X

വൈദ്യുതി ഉപയോഗം 11 കോടി യൂണിറ്റിനു മുകളിൽ തുടരുന്നു; താഴേക്കെത്തിക്കാന്‍ വഴി തേടി കെഎസ്ഇബി

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം പതിനൊന്ന്‌ കോടി യൂണിറ്റിനു മുകളില്‍ തുടരുന്നു. 112.52 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ ആകെ ഉപയോഗം. പീക്ക് ടൈം ആവശ്യകതയും കൂടിയതായാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. 5754 മെഗാവാട്ടായിരുന്നു ഇന്നലെ പീക് ആവശ്യകത.

ഇതിനിടെ സംസ്ഥാനത്തെ റെക്കോര്‍ഡ് കടക്കുന്ന വൈദ്യതി ഉപയോഗത്തെ പിടിച്ചുനിര്‍ത്താന്‍ ഊര്‍ജിത ശ്രമം നടത്തുകയാണ് കെഎസ്ഇബി. എല്ലാ പ്രദേശങ്ങളിലെയും സ്ഥിതിഗതികള്‍ എകോപിപ്പിക്കാന്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗുണകരമായതോടെ കൂടുതല്‍ ഇടങ്ങളില്‍ നിയന്ത്രണം വരും.

അതിനിടെ ചൂടത്തും കറന്റ് കട്ടാകുന്നത് മലയാളിയെ പൊള്ളിക്കുകയാണ്. രാത്രി ഏഴിനും പുലര്‍ച്ചെ രണ്ടിനുമിടയില്‍ 10 മിനുട്ട് നേരത്തേക്കാണ് വൈദ്യുതി നിയന്ത്രണമെങ്കിലും, അസഹനീയമായ ചൂട് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. 10 മിനിറ്റ് മാറി രണ്ട് സെക്കന്റ് പോലും, ഫാനോ എസിയോ ഇല്ലാതെ പറ്റില്ലെന്ന സ്ഥിതിയിലേക്ക് മാറിക്കഴിഞ്ഞു. എന്നാല്‍ വൈദ്യുതി നിയന്ത്രണത്തോട് ജനങ്ങള്‍ സഹകരിച്ചാല്‍ നിലവിലെ പ്രതിസന്ധിക്ക് ചെറുതായെങ്കിലും പരിഹാരം കാണാന്‍ കഴിയുമെന്നാണ് കണക്ക് കൂട്ടല്‍.

രണ്ട് ദിവസമായി തുടരുന്ന നിയന്ത്രണം ഗുണം ചെയ്തിട്ടുണ്ടെന്ന വിലയിരുത്തലിന് പിന്നാലെ, വൈദ്യുതി നിയന്ത്രണം തുടരാനും കൂടുതല്‍ ഇടത്തേക്ക് വ്യാപിപ്പിക്കാനുമാണ് ശ്രമം. ഒപ്പം സംസ്ഥാനത്തെ ഏത് ഭാഗത്തെയും വൈദ്യുതി പ്രശ്‌നം പരിഹരിക്കാനും സ്ഥിതിഗതികള്‍ എകോപിപ്പിക്കാനുമായി തുടങ്ങിയ കണ്ട്രോള്‍ റൂം തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു.

ഫീഡറുകളിലെ ഓവര്‍ലോഡ്, സബ്‌സ്റ്റേഷനുകളിലെ ലോഡ് ക്രമീകരണം എന്നിവയടക്കം ഇനി ഇവിടെ നിന്നാണ് എകോപിപ്പിക്കുക. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാകുന്നതുവരെ കണ്ട്രോള്‍ റൂം പ്രവര്‍ത്തിക്കും. അതേസമയം വ്യവസായശാലകള്‍ക്കും, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും നല്‍കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടാല്‍ ഒരു പരിധിവരെ നിയന്ത്രണം സാധ്യമാകും എന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. എന്നാല്‍ ഇതേ തോതില്‍ ചൂടു തുടര്‍ന്നാല്‍, അത് വലിയ പ്രതിസന്ധി ഉണ്ടാക്കും.

 

webdesk13: