X

നവകേരള ബസിന്‍റെ കന്നിയാത്രയില്‍ തന്നെ കല്ലുകടി: തനിയെ തുറന്ന് ഡോർ; യാത്ര തുടർന്നത് യാത്രക്കാരുടെ ബാഗിന്‍റെ വള്ളി കൊണ്ട് കെട്ടിവെച്ച്

കന്നിയാത്രയില്‍ തന്നെ വാതില്‍ പണിമുടക്കി നവകേരള ബസ്. നവകേരള ബസിന്റെ കോഴിക്കോട്-ബംഗളൂരു ആദ്യ സര്‍വീസിന് ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് തുടക്കമായത്. യാത്ര ആരംഭിച്ചതിന് പിന്നാലെ ബസിന്റെ വാതില്‍ തനിയെ തുറക്കുകയായിരുന്നു. താല്‍ക്കാലികമായി വാതില്‍ യാത്രക്കാരുടെ ബാഗിന്റെ വള്ളി കൊണ്ട് കെട്ടിവെച്ചാണ് ബസ് യാത്ര പുനഃരാരംഭിച്ചത്. തുടര്‍ന്ന് ബത്തേരി ഡിപ്പോയില്‍ എത്തി വാതിലിന്റെ തകരാര്‍ പരിഹരിച്ചു. എമര്‍ജന്‍സി എക്‌സിറ്റ് സ്വിച്ച് ഓണ്‍ ആയി കിടന്നതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് സൂചന.

യാത്ര തുടങ്ങി അല്‍പ്പസമയത്തിനകം തന്നെ ബസിന്റെ ഹൈഡ്രോളിക് ഡോര്‍ തനിയെ തുറക്കുകയായിരുന്നു. ബസിന്റെ ഡോര്‍ ഇടയ്ക്കിടെ തുറക്കാന്‍ തുടങ്ങിയതോടെ ശക്തമായി കാറ്റ് അടിച്ചുകയറുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായി. തുടര്‍ന്ന് കാരന്തൂര്‍ എത്തിയപ്പോള്‍ ബസ് നിര്‍ത്തി. യാത്രക്കാരുടെ ബാഗിന്റെ വള്ളി ഉപയോഗിച്ച് വാതില്‍ കെട്ടിവെച്ച് യാത്ര തുടരുകയായിരുന്നു.

പിന്നീട് ബത്തേരി ഡിപ്പോയില്‍ എത്തിയാണ് വാതിലിന്റെ തകരാര്‍ പരിഹരിച്ചത്. എമര്‍ജന്‍സി എക്‌സിറ്റ് സ്വിച്ച് ഓണ്‍ ആയി കിടന്നതാണ് വാതില്‍ തനിയെ തുറക്കാന്‍ കാരണമായതെന്നാണ് സൂചന. രാവിലെ 4 മണിക്ക് യാത്ര തുടങ്ങുമെന്നാണ് അറിയിച്ചതെങ്കിലും വൈകി നാലരയോടെയാണ് യാത്ര ആരംഭിച്ചത്. വാതില്‍ പ്രശ്‌നം വന്നതോടെ യാത്ര വീണ്ടും വൈകി.

എല്ലാദിവസവും പുലര്‍ച്ചെ നാലിന് കോഴിക്കോട് നിന്ന് തിരിച്ച് 11.35ന് ബംഗളുരുവില്‍ എത്തും. ഉച്ചയ്ക്ക് 2.30ന് ബംഗളുരുവില്‍ നിന്ന് തിരിച്ച് രാത്രി 10.05ന് കോഴിക്കോട് എത്തിച്ചേരും. 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി ബസുകള്‍ക്കുള്ള അഞ്ച് ശതമാനം ആഡംബര നികുതിയും നല്‍കണം. 25 യാത്രക്കാരാണ് ബസിലുള്ളത്. 26 സീറ്റുള്ളതില്‍ ഒരു സീറ്റ് കണ്ടക്ടറുടേതാണ്. സീറ്റ് നമ്പര്‍ 25ലായിരുന്നു മുഖ്യമന്ത്രി ഇരുന്നത്.

 

webdesk13: