X
    Categories: Views

ഷോക്ക്ട്രീറ്റ്‌മെന്റ്: വീണ്ടും വൈദ്യുതി നിരക്ക് കൂട്ടി

Birds on electrical wire

തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് മേല്‍ കനത്ത ഭാരം അടിച്ചേല്‍പിച്ച് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. പുതുക്കിയ നിരക്ക് ഇന്നുമുതല്‍ നിലവില്‍ വരും. വൈദ്യുതി നിരക്കുവര്‍ധനയുമായി ബന്ധപ്പെട്ട് ചേര്‍ന്ന റെഗുലേറ്ററി കമ്മീഷന്‍ യോഗത്തിലാണ് തീരുമാനം.

യൂണിറ്റിന് 10 മുതല്‍ 30 പൈസ വരെ വര്‍ധിപ്പിക്കാനാണു കമ്മീഷന്‍ അംഗീകാരം നല്‍കിയത്. നിരക്കുവര്‍ധന സംബന്ധിച്ച ശിപാര്‍ശകള്‍ നേരത്തേ കമ്മീഷന്‍ തയാറാക്കിയിരുന്നു. 0-50 യൂണിറ്റ് വരെ 10 പൈസയും 50-100 വരെ 20 പൈസയും 100 യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് 30 പൈസയും വര്‍ധിപ്പിക്കാനാണ് നിര്‍ദേശം. ആയിരം വാട്ട് കണക്ടഡ് ലോഡിന് താഴെയുള്ള ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് 40 യൂണിറ്റുവരെ നിലവിലുള്ള സൗജന്യം തുടരും. 40 യൂണിറ്റില്‍ താഴെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധന ബാധകമാവില്ല.

ഗാര്‍ഹിക, വ്യാവസായിക ഉപയോക്താക്കളെയായിരിക്കും നിരക്കുവര്‍ധന കാര്യമായി ബാധിക്കുക. അതേസമയം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പരമാവധി കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഇവര്‍ക്ക് ബിപിഎല്‍ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കും. നിലവില്‍ യൂണിറ്റിന് 2.80 രൂപാ നിരക്കില്‍ നല്‍കിവരുന്നത് ഇനി 1.50 രൂപക്ക് ലഭിക്കും. നിരക്കു വര്‍ധനയിലൂടെ വൈദ്യുതി ബോര്‍ഡിന് പ്രതിവര്‍ഷം 500 മുതല്‍ 550 കോടി രൂപവരെ അധികം ലഭിക്കും. പുതുക്കിയ നിരക്കനുസരിച്ച് 100 യൂണിറ്റ് വരെ പ്രതിമാസം വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ആനുപാതികമായി 60 രൂപമുതല്‍ 80 രൂപവരെ ദൈ്വമാസ വൈദ്യുതി ബില്‍ത്തുക വര്‍ധിക്കും.
അതേസമയം കാര്‍ഷികാവശ്യത്തിനുള്ള വൈദ്യുതി നിരക്കില്‍ വര്‍ധനയില്ല. കാര്‍ഷിക വിളകള്‍ക്ക് നല്‍കിവരുന്ന കുറഞ്ഞ നിരക്ക് തുടരും. നിലവിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് ബോര്‍ഡിനെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്നും ഇതു പരിഹരിക്കാന്‍ നിരക്ക് വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നുമാണ് വൈദ്യുതി ബോര്‍ഡ് കമ്മീഷന്‍ മുമ്പാകെ സ്വീകരിച്ച നിലപാട്. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിലൂടെ മാസം 75 കോടിയോളം രൂപയുടെ നഷ്ടമുണ്ടാകുന്നതായി ബോര്‍ഡ് കമ്മീഷനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിവര്‍ഷം 500 കോടിയിലേറെ രൂപയുടെ വരുമാന വര്‍ധനവുണ്ടാക്കാന്‍ ലക്ഷ്യമിട്ട് നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്.
വിവിധ ജില്ലകളില്‍ നടത്തിയ സിറ്റിംഗില്‍ പങ്കെടുത്ത വ്യക്തികളും സംഘടനകളും നിരക്കു വര്‍ധന പാടില്ലെന്ന് കമ്മീഷനെ അറിയിച്ചിരുന്നു. കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, തൃശൂര്‍, പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളില്‍ കമ്മീഷന്‍ സിറ്റിംഗ് നടത്തിയിരുന്നു. ഇവിടെയല്ലാം പങ്കെടുത്തവര്‍ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കരുതെന്ന ആവശ്യമാണ് മുന്നോട്ടുവെച്ചത്. എന്നാല്‍ ഇവയൊന്നും കണക്കിലെടുക്കാതെയാണ് വര്‍ധന ശിപാര്‍ശ ചെയ്യാന്‍ റെഗുലേറ്ററി കമ്മീഷന്‍ ശിപാര്‍ശ ചെയ്തത്. നിരക്ക് കൂട്ടാന്‍ റെഗുലേറ്ററി കമ്മീഷന്‍ സ്വമേധയാ സ്വീകരിച്ച നടപടികള്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജിയുണ്ട്. എന്നാല്‍ ഹൈക്കോടതിയില്‍ നിന്നും സ്റ്റേ ഓര്‍ഡറോ മറ്റ് നിര്‍ദേശങ്ങളോ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ റെഗുലേറ്ററി കമ്മീഷന്റെ ശിപാര്‍ശ നടപ്പിലാക്കുന്നതില്‍ ബോര്‍ഡിന് തടസമുണ്ടാകില്ല.

chandrika: