X

ചാറ്റ് ജിപിടി യില്‍ ലോഗിന്‍ ചെയ്ത ഇമെയിലുകള്‍ ചോര്‍ന്നു; മുന്നറിയിപ്പുമായി ഗവേഷകന്‍

ചാറ്റ് ജിപിടിയില്‍ ലോഗിന്‍ ചെയ്ത ഇമെയിലുകളുടെ സ്വകാര്യത ഭീഷണിയിലാണെന്ന മുന്നറിയിപ്പുമായി ഗവേഷക സംഘം. ഓപ്പണ്‍ എ.ഐയുടെ ചാറ്റ് ജിപിടിയ്ക്ക് ശക്തിപകരുന്ന ലാംഗ്വേജ് മോഡലായ ജിപിടി 3.5 ടര്‍ബോയിലെ സ്വകാര്യതാ വീഴ്ചയാണ് ഇന്‍ഡ്യാന യുണിവേഴ്‌സിറ്റി ബ്ലൂമിങ്ടണിലെ പി.എച്ച്.ഡി ഗവേഷകനായ റുയി ഷുവും സംഘവും കണ്ടെത്തിയത്.

ജിപിടി.35 ടര്‍ബോയില്‍ നിന്ന് കണ്ടെത്തിയ ഇമെയിലുകളുടെ ഉടമകളെ ഗവേഷക സംഘം ബന്ധപ്പെട്ടു. ഇക്കൂട്ടത്തില്‍ ന്യൂയോര്‍ക്ക് ടൈംസ് ജീവനക്കാരുടെ ഇമെയിലുകളും ഉണ്ടായിരുന്നു.വ്യക്തിവിവരങ്ങള്‍ ഓര്‍ത്തെടുക്കാനുള്ള ജിപിടി-3.5 ടര്‍ബോയുടെ കഴിവാണ് പതിവ് സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് ഗവേഷകര്‍ ഇതിനായി പ്രയോജനപ്പെടുത്തിയത്. തിരഞ്ഞ 80 ശതമാനം ന്യൂയോര്‍ക്ക് ടൈംസ് ജീവനക്കാരുടെയും ഇമെയിലുകള്‍ കൃത്യമായി തന്നെ ലഭിച്ചു. ചാറ്റ് ജിപിടി പോലുള്ള എഐ ടൂളുകള്‍ വഴി വ്യക്തി വിവരങ്ങള്‍ ചോരുമെന്നതിന്റെ തെളിവാണ് ഈ സംഭവം.

തുടര്‍ച്ചയായി പുതിയ വിവരങ്ങളില്‍ നിന്ന് പഠിക്കും വിധമാണ് ജിപിടി 3.5 ടര്‍ബോ, ജിപിടി 4 തുടങ്ങിയ ലാംഗ്വേജ് മോഡലുകളെ ഓപ്പണ്‍ എഐ രൂപകല്‍പന ചെയ്തിരിക്കുന്നത്. പ്രത്യേക വിഷയങ്ങളില്‍ കൃത്യമായ അറിവ് നല്‍കുന്നതിനായുള്ള മോഡലിന്റെ ഫൈന്‍ ട്യൂണിങ് ഇന്റര്‍ഫെയ്‌സ് മോഡലിന്റെ പ്രതിരോധ സംവിധാനങ്ങളെ കബളിപ്പിക്കാന്‍ ഗവേഷകര്‍ ഉപയോഗപ്പെടുത്തി.
വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ചോദ്യങ്ങളെ തടയാന്‍ വിവിധ മാര്‍ഗങ്ങളാണ് ഓപ്പണ്‍ എഐ, മെറ്റ, ഗൂഗിള്‍ പോലുള്ള കമ്പനികള്‍ അവരുടെ എഐ മോഡലുകളില്‍ ഉപയോഗിക്കുന്നത്. ഈ സുരക്ഷാ സംവിധാനങ്ങളെ മറികടക്കാനുള്ള വഴിയാണ് ഗവേഷകര്‍ കണ്ടെത്തിയത്.

അതേസമയം സ്വകാര്യ വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ചോദ്യങ്ങള്‍ തള്ളുമെന്നും ഉപഭോക്താക്കളുടെ സുരക്ഷയില്‍ പ്രതിജ്ഞാബദ്ധരാണെന്നും ആശങ്കകള്‍ക്ക് മറുപടിയായി ഓപ്പണ്‍ എ.ഐ പറഞ്ഞു. എന്നാല്‍ എ.ഐയെ പരിശീലിപ്പിക്കുന്നതിനുപയോഗിക്കുന്ന വിവരങ്ങളുമായി ബന്ധപ്പെട്ട് സുതാര്യതയില്ലാത്തതിലും എ.ഐ മോഡലുകള്‍ സ്വകാര്യ വിവരങ്ങള്‍ കൈവശം വെക്കുന്നതിലും വിദഗ്ധര്‍ ആശങ്ക സംശയം ഉയര്‍ത്തുന്നുണ്ട്.

ലാഗ്വേജ് മോഡലുകളിലെ വ്യക്തി സ്വകാര്യതയെ കുറിച്ചുള്ള ആശങ്ക ഉയര്‍ത്തുകയാണ് ജി.പി.ടി 3.5 ടര്‍ബോയില്‍ കണ്ടെത്തിയ സുരക്ഷാ വീഴ്ച. വാണിജ്യപരമായി ലഭ്യമായ മോഡലുകള്‍ക്ക് സ്വകാര്യത പരിരക്ഷിക്കുന്നതിന് ശക്തമായ പ്രതിരോധ സംവിധാനങ്ങളില്ലെന്ന് വിദഗ്ധര്‍ വാദിക്കുന്നു. വിവിധ ഉറവിടങ്ങളില്‍ നിന്ന് തുടര്‍ച്ചയായി വിവര ശേഖരണം നടത്തുന്ന ഇവ വലിയ അപകടസാധ്യത സൃഷ്ടിക്കുന്നു. ഓപ്പണ്‍ എഐ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ രഹസ്യ സ്വഭാവവും പ്രശ്‌നം സങ്കീര്‍ണമാക്കുകയാണ്. എഐ മോഡലുകളിലെ വിവര സംരക്ഷണം ഉറപ്പാക്കുന്നതിനും സുതാര്യത ഉറപ്പുവരുത്തണമെന്നുമാണ് വിമര്‍ശകര്‍ ആവശ്യപ്പെടുന്നത്.

webdesk14: