X

സംഘപരിവാര്‍ ഭീഷണി; തിരൂര്‍ റെയില്‍വേസ്റ്റേഷനില്‍ നിന്ന് വാഗണ്‍ ട്രാജഡി ചിത്രങ്ങള്‍ മായ്ച്ചു

 

സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന തിരൂര്‍ റെയില്‍വേ സ്്‌റ്റേഷനില്‍ നിന്നും വാഗണ്‍ ട്രാജഡി സ്മാരക ചിത്രങ്ങള്‍ മായ്ച്ചു കളഞ്ഞു. ഏറെ നാളത്തെ മുറവിളികള്‍ക്കൊടുവില്‍ യാഥാര്‍ഥ്യമായ വാഗണ്‍ ട്രാജഡി സ്മാരക ചിത്രങ്ങള്‍ക്കു വിലക്ക്. കഴിഞ്ഞ ദിവസം റെയില്‍വേ ചുമരില്‍ തയാറാക്കിയ ചിത്രങ്ങള്‍ പൂര്‍ത്തിയാകും മുമ്പേ റെയില്‍വേ മായ്ച്ചു കളയാന്‍ ഉത്തരവിറക്കി. സംഘ്പരിവാര്‍ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് റെയില്‍വേയുടെ നടപടി. ഇന്നലെ ഉച്ചയോടെയാണ് ദല്‍ഹി റെയില്‍വേ ബോര്‍ഡില്‍നിന്നു ലഭിച്ച ഉത്തരവ് പാലക്കാട് ഡിവിഷണല്‍ ഓഫീസില്‍ നിന്നു തിരൂരില്‍ ലഭിച്ചത്. ഉത്തരവു വന്നതോടെ ചിത്രങ്ങള്‍ മായ്ച്ച് പഴയ രൂപത്തിലാക്കി. ചിത്രപ്പണി പുരോഗമിക്കുന്നതിനിടെ ഞായറാഴ്ച ഏതാനും ബിജെപി പ്രവര്‍ത്തകര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നതായി റെയില്‍വേ ജീവനക്കാര്‍ പറഞ്ഞു. ചിത്രം മായ്ച്ചുകളയുമെന്ന ഭീഷണിയും മുഴക്കിയാണ് ഇവര്‍ മടങ്ങിയത്. ഇതിനു പിന്നാലെ കേന്ദ്രത്തില്‍ നിന്നുള്ള ഉത്തരവ് വരികയായിരുന്നു. വാഗണ്‍ ട്രാജഡി സ്വാതന്ത്ര്യ സമരഭാഗമല്ലെന്നും മലബാര്‍ ലഹള വര്‍ഗീയ കലാപമാണെന്നുമായിരുന്നു ബി.ജെ.പി പ്രവര്‍ത്തകരുടെ വാദം. വാഗണ്‍ ദുരന്തത്തെ അടയാളപ്പെടുത്തുന്നതിനു പുറമെ മലയാള ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛന്റെയും ചിത്രങ്ങള്‍ റെയില്‍വേ ചുവരില്‍ തയാറാക്കിയിരുന്നു. ചിത്രങ്ങള്‍ ഒരുക്കിയതോടെ റെയില്‍വേ അധികൃതരെ പലരും പ്രശംസിച്ചിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം ചിത്രങ്ങള്‍ മായ്ച്ചത് ഏറെ പ്രതിഷേധത്തിനു ഇടയാക്കിയിട്ടുണ്ട്.

തിരൂരില്‍ ഈ മാസം നടക്കാനിരിക്കുന്ന പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിക്കുന്ന മേല്‍പാലം ഉദ്ഘാടനത്തിനു മുന്നോടിയായി റെയില്‍വേ നവീകരണ പ്രവൃത്തികളും അറകുറ്റപ്പണികളും നടന്നു വരികയാണ്. ഇതിന്റെ ഭാഗമായാണ് ചരിത്ര സംഭവങ്ങള്‍ വിളിച്ചോതുന്ന ചിത്രങ്ങള്‍ തയാറാക്കിയത്. റെയില്‍വേയുടെ പ്രത്യേക അനുമതിയോടു കൂടി സ്‌റ്റേഷന്‍ സൂപ്രണ്ട് കെ.എസ് രാജഗോപാലിന്റെ നേതൃത്വത്തിലാണ് ചിത്രങ്ങള്‍ തയാറാക്കിയത്.

chandrika: