X

‘മിസ്റ്റര്‍ ട്രംപ്, തുര്‍ക്കിയുടെ ജനാധിപത്യം വില്‍ക്കാനുള്ളതല്ല’; ഉറുദുഗാന്‍

അങ്കാറ: ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമാക്കി പ്രഖ്യാപിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തിനെതിരെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദ്ദുഗാന്‍ രംഗത്ത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വില്‍ക്കാനുള്ളതല്ല തുര്‍ക്കിയുടെ ജനാധിപത്യമെന്ന് ഉറുദുഗാന്‍ പറഞ്ഞു. അങ്കാറയില്‍ കഴിഞ്ഞ ദിവസം നടന്ന സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു ഉറുദുഗാന്റെ ട്രംപിനെതിരെയുള്ള പരാമര്‍ശമുണ്ടായത്. അമേരിക്കയുടെ ജറൂസലം നീക്കത്തിനെതിരെ യു.എന്‍ പൊതുസഭയില്‍ വോട്ടെടുപ്പ് നടക്കുന്നതിനു മുമ്പായിരുന്നു ഉര്‍ദുഗാന്റെ പ്രഖ്യാപനം.

‘ മിസ്റ്റര്‍ ട്രംപ്, ഡോളറുകള്‍ കൊണ്ട് തുര്‍ക്കിയുടെ ജനാധിപത്യബോധത്തെ നിങ്ങള്‍ക്ക് വില്‍ക്കാന്‍ കഴിയില്ല. ഞങ്ങളുടെ തീരുമാനം വ്യക്തമാണ്. ലോകരാജ്യങ്ങളോട് എനിക്ക് പറയാനുള്ളത് കുറച്ചുഡോളുറുകള്‍ക്കായി നിങ്ങളുടെ ജനാധിപത്യ പോരാട്ടത്തെ വില്‍ക്കരുതെന്നാണ്.’- ഉറുദുഗാന്‍ പറഞ്ഞു. ജറുസലേം വിഷയത്തില്‍ അമേരിക്കക്ക് അവര്‍ പ്രതീക്ഷിക്കുന്ന മറുപടി കിട്ടില്ലെന്നും ലോകരാജ്യങ്ങള്‍ അമേരിക്കയെ നല്ലൊരു പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.എന്നില്‍ അമേരിക്കയുടെ തീരുമാനത്തെ എതിര്‍ക്കുന്നവരോട് സഹകരിക്കില്ലെന്ന് നേരത്തെ അമേരിക്കന്‍ അംബാസിഡര്‍ നിക്കിഹാലെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

പൊതുസഭയില്‍ നടന്ന വോട്ടെടുപ്പില്‍ 125 രാജ്യങ്ങള്‍ അമേരിക്കക്കെതിരെ നിലപാടെടുത്തപ്പോള്‍ ഒമ്പത് രാഷ്ട്രങ്ങള്‍ മാത്രമാണ് പിന്തുണച്ചത്.

ഡിസംബര്‍ ആറിനാണ് ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമാക്കി പ്രഖ്യാപിക്കാനുള്ള അമേരിക്കയുടെ തീരുമാനമുണ്ടാവുന്നത്. ഇതിനെതിരെ പ്രതിഷേധങ്ങളും ശക്തമായിരുന്നു.

chandrika: