X

പീസ് സ്‌കൂള്‍ അടച്ച് പൂട്ടാനുള്ള മുഖ്യമന്ത്രിയുടെ ഉത്തരവ്: വ്യക്തത നല്‍കാതെ ആഭ്യന്തര വകുപ്പിന്റെ ഒളിച്ചുകളി

അഷ്‌റഫ് തൈവളപ്പ്

കൊച്ചി: എറണാകുളത്തെ പീസ് സ്‌കൂള്‍ അടച്ചു പൂട്ടാനുള്ള ഉത്തരവ് സംബന്ധിച്ച വിവരാവകാശ അപേക്ഷക്ക് വിചിത്ര മറുപടിയുമായി ആഭ്യന്തര വകുപ്പ്. വിവരാവകാശ പ്രവര്‍ത്തകന്‍ നാസിം പുളിക്കല്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷക്കാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിചിത്രമായ മറുപടി നല്‍കിയത്. എറണാകുളത്തെ പീസ് സ്‌കൂള്‍ അടച്ചു പൂട്ടാനുള്ള മുഖ്യമന്ത്രിയുടെ ഉത്തരവിന്റെ പകര്‍പ്പ്, പീസ് സ്‌കൂളുകളെ സംബന്ധിച്ച് ലഭിച്ചിട്ടുള്ള പരാതികളുടെ പകര്‍പ്പ്, അവയില്‍ അന്വേഷണം നടത്തിയിട്ടുണ്ടെങ്കില്‍ അന്വേഷണ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ് എന്നിവ ആവശ്യപ്പെട്ടായിരുന്ന വിവരാവകാശ അപേക്ഷ.

അപേക്ഷയില്‍ സൂചിപ്പിച്ചിരിക്കുന്ന രേഖകളും വിവരങ്ങളും ഏതാണെന്നു വ്യക്തമാകുന്നില്ലെന്നും ആയതിനാല്‍ എറണാകുളം പീസ് സ്‌കൂളിനെ സംബന്ധിച്ച് ആരെല്ലാം സമര്‍പ്പിച്ച അപേക്ഷകളാണെന്നോ, ഏത് ഫയലിലെ വിവരങ്ങളാണെന്നോ വ്യക്തത വരുത്തി അറിയിക്കണമെന്നുമായിരുന്നു വിവരാവകാശ അപേക്ഷക്ക് മറുപടിയായി ആഭ്യന്തര വകുപ്പിലെ അണ്ടര്‍ സെക്രട്ടറി കൂടിയായ ബി.സുധയുടെ വിചിത്ര മറുപടി. ആരെല്ലാമാണ് പീസ് സ്‌കൂളിനെ സംബന്ധിച്ച് പരാതി നല്‍കിയിട്ടുള്ളത് എന്നറിയാനാണ് അപേക്ഷ നല്‍കിയതെന്നും അപേക്ഷകനോട് തന്നെ ആ വിവരം തിരിച്ച് ചോദിക്കുന്നത് വിവരാവകാശ നിയമത്തെ പരിഹസിക്കലാണെന്നും നാസിം അറിയിച്ചു. മറുപടി സംബന്ധിച്ച് അപ്പീല്‍ നല്‍കുമെന്നുംം ഇതിനെതിരെ ഉദ്യോഗസ്ഥക്കെതിരെ വിവരാവകാശ കമ്മീഷനില്‍ പ്രത്യേകം പരാതി നല്‍കുമെന്നും നാസിം പുളിക്കല്‍ പറഞ്ഞു. മതസ്പര്‍ധ പുസ്തകങ്ങള്‍ പഠിപ്പിച്ചുവെന്ന് ആരോപിച്ച് പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിനെതിരെ പൊലീസ് കേസെടുക്കുകയും മാനേജിങ് ഡയറക്ടര്‍ എം.എം അക്ബറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അറസ്റ്റില്‍ ദുരൂഹതകളുണ്ടെന്ന് വ്യാപകമായി വിമര്‍ശനം ഉയരുമ്പോഴാണ് കേസിനെ സംബന്ധിച്ച് ആഭ്യന്തര വകുപ്പിന്റെ അവ്യക്തമായ മറുപടി.

chandrika: