X

രോഗികളുടെ അവകാശം ഉറപ്പാക്കുന്ന നിയമം നിര്‍മ്മിക്കണമെന്ന് പാര്‍ലമെന്റില്‍ ഇ.ടി


ന്യൂഡല്‍ഹി: രോഗികളുടെ അവകാശ അധികാരങ്ങള്‍ ഉറപ്പാക്കുന്നതിനു വേണ്ടി പ്രത്യേക നിയമ നിര്‍മ്മാണം നടത്തണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. മെഡിക്കല്‍ കൗണ്‍സില്‍ ഭേദഗതി ബില്ല് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ പല രാജ്യങ്ങളിലും രോഗികളുടെ അവകാശ നിയമങ്ങളുണ്ട്. ചികിത്സാ പിഴവുകളടക്കം ഒട്ടേറെ പരാധികള്‍ക്ക് രോഗികളും വിധേയരാവുന്നുണ്ട്. ആരോഗ്യ രംഗത്തെ മൂല്യങ്ങള്‍ പാടെ ഇല്ലാതാവുകയാണ്.
കച്ചവട താത്പര്യങ്ങളും അഴിമതിയും ഈ മേഖലയുടെ സല്‍പേര് കളയുന്നു. ഇന്ത്യയില്‍ നിന്നും മെഡിക്കല്‍ ബിരുദം നേടിയവര്‍ വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത് വ്യാപകമാണ്. അടുത്ത കാലത്തായി വന്ന ഒരു പഠന റിപ്പോര്‍ട്ടില്‍ പറഞ്ഞത് അമേരിക്കയില്‍ 47000ഉം ഇഗ്ലണ്ടില്‍ 25000 വും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഇന്ത്യന്‍ ഡോക്ടര്‍മാര്‍ ജോലി ചെയ്യുന്നുണ്ട്.
രോഗി-ഡോക്ടര്‍ അനുപാതത്തില്‍ ഇന്ത്യയില്‍ വലിയ അന്തരമുണ്ട്. ഗവണ്‍മെന്റ് ഡോക്ടറും രോഗികളും തമ്മിലുള്ള അനുപാതം 1: 11578 ആണ്. ഗവണ്‍മെന്റ് നേഴ്‌സിന്റെ രോഗി അനുപാതം 1:483 ആണ്. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ ഗുണമേന്മയുള്ള അധ്യാപകന്മാരുടെ കുറവ് വലുതായി കൊണ്ടിരിക്കുന്നു. മെഡിക്കല്‍ രംഗത്തെ അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് ഗവണ്‍മെന്റ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇ.ടി ആവശ്യപ്പെട്ടു.

web desk 1: