X
    Categories: CultureMoreViews

പ്രളയ ദുരിതബാധിതര്‍ക്ക് സഹായ പാക്കേജ് പ്രഖ്യാപിക്കണം: ഇ.ടി മുഹമ്മദ് ബഷീര്‍

തിരൂരങ്ങാടി: വെള്ളപ്പൊക്കത്താല്‍ ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യമ്പുകളില്‍ കഴിയുന്നവരെ ആശ്വസിപ്പിക്കാന്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ക്യാമ്പുകളിലെത്തി. തിരൂരങ്ങാടി ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നും തുടങ്ങിയ പര്യടനം, പരപ്പനങ്ങാടി, ഉള്ളണം, നന്നമ്പ്ര കൊടിഞ്ഞി, തിരൂര്‍ പഞ്ചായത്തുകളിലെ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് പുറത്തൂരില്‍ സമാപിച്ചു. ക്യമ്പിലെ എല്ലാ അംഗങ്ങളെയും നേരിട്ട് കണ്ട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. രോഗികളെയും വിദ്യാര്‍ത്ഥികളെയും പ്രത്യേകം ആശ്വാസിപ്പിക്കാനും സഹായം വാഗ്ദാനം ചെയ്യാനും ഇ.ടി സമയം കണ്ടെത്തി. വിവിധ പ്രദേശങ്ങളിലെ ക്യാമ്പുകളിലെ സജീകരണങ്ങളില്‍ ഇ.ടി പൂര്‍ണ്ണ തൃപ്തി രേഖപ്പെടുത്തി.

ക്യാമ്പുകളില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനവും സഹായവും മികച്ചതാണെന്നും അപ്രതീക്ഷിതമായി വന്നത്തിയ ദുരന്തത്തെ നാട് ഒറ്റക്കെട്ടായി തരണം ചെയ്തത് മാതൃകാപരമാണെന്നും ഇ.ടി പറഞ്ഞു. കേരളം എന്നും മറ്റു നാടുകളെ അല്‍ഭുതപ്പെടുത്താറുണ്ട്. ഈ ദുരന്തത്തിലും അത് തെളിയിച്ചു. നമ്മുടെ സംസ്ഥാനം അമ്പത് വര്‍ഷം കൊണ്ട് നേടിയതാണ് ദിവസങ്ങള്‍ കൊണ്ട് ഇല്ലാതായത്. അത് നാം ഒറ്റക്കെട്ടായി തിരിച്ച് പിടിക്കണം. അതിന് നാം ഒരുമിച്ച് തന്നെ നില്‍ക്കണം. കേരളത്തിന്റെ മനസ്സ് എന്നും സൗഹാര്‍ദ്ദ പരമാണ്. അത് ഓരോ സന്ദര്‍ഭത്തിലും തെളിയിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്താല്‍ കിടപ്പാടവും മറ്റും നഷ്ടപ്പെട്ടവര്‍ക്ക് അടയന്തിര സ്വഭാവത്തില്‍ സര്‍ക്കാര്‍ പാക്കേജ് പ്രഖ്യാപിക്കണം. ക്യമ്പുകളില്‍ നിന്നും ശുന്യതയിലേക്ക് മടങ്ങുന്നവര്‍ക്ക് അപ്പോള്‍ തന്നെ താല്‍ക്കാലിക ആശ്വാസമെന്ന നിലക്ക് സഹായമെത്തിക്കാന്‍ സര്‍ക്കാര്‍ തെയ്യാറാകണമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: