X

കൈക്കുഞ്ഞുമായി യാത്ര ചെയ്ത ദമ്പതികള്‍ക്കു നേരെ സദാചാര ഗുണ്ടായിസം

മൂവാറ്റുപുഴ: കൈകുഞ്ഞുമായി കാറില്‍ യാത്ര ചെയ്യുകയായിരുന്ന ദമ്പതികള്‍ക്കു നേരെ രണ്ടംഗ സംഘത്തിന്റെ സദാചാര ഗുണ്ടായിസം. ഇന്നലെ രാത്രി പത്തോടെ മൂവാറ്റുപുഴ സി.ടി.സി കവലയ്ക്ക് സമീപമായിരുന്നു സംഭവം. കാര്‍ തടഞ്ഞ് നിര്‍ത്തി ദമ്പതികള്‍ക്കു നേരെ അസഭ്യം പറയുകയും കാറിന് കേടുപാട് ഉണ്ടാക്കുകയുമായിരുന്നു. മൂവാറ്റുപുഴ വാളകം പൂച്ചക്കുഴി വടക്കേക്കര വീട്ടില്‍ ഡെനിറ്റിനും ഭാര്യ റീനി തോമസിനുമാണ് സദാചാര ഗുണ്ടകളുടെ ആക്രമണം നേരിടേണ്ടിവന്നത്.

കൈകുഞ്ഞ് കരയുന്നത് കണ്ടിട്ടും രണ്ടംഗ സംഘം ഡോര്‍ വലിച്ചു തുറക്കാനും അക്രമിക്കാനും ശ്രമിച്ചു. കാറിന്റെ റിവര്‍ വ്യൂ മിററും ബംപറും നമ്പര്‍ പ്ലേറ്റും ഇവര്‍ അടിച്ചു തകര്‍ത്തു. തുടര്‍ന്ന് ഡെനിറ്റ് പൊലീസിനെ വിളിച്ചതോടെ സദാചാര ഗുണ്ടകള്‍ ഇവിടെ നിന്ന് കടന്നുകളയുകയായിരുന്നു.

ദമ്പതികള്‍ മൂവാറ്റുപുഴ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് പറഞ്ഞു. രണ്ട് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

webdesk13: