X
    Categories: Newsworld

മെലോനിയുടെ വിജയത്തില്‍ യൂറോപ്പിനും ആശങ്ക

റോം: മുസോളിനിയുടെ ആശയങ്ങളെ പരസ്യമായി പ്രകീര്‍ത്തിക്കുന്ന തീവ്ര വലതുപക്ഷ നേതാവ് ജോര്‍ജിയ മെലോനിക്കു കീഴില്‍ ഇറ്റലി വീണ്ടും ഫാസിസ്റ്റ് യുഗത്തിലേക്ക് മടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇറ്റാലിയന്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പല യൂറോപ്യന്‍ രാജ്യങ്ങളും തങ്ങളുടെ ആശങ്ക പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.

മെലോനിയുടെ കടന്നുവരവിന് പിന്നാലെ ഇറ്റലിയിലെ മനുഷ്യാവകാശ വിഷയങ്ങള്‍ നിരീക്ഷിക്കുമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണ്‍ പറഞ്ഞു. ഗര്‍ഭച്ഛിദ്രത്തിനുള്ള സ്ത്രീകളുടെ അവകാശങ്ങള്‍ മാനിക്കുന്നുണ്ടോ എന്നും പരിശോധിക്കും. ഇറ്റാലിയന്‍ ജനത എന്തുകൊണ്ട് മെലോനിയെ തിരഞ്ഞെടുത്തുവെന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ ബോണ്‍ തയാറായില്ല. ഫ്രാന്‍സിലെ തീവ്ര വലതുപക്ഷ നേതാവ് മറീന്‍ ലെ പെന്‍ മെലോനിയെ അഭിനന്ദിച്ചു. ജര്‍മന്‍ രാഷ്ട്രീയ നേതാക്കളും ഇറ്റലിയിലെ ഭരണമാറ്റത്തില്‍ ആശങ്ക പ്രകടിപ്പിച്ചു.

മെലോനിയുടെ ഫാസിസ്റ്റ്് അനുകൂല പ്രസ്താവനകള്‍ ഏറെ അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്ന് ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ നേതാവും പാര്‍ലമെന്റ് അംഗവുമായ ജര്‍ഗന്‍ ഹാര്‍ട്് പറഞ്ഞു. വംശീയതക്കും ന്യൂനപക്ഷ വിരുദ്ധതക്കും യൂറോപ്പില്‍ സ്ഥാനമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഏറെ ജാഗ്രത പാലിക്കേണ്ട സമയമാണ് ഇതെന്നും ജനപ്രിയ പദ്ധതികളിലൂടെ ചിലര്‍ അധികാരത്തില്‍ വരുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ അല്‍ബാരെസ് മുന്നറിയിപ്പ് നല്‍കി. ഇറ്റലിയിലെ പുതിയ ഭരണകൂടവുമായി ക്രിയാത്മ ബന്ധം സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രതികരിച്ചു. എന്നാല്‍ യൂറോപ്പിലെ വലതുപക്ഷ തീവ്രവാദ സംഘടനകളും അവര്‍ ഭരണത്തിലുള്ള രാജ്യങ്ങളും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാഗതം ചെയ്യുകയാണുണ്ടായത്.

web desk 3: