X
    Categories: indiaNews

ബിഹാര്‍ തെരഞ്ഞെടുപ്പ്; വോട്ടിംഗ് മെഷിന്‍ ബിജെപി തകരാറിലാക്കി, 55 ബൂത്തുകളിലെ പോളിംഗ് റദ്ദാക്കണമെന്ന് ആര്‍ജെഡി

പട്‌ന: ബിഹാര്‍ നിയമസഭയിലേക്ക് നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ 55 ബൂത്തുകളിലെ പോളിംഗ് റദ്ദാക്കണമെന്ന ആവശ്യവുമായി ആര്‍ജെഡി രംഗത്ത്. ഇവിഎമ്മിലെ തകരാര്‍ മൂലം വോട്ടെടുപ്പ് തടസപ്പെട്ട ബൂത്തുകളില്‍ പോളിംഗ് റദ്ദാക്കണമെന്നാണ് ആര്‍ജെഡി ആവശ്യപ്പെട്ടിരിക്കുന്നത്. ഇ.വി.എം തകരാറിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരും ബിജെപിയുമാണെന്നും ആര്‍ജെഡി ആരോപിച്ചു.

ജമുയിലെ ആര്‍ജെഡി സ്ഥാനാര്‍ത്ഥി വിജയ് പ്രകാശാണ് ആരോപണവുമായി രംഗത്തെത്തിയത്. 55 പോളിംഗ് ബൂത്തുകളില്‍ ഇവിഎം തുടര്‍ച്ചയായി പണിമുടക്കിയെന്നും മെഷീനുകള്‍ മാറ്റിയിട്ടും വോട്ടെടുപ്പ് കാര്യക്ഷമമായില്ലെന്നും വിജയ് പ്രകാശ് പറഞ്ഞു.

ബിഹാറില്‍ 71 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 31,371 വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റ് യന്ത്രങ്ങളുമാണ് ഒന്നാം ഘട്ടത്തില്‍ സജ്ജമാക്കിയത്. വോട്ടെടുപ്പ് തുടങ്ങി മണിക്കൂറുകള്‍ക്കകം ചില ബൂത്തുകളില്‍ ഇവിഎം തകരാറിലായെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 71 സീറ്റുകളില്‍ ആര്‍ജെഡി 42 സീറ്റുകളിലും കോണ്‍ഗ്രസ് 21 സീറ്റുകളിലും മത്സരിക്കുന്നത്. ബിഹാറില്‍ എന്‍ഡിഎ വിട്ട എല്‍ജെപിയുടെ 41 സ്ഥാനാര്‍ത്ഥികള്‍ ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്.

web desk 3: