X

വോട്ടിങ് മെഷിന്‍ റഷ്യയില്‍ നിന്നു വരെ ഹാക്ക് ചെയ്യാനാവും ആരോപണം കടുപ്പിച്ച് ചന്ദ്രബാബു നായിഡു

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ റിമോട്ട് കണ്‍ട്രോളര്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കനാവുന്ന ഉപകരണമാണെന്ന വിമര്‍ശനവുമായി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഒട്ടും വിശ്വാസയോഗ്യമില്ലാത്ത ഉപകരണമാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനെന്നും അദ്ദേഹം പറഞ്ഞു. റഷ്യയില്‍ നിന്ന് വരെ ഇലക്ട്രോണിക് വോട്ടിങ് മെഷിനെ നിയന്ത്രിക്കാനാവും. അവിടെ കോടികള്‍ നല്‍കിയാല്‍ തെരഞ്ഞെടുപ്പ് ഉപകരണം ഹാക്ക് ചെയ്യുന്നവരുണ്ടെന്നും നായിഡു ആരോപിച്ചു. വിവിപാറ്റുകള്‍ 50 ശതമാനം എണ്ണണമെന്നുള്ള ആവശ്യവും അദ്ദേഹം ആവര്‍ത്തിച്ചു. തെരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് മെഷിന്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും വിദേശ രാജ്യങ്ങളിലടക്കം വിശ്വാസ്യത കണക്കിലെടുത്ത് ഇ.വി.എം ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓഡിറ്റ് ചെയ്യാന്‍ പറ്റില്ല എന്നതു തന്നെയാണ് വോട്ടിങ് മെഷിന്റെ പ്രധാന പോരായ്മ. കൃത്യമായി നിയന്ത്രിക്കാനും കഴിയില്ല. തെലങ്കാനയില്‍ മാത്രം 25 ലക്ഷം വോട്ടര്‍മാരുടെ പേര് ഓണ്‍ലൈനില്‍ ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്-ചന്ദ്രബാബു നായിഡു പറഞ്ഞു. മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇന്ന് പലഭാഗങ്ങളില്‍ നിന്നും വോട്ടിങ് മെഷീനെതിരെ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നായിഡുവിന്റെ പ്രതികരണം. കേരളത്തില്‍ ഉള്‍പ്പെടെ യന്ത്രത്തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തിരുവനന്തപുരത്ത് കോണ്‍ഗ്രസിന് വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ബി.ജെ.പിയ്ക്ക് പോയെന്ന് യു.ഡി.എഫും എല്‍.ഡി.എഫും പരാതി ഉന്നയിച്ചിരുന്നു.

web desk 1: