X

“എക്‌സലെന്റെ് ഗഡ്കരി ജി”; തൊഴിലില്ലായ്മ വിഷയത്തില്‍ കേന്ദ്ര മന്ത്രിയെ കണക്കിന് പരിഹസിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മ പ്രശ്‌നത്തില്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ഉന്നയിച്ച വിഷയം ഉയര്‍ത്തിക്കാട്ടി നരേന്ദ്ര മോദി സര്‍ക്കാരിനെ കണക്കിന് പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

നിതിന്‍ ഗഡ്കരിയുടെ പ്രസ്താവനയുള്ള വാര്‍ത്താ ലിങ്ക് ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു രാഹുലിന്റെ പരിഹാസം. നിതിന്‍ ഗഡ്കരി ചോദിച്ചത് ശ്രേഷ്ഠമായ ചോദ്യമാണെന്നും എല്ലാ ഇന്ത്യക്കാരും ഇതേ ചോദ്യം തന്നെയാണ് ചോദിക്കുന്നത് രാഹുല്‍ ട്വീറ്റ് ചെയ്തു.

മറാത്ത പ്രക്ഷോഭകരുടെ സംവരണ ആവശ്യം നിരാകരിച്ചു കൊണ്ട് സംവരണം നല്‍കിയാലും തൊഴില്‍ എവിടെ എന്നുള്ള നിതിന്‍ ഗഡ്കരിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു മോദി സര്‍ക്കാറിനെതിരെയുള്ള രാഹുല്‍ ഗാന്ധിയുടെ കടന്നാക്രമണം.

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണെന്ന പ്രതിപക്ഷ ആരോപണം ശരിയെന്ന് സമ്മതിക്കുന്നതായിരുന്നു കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുടെ വിവാദ പ്രസ്താവന. മഹാരാഷ്ട്രയില്‍ മറാത്ത വിഭാഗക്കാരുടെ സംവരണം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ഔറംഗാബാദില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് നിതിന്‍ ഗഡ്കരിയുടെ വിവാദ പ്രസ്താവന ഉണ്ടായത്.

സംവരണം മാത്രം നല്‍കിയിട്ട് ഒരുകാര്യവുമില്ലെന്നും രാജ്യത്ത് തൊഴില്‍ അവസരങ്ങള്‍ കുറയുന്ന സാഹചര്യമാണെന്നായിരുന്നു ഗഡ്കരി വിശദീകരണം. വിദ്യാഭ്യാസ, തൊഴില്‍ സംവരണം അടിയന്തരമായി നടപ്പാക്കണമെന്നാവശ്യപ്പെട്ടു മറാത്ത പ്രക്ഷോഭകര്‍ മഹാരാഷ്ട്രയില്‍ സമരം ശക്തമാക്കിയ സാഹചര്യത്തിലാണ് ഗഡ്കരിയുടെ പ്രതികരണം.

‘സംവരണം നല്‍കിയെന്നു വിചാരിക്കുക. പക്ഷേ ജോലി നല്‍കാനില്ലാത്ത സാഹചര്യമാണ്. ബാങ്കുകളില്‍ കംപ്യൂട്ടര്‍ സാങ്കേതികതയുടെ വരവു കാരണം തൊഴിലവസരങ്ങള്‍ ഇല്ല. സര്‍ക്കാര്‍ നിയമനങ്ങളും മരവിപ്പിച്ചിരിക്കുകയാണ്. എവിടെയാണ് തൊഴില്‍?’- മുന്‍ മഹാരാഷ്ട്ര പൊതുമരാമത്തു മന്ത്രി കൂടിയായ ഗഡ്കരി ചോദിച്ചു. ‘പിന്നാക്കാവസ്ഥ എന്നത് ഇപ്പോള്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ചായി. അതാണു സംവരണത്തിന്റെ പ്രശ്നവും. എല്ലാവരും പറയുന്നത് പിന്നാക്കക്കാരാണെന്നാണ്. ബിഹാറിലും മധ്യപ്രദേശിലും ബ്രാഹ്മണര്‍ ശക്തരാണ്. എന്നിട്ടും അവര്‍ പറയുന്നത് പിന്നാക്കക്കാരാണെന്നാണ്’ ഗഡ്കരി വ്യക്തമാക്കി. ജാതിയോ വിഭാഗമോ ഭാഷയോ നോക്കാതെ വേണം പാവപ്പെട്ടവരെ തിരഞ്ഞെടുക്കേണ്ടത്. ഏതു മതത്തില്‍പ്പെട്ടവരാണെങ്കിലും അവരില്‍ ഒരു വിഭാഗത്തിന് ആവശ്യത്തിനു ഭക്ഷണമോ വസ്ത്രമോ പോലുമില്ല. ഇത്തരത്തില്‍ ഏതു വിഭാഗത്തില്‍പ്പെട്ടവരാണെങ്കിലും അതിലെ പാവങ്ങളില്‍ പാവങ്ങളെയാണ് പരിഗണിക്കേണ്ടത്. സാമൂഹികവും സാമ്പത്തികവുമായ ചിന്തയാണ് ഇക്കാര്യത്തിലുണ്ടാകേണ്ടത്. അല്ലാതെ രാഷ്ട്രീയവല്‍ക്കരിക്കുകയല്ല-ഗഡ്കരി പറഞ്ഞു. മറാത്ത സംവരണ പ്രക്ഷോഭത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഇടപെട്ടിട്ടുണ്ട്. ചര്‍ച്ചകള്‍ നടക്കുന്നു. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ശാന്തരാകണം. ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടികള്‍ എരിതീയിലേക്ക് എണ്ണ പകരരുത്. വികസന പ്രവര്‍ത്തനങ്ങള്‍, വ്യവസായവല്‍ക്കരണം, ഗ്രാമീണ ഉല്‍പന്നങ്ങള്‍ക്കു മികച്ച വില ഉറപ്പാക്കല്‍ എന്നിവ വഴി മറാത്ത വിഭാഗത്തിന്റെ സാമ്പത്തിക പ്രശ്നങ്ങള്‍ കുറക്കാനാകുമെന്നും ഗഡ്കരി വ്യക്തമാക്കി.

നേരത്തെ മോദി സര്‍ക്കാര്‍ തൊഴില്‍ ലഭ്യമാക്കുന്നതില്‍ ഏറെ പിന്നിലാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഇതേ വിഷയത്തില്‍ പാര്‍ലമെന്റില്‍ മോദിയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

chandrika: