X

പുരസ്‌കാര നിറവില്‍ പ്രവാസി മലയാളി

ദുബൈ: ദുബൈ ഗവണ്‍മെന്റ് മേഖലയിലെ വിശിഷ്ട സേവനത്തിന് യുഎഇ വൈസ ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും പ്രഖ്യാപിച്ച പുരസ്‌കാരത്തിന് മലപ്പുറം വേങ്ങര കുറ്റൂര്‍ നോര്‍ത്ത് സ്വദേശി കുഴിയംതടത്തില്‍ ഷൗക്കത്തലി അര്‍ഹനായി. മികച്ച ഔദ്യോഗിക കൃത്യനിര്‍വഹണത്തിനാണ് ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അഥോറിറ്റി (ദീവ) ജീവനക്കാരനായ ഷൗക്കത്തലിക്ക് ബഹുമതി ലഭിച്ചത്. എക്‌സ്‌പോ 2020 കാലയളവില്‍ അതിന്റെ സുപ്രധാന പങ്കാളിയായിരുന്ന ദീവയില്‍ അക്കാലയളവില്‍ നല്‍കിയ വിശിഷ്ട സേവനമാണ് അംഗീകാരത്തിന് പ്രത്യേകമായി പരിഗണിച്ചത്.

15 വര്‍ഷമായി ദീവയില്‍ ബില്ലിംഗ് സര്‍വീസ് ഡിവിഷനില്‍ സീനിയര്‍ അക്കൗണ്ടന്റാണ് ഷൗക്കത്തലി. ശൈഖ് മുഹമ്മദിന്റെ കയ്യൊപ്പുള്ള എക്‌സ്‌പോ 2020 മുദ്ര ആലേഖനം ചെയ്ത പ്രശസ്തി പത്രവും മെഡലുമടങ്ങുന്നതാണ് പുരസ്‌കാരം. ദുബൈ റൂളേഴ്‌സ് ഓഫീസില്‍ നിന്നുള്ള പുരസ്‌കാരം ദീവ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മുഹമ്മദ് സാലിം അല്‍ മഅനയാണ് സമ്മാനിച്ചത്. പുരസ്‌കാര ലബ്ധിയില്‍ ഷൗക്കത്തലി സന്തോഷവും കൃതജ്ഞതയും രേഖപ്പെടുത്തി. ഈ മഹത്തായ രാജ്യം ഇവിടെ ജീവിക്കുന്ന എല്ലാവര്‍ക്കും വിശിഷ്യാ മലയാളികള്‍ക്ക് മാതൃകയും പ്രചോദനവുമാണെന്നും യുഎഇ ഗവണ്‍മെന്റിന്റെ ഭാഗമായി സേവനമനുഷ്ഠിക്കാന്‍ അവസരം ലഭിച്ചതില്‍ അഭിമാനിക്കുന്നുവെന്നും ഷൗക്കത്തലി പറഞ്ഞു.

ദീവയുടെ ഈ വര്‍ഷത്തെ എംപ്‌ളോയീസ് എക്‌സലന്‍സ് അവാര്‍ഡിന് ഷൗക്കത്തലി അര്‍ഹനായിരിന്നു. വേങ്ങര കുറ്റൂര്‍ നോര്‍ത്ത് പരേതനായ കുഴിയംതടത്തില്‍ സൈതലവിയുടെയും പള്ളിയാളി സൈനബയുടെയും മകനാണ് ഷൗക്കത്തലി. ഭാര്യ: ഫര്‍ഷാനഅവുഞ്ഞിക്കാട്. മക്കള്‍: ഷിസാന്‍, മുഹമ്മദ്, ഷദ ഫാത്തിമ.

webdesk14: