X

രാജ്യ തലസ്ഥാനം അതിശൈത്യം, 84 വിമാനങ്ങള്‍ റദ്ദാക്കി; അടിയന്തര പരിഹാര നടപടികള്‍ സ്വീകരിക്കുന്നതായി വ്യോമയാന മന്ത്രി

ഡല്‍ഹിയില്‍ മൂടല്‍ മഞ്ഞ് കനക്കുന്ന സാഹചര്യത്തില്‍ വിമാനയാത്രക്കാരുടെ ആശങ്കകള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.

വിമാനയാത്രയിലെ പ്രതികൂല കാലാവസ്ഥയുടെ ആഘാതം ലഘൂകരിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുകയാണെന്ന് അദ്ദേഹം യാത്രക്കാര്‍ക്ക് ഉറപ്പ് നല്‍കി. മൂടല്‍ മഞ്ഞ് കാരണം ഡല്‍ഹി കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച കനത്ത മൂടല്‍ മഞ്ഞിനാണ് ഡല്‍ഹി സാക്ഷ്യം വഹിച്ചത്. രാവിലെ അഞ്ചിനും ഒന്‍പതിനും ഇടയില്‍ ദൃശ്യപരതയില്‍ ഏറ്റക്കുറച്ചിലുകളും ചില സമയങ്ങളില്‍ പൂജ്യത്തിലേക്ക് താഴ്ന്ന അവസ്ഥയും ഉണ്ടായി.

അതിനാല്‍ കുറച്ച് സമയത്തേക്ക് വിമനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനമെടുത്തത്. ഇത് വ്യോമയാന സംവിധാനത്തിലെ എല്ലാവരുടെയും മുന്‍ഗണനയുമാണ്, അദ്ദേഹം എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി.

പ്രതികൂല കാലാവസ്ഥയില്‍ യാത്രക്കാരുമായുള്ള ആശയവിനിമയം സുഗമമാക്കാന്‍ വിമാനക്കമ്പനികള്‍ക്കായി ഡിജിസിഎ ഒരു സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമം പുറപ്പെടുവിക്കും.

ഫ്‌ളൈറ്റ് ക്യാന്‍സലേഷനും കാലതാമസവും നേരിടുന്ന സാഹചര്യത്തില്‍ യാത്രക്കാരുടെ അസ്വസ്ഥത കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സിന്ധ്യ പറഞ്ഞു. യാത്രക്കാര്‍ക്കുണ്ടാകുന്ന അസൗകര്യങ്ങള്‍ മനസിലാക്കിക്കൊണ്ട് തന്നെ ഈ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍ സഹകരിക്കണമെന്ന് സിന്ധ്യ അഭ്യര്‍ത്ഥിച്ചു.

ഡല്‍ഹി വിമാനത്താവളം നാല് റണ്‍വേകളില്‍ ഒന്ന് മാത്രമേ പ്രവര്‍ത്തനക്ഷമമാക്കിയിട്ടുള്ളൂ എന്ന ആരോപണം നിഷേധിച്ചുകൊണ്ട് സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും എക്‌സിലൂടെ പ്രസ്താവന ഇറക്കിയിട്ടുണ്ട്.

webdesk13: