X

ട്രംപിന്റേത് പോലെ ഇന്ത്യയിലെ വിദ്വേഷ പ്രചരണങ്ങൾക്കെതിരെ എപ്പോൾ ഫെയ്‌സ്ബുക്ക് നടപടിയെടുക്കും: തൃണമൂൽ എം.പി മഹുവ

ഇന്ത്യയിൽ വിദ്വേഷ പ്രചരണങ്ങളും വ്യാജവാർത്തകളും പടച്ചുവിടുന്നവർക്കെതിരെ എന്നായിരിക്കും ഫെയ്‌സ്ബുക്ക് നടപടിയെടുക്കുകയെന്ന ചോദ്യവുമായി തൃണമൂൽ എം.പി മഹുവ മൊയിത്ര. ട്രംപിന് ഫെയ്‌സ്ബുക്കിലും ഇൻസ്റ്റഗ്രാമിനും അനിശ്ചിത കാല വിലക്കേർപ്പെടുത്തിയതിന് പിന്നാലെയായിരുന്നു മഹുവയുടെ പ്രതികരണം. സോഷ്യൽ മീഡിയയിലൂടെ കലാപാഹ്വാനം നടത്തുമെന്നുള്ളതുകൊണ്ടാണ് ട്രംപിന് ഫെയ്‌സ്ബുക്കിൽ നിന്നും ഇൻസ്റ്റഗ്രാമിൽ നിന്നും വിലക്കേർപ്പെടുത്തിയത്.

ഇന്ത്യയിൽ വിദ്വേഷ/വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ഇതേ മാനദണ്ഡങ്ങളും നിയമനടപടികളും എപ്പോഴാണ് നിങ്ങൾ സ്വീകരിക്കുക മിസ്റ്റർ സുക്കർബർഗ്, അതോ നിങ്ങളുടെ ബിസിനസിനെ ബാധിക്കുമെന്ന പേടിയാണോ, മഹുവ മൊയിത്ര ട്വീറ്റ് ചെയ്തു. ഇന്ത്യയിൽ ഫേസ്ബുക്കിലൂടെയുള്ള കലാപാഹ്വാനങ്ങളിൽ ഫെയ്‌സബുക്ക് ഒരു നടപടിയും സ്വീകരിച്ചില്ലെന്നത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. നിരവധി ബി.ജെ.പി എം.എൽ.എമാരുടെയും നേതാക്കളുടെയും വിദ്വേഷ പ്രസംഗങ്ങളും കലാപാഹ്വാനങ്ങളും ഫെയ്‌സബുക്കിൽ നിന്നും ട്വിറ്ററിൽ നിന്നും നീക്കം ചെയ്യാത്തതിനെതിരെയും വിമർശനങ്ങൾ ഉയർന്നിരുന്നു.

ഫെയ്‌സബുക്കിന്റെ ബി.ജെ.പി അനുകൂല നിലപാടുമായി ബന്ധപ്പെട്ട വാൾസ്ട്രീറ്റ് ജേർണലിന്റെ റിപ്പോർട്ടിന് പിന്നാലെ ഫെയ്‌സബുക്കിനെതിരെ വ്യാപകമായ വിമർശനം ഉയർന്നിരുന്നു. ബി.ജെ.പി നേതാവിനെതിരെ നടപടിയെടുക്കുന്നത് ഒഴിവാക്കണമെന്ന് അന്ന് ഫെയ്‌സബുക്കിന്റെ പോളിസി ഹെഡ് ആയിരുന്ന അങ്കി ദാസ് ഉപദേശിച്ചതായി വാൾസ്ട്രീറ്റ് ജേണലിൽ റിപ്പോർട്ട് വന്നിരുന്നു.ബി.ജെ.പി നേതാവ് ടി രാജ സിംഗിന്റെ വിദ്വേഷ പോസ്റ്റിനെതിരായ നടപടി ഒഴിവാക്കിയതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ കേന്ദ്ര സർക്കാരിനു വേണ്ടി ഫെയ്‌സബുക്ക് തങ്ങളുടെ മാനദണ്ഡങ്ങൾ തിരുത്തിയതായും കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് അനിശ്ചിത കാലത്തേക്ക് ട്രംപിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പ്രവർത്തനരഹിതമാകുമെന്ന് സി.ഇ.ഒ മാർക്ക് സുക്കർബർഗ് അറിയിച്ചത്. പ്രസിഡന്റ് പദവി കൈമാറ്റം പൂർത്തിയാക്കുന്നത് വരെയാണ് ട്രംപിന് നിരോധനം ഏർപ്പെടുത്തിയത്. നേരത്തെ ട്രംപിന്റെ വീഡിയോ ഫേസ്ബുക്ക് നീക്കം ചെയ്തിരുന്നു. ട്രംപിന്റെ ട്വിറ്റർ അക്കൗണ്ടും മരവിപ്പിച്ചിട്ടുണ്ട്.

zamil: