X

റെക്കോർഡ് നേട്ടം; ഇന്ത്യക്കാർ ഇതുവരെ സ്വന്തമാക്കിയത് രണ്ടരക്കോടി ആക്ടീവ

രണ്ടരക്കോടി ഉപഭോക്താക്കളെ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ സ്‌കൂട്ടർ എന്ന പദവി സ്വന്തമാക്കി ഹോണ്ട ആക്ടീവ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപനയുള്ള സ്‌കൂട്ടർ ബ്രാൻഡ് ആണ് ആക്ടീവ. കമ്പനി വാർത്താക്കുറിപ്പിലാണ് 2.5 കോടി ഉപഭോക്താക്കളെ സ്വന്തമാക്കിയ വിവരം പങ്കുവച്ചത്. ഇന്ത്യൻ സ്‌കൂട്ടർ വിപണി അതിവേഗത്തിൽ താഴേക്ക് പോയിക്കൊണ്ടിരിക്കുമ്പോഴാണ് ഹോണ്ട തങ്ങളുടെ ആദ്യ ഇരുചക്ര വാഹനമായ 102 സി.സി ആക്ടീവയുമായി 2001 ൽ രംഗത്തെത്തിയത്.

തുടർന്നുള്ള വർഷങ്ങളിൽ ഹോണ്ട ആക്ടീവ ബ്രാൻഡ് വലിയ മുന്നേറ്റമാണ് നടത്തിയത്. ഇതിനിടെ നിരവധി മോഡലുകൾ ഇറങ്ങി. ഏറ്റവുമൊടുവിലിറങ്ങിയ ബി.എസ് 6 ഉം മികച്ച രീതിയിലാണ് വിറ്റുപോകുന്നത്.
2001 ൽ രംഗത്തെത്തി മൂന്ന് വർഷത്തിനുള്ളിൽ ആക്ടീവ ഇന്ത്യൻ സ്‌കൂട്ടർ വിപണിയിൽ നായക സ്ഥാനത്ത് തന്നെ എത്തിച്ചേർന്നു. തുടർന്ന് രണ്ട് വർഷങ്ങൾക്കുള്ളിൽ പത്ത് ലക്ഷത്തിലേറെ ഉപഭോക്താക്കളും ഹോണ്ട ആക്ടീവ സ്വന്തമാക്കി. 15 വർഷം പൂർത്തിയായപ്പോഴേക്കും ഒരു കോടി ഉപഭോക്താക്കൾ ആക്ടീവക്കുണ്ടായി. സ്‌കൂട്ടർ വാങ്ങാൻ ആലോചിക്കുന്നവർ ആദ്യത്തിൽ തന്നെ ആക്ടീവയെ കുറിച്ച് ചിന്തിക്കാൻ തുടങ്ങി. ജനപ്രിയ വാഹനമായി മാറിയ ആക്ടീവ പിന്നീട് ഓരോ റെക്കോർഡുകളും തിരുത്തിക്കുറിക്കുകയും ചെയ്തു. മൂന്നിരട്ടി വേഗത്തിലാണ് അടുത്ത ഒന്നര കോടി ഉപഭോക്താക്കളെ ആക്ടീവ സ്വന്തമാക്കിയത്. അഞ്ച് വർഷം കൊണ്ടാണ് ഇത്രെയും ഉപഭോക്താക്കൾ ആക്ടീവക്കുണ്ടായത്.

ഓരോ മോഡൽ ഇറക്കുമ്പോഴും ഉപഭോക്താക്കൾ തങ്ങൾക്ക് നൽകിയ വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ കഴിഞ്ഞിരുന്നുവെന്ന് ഹോണ്ട മോട്ടോർ സൈക്കിൾ ആന്റ് സ്‌കൂട്ടർ ഇന്ത്യാ മാനേജിംങ് ഡയറക്ടറും സി.ഇ.ഒ യുമായ അത്സുഷി ഒഗാട്ട വ്യക്തമാക്കി. കഴിഞ്ഞ 20 വർഷമായി സാങ്കേതിക വിദ്യാ മുന്നേറ്റത്തിന്റെ കാര്യത്തിൽ ആക്ടീവ നേതൃനിരയിലാണെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളിൽ നിന്നും ലഭിക്കുന്ന പിന്തുണ ഏറെ ഊർജ്ജം പകരുന്നതാണെന്നും കമ്പനി അധികൃതർ വ്യക്തമാക്കുന്നു.

zamil: