X
    Categories: MoreViews

കേംബ്രിഡ്ജ് അനലറ്റിക്ക; മാപ്പു പറഞ്ഞ് മാര്‍ക്ക് സുക്കര്‍ബര്‍ഗ്

ലണ്ടന്‍: കേംബ്രിഡ്ജ് അനലറ്റിക്ക വിവാദത്തില്‍ മാപ്പു പറഞ്ഞ് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ബ്രിട്ടീഷ് പത്രങ്ങളില്‍ നല്‍കിയ മുഴുവന്‍ പേജ് പരസ്യത്തിലൂടെയാണ് സുക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞത്. ബ്രിട്ടനിലെ എല്ലാ പ്രമുഖ പത്രങ്ങളുടേയും അവസാന പേജില്‍ നല്‍കിയ പരസ്യത്തിലാണ് സുക്കര്‍ ബര്‍ഗിന്റെ മാപ്പപേക്ഷ.

‘ഞങ്ങള്‍ക്ക് നിങ്ങളുടെ വിവരങ്ങള്‍ സംരക്ഷിക്കാന്‍ ഉത്തരവാദിത്വമുണ്ട്. ഞങ്ങള്‍ക്കതിന് സാധിക്കുന്നില്ല എന്നാണെങ്കില്‍ ഞങ്ങളത് അര്‍ഹിക്കുന്നില്ല’ എന്നാണ് സുക്കര്‍ ബര്‍ഗിന്റെ ഒപ്പോട് കൂടിയ പരസ്യത്തില്‍ പറയുന്നത്.

2014ല്‍ കേംബ്രിഡ്ജ് സര്‍വകലാശാല ഗവേഷകനായ അലക്‌സാണ്ടര്‍ കോഹന്‍ നിര്‍മിച്ച ക്വിസ് പ്രോഗ്രാം വഴി ശേഖരിച്ച വിവരങ്ങളാണ് ചോര്‍ത്തപ്പെട്ടതെന്ന് പരസ്യത്തില്‍ പറയുന്നു. 2014ല്‍ നടന്ന സംഭവത്തില്‍ നടപടികളൊന്നും സ്വീകരിക്കാത്തതിനാണ് മാപ്പ്. ഇതാവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പരസ്യത്തില്‍ പറയുന്നുണ്ട്.

വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വലിയ നഷ്ടമാണ് ഫെയ്‌സ്ബുക്കിന് നേരിടേണ്ടി വന്നത്. വിപണിയില്‍ ഫെയ്‌സ്ബുക്കിന്റെ ഓഹരികള്‍ക്ക് വന്‍ ഇടിവാണുണ്ടായത്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ സുക്കര്‍ ബര്‍ഗിന് നഷ്ടമായത് 1000 കോടി ഡോളറാണ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: