X
    Categories: Newsworld

വിദ്വേഷം പ്രചരിപ്പിക്കാനില്ല; ഫേസ്ബുക്കിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ രാജിവെച്ചു

ലണ്ടന്‍: .ഫേസ്ബുക്കിലെ വിദ്വേഷ പോസ്റ്റുകളുമായി ബന്ധപ്പെട്ട് വിവാദം തുടരുന്നു. ഫേസ്ബുക്ക് വിദ്വേഷപ്രചരണങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപിച്ച് കമ്പനിയുടെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ രാജിവെച്ചു. അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ളവരുടെ വിദ്വേഷ പോസ്റ്റുകളില്‍ നടപടിയെടുക്കാന്‍ ഫേസ്ബുക്കിനായില്ലെന്ന് അശോക് ചാന്ദ്വാനി എന്ന ജീവനക്കാരന്‍ രാജിക്കത്തില്‍ ചൂണ്ടിക്കാട്ടി. നേരത്തെ, ഇന്ത്യയിലും ബിജെപി വിദ്വേഷ പ്രചാരണ പോസ്്റ്റുകള്‍ നീക്കാതെ ഫേസ്ബുക്ക് നിലപാടെടുത്തത് ചര്‍ച്ചയായിരുന്നു.

കെനോഷ, വിസ്‌കോന്‍സിന്‍ എന്നിവിടങ്ങളില്‍ പ്രതിഷേധക്കാര്‍ക്കെതിരെ അക്രമത്തിന് പ്രോത്സാഹിപ്പിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളുടെ പോസ്റ്റുകള്‍, ട്രംപിന്റെ ‘കൊള്ളയടിക്കല്‍ ആരംഭിക്കുമ്പോള്‍ വെടിവെയ്പ് തുടങ്ങുന്നു’ എന്ന പോസ്റ്റ് എന്നിവ പിന്‍വലിക്കുന്നതില്‍ ഫേസ്ബുക്ക് പരാജയപ്പെട്ടുവെന്ന് അശോക് ആരോപിച്ചു.

വിദ്വേഷ പ്രചാരണങ്ങള്‍ നീക്കം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ഒരുമാസത്തിനിടെ നിരവധി ജീവനക്കാര്‍ ഫേസ്ബുക്ക് വിട്ടിട്ടുണ്ട്. ട്രംപിന്റെ വെടിവെയ്പ് പോസ്റ്റ് പിന്‍വലിക്കില്ലെന്ന് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചതിന് ശേഷം മാത്രം ഒരാഴ്ചയ്ക്കിടെ മൂന്നുപേരാണ് രാജിവെച്ചത്.

ബിജെപിക്ക് അനുകൂലമായി നിലപാെടുക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ ഫേസ്ബുക്ക് ഇന്ത്യയുടെ പ്രതിനിധികളെ പാര്‍ലമെന്റ് ഐടി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് മുന്നില്‍ വിളിച്ച് വരുത്തിയിരുന്നു. ആദ്യമായിട്ടാണ് ആരോപണങ്ങളെ തുടര്‍ന്ന് ഫേസ്ബുക്ക് അധികൃതരെ ഇത്തരത്തില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി വിളിച്ചുവരുത്തുന്നത്.

 

 

chandrika: