X

സര്‍ക്കാറിന്റെ ഉച്ചഭക്ഷണം വേണ്ട; നിരസിച്ച് കര്‍ഷക നേതാക്കള്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറുമായുള്ള ചര്‍ച്ചയ്ക്കിടെ ഉച്ചഭക്ഷണ ക്ഷണം നിരസിച്ച് കര്‍ഷക സംഘടനാ നേതാക്കള്‍. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചര്‍ച്ചയ്ക്കിടെയാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ നേതാക്കളെ ഭക്ഷണത്തിന് ക്ഷണിച്ചത്. കൊണ്ടുവന്ന ഭക്ഷണം അവര്‍ പങ്കിട്ടു കഴിക്കുകയും ചെയ്തു.

‘അവര്‍ ഞങ്ങള്‍ക്ക് ഭക്ഷണം വാഗ്ദാനം ചെയ്തു. ഞങ്ങളത് നിരസിക്കുകയും ഞങ്ങള്‍ക്കൊപ്പം കൊണ്ടുവന്നിരുന്ന ഭക്ഷണം കഴിക്കുകയും ചെയ്തു’- ഒരു കര്‍ഷക നേതാവിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ‘സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷണമോ ചായയോ ഞങ്ങള്‍ സ്വീകരിക്കില്ല. ഞങ്ങള്‍ക്കുള്ള ഭക്ഷണം ഞങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്’- എന്നായിരുന്നു മറ്റൊരു നേതാവിന്റെ വാക്കുകള്‍.

നാല്‍പ്പതോളം കര്‍ഷക സംഘടനാ നേതാക്കളാണ് ഭക്ഷണം പങ്കിട്ടു കഴിച്ചത്. പൊതിഞ്ഞു കൊണ്ടു വന്ന ഭക്ഷണം ഡിസ്‌പോസിബ്ള്‍ പാത്രങ്ങളിലാക്കി നിലത്തിരുന്നും നിന്നും കഴിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

കാര്‍ഷിക നിയമത്തിനെതിരെ എട്ടു ദിവസമായി ഡല്‍ഹിയില്‍ പ്രതിഷേധം തുടരുന്ന കര്‍ഷകര്‍ ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ തങ്ങള്‍ക്ക് പറയാനുള്ളത് പ്രസന്റേഷനിലൂടെ അവതരിപ്പിച്ചു. രണ്ടാം ഘട്ടത്തില്‍ സര്‍ക്കാറിന് പറയാനുള്ള കാര്യങ്ങള്‍ വിശദീകരിക്കും. കൃഷി മന്ത്രി നരേന്ദ്ര തോമര്‍, മന്ത്രിമാരായ പിയൂഷ് ഗോയല്‍, സോം പ്രകാശ് എന്നിവരാണ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്നത്.

Test User: