X
    Categories: keralaNews

സ്പ്രിന്‍ക്ലര്‍: സര്‍ക്കാറിനായി വാദിച്ച സൈബര്‍ വിദഗ്ധക്ക് രണ്ടുലക്ഷം രൂപ നല്‍കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുമ്പോഴും മുഖ്യമന്ത്രിയുടെ പിടിവാശി നടപ്പാക്കാന്‍ പൊതുഖജനാവിലെ പണം യഥേഷ്ടം ചിലവഴിക്കുന്നത് തുടരുന്നു. സ്പ്രിന്‍ക്ലര്‍ കേസ് വാദിക്കാന്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ സൈബര്‍ വിദഗ്ധക്ക് ഫീസായി രണ്ടുലക്ഷം രൂപ നല്‍കാനാണ് പുതിയ തീരുമാനം. സൈബര്‍ വിദഗ്ധയായ എന്‍എസ്. നപിനായിക്ക് ഫീസായി രണ്ടുലക്ഷം രൂപ നല്‍കാന്‍ അഡ്വ.ജനറലാണ് സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഏപ്രില്‍ 24ന് കേസ് ഹൈക്കോടതി പരിഗണിച്ചപ്പോള്‍ ഓണ്‍ലൈനിലൂടെയാണ് നപിനായി ഹാജരായത്. സ്പ്രിന്‍ക്ലര്‍ കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ബാലു ഗോപാലകൃഷ്ണനാണ് കേസ് നല്‍കിയത്.

ജനങ്ങളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നും ഡേറ്റ കൈമാറരുതെന്നുമായിരുന്നു ഹൈക്കോടതി നിര്‍ദേശം. കോവിഡ് ബാധിതരുടെ വിവരവിശകലനത്തിന് എന്ന പേരിലാണ് അമേരിക്കന്‍ കമ്പനിയായ സ്പ്രിന്‍ക്ലറുമായി സര്‍ക്കാര്‍ 2020 ഏപ്രില്‍ രണ്ടിന് രഹസ്യമായി കരാര്‍ ഒപ്പിട്ടത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ മുന്‍കയ്യെടുത്താണ് കരാര്‍ ഉണ്ടാക്കിയത്. ആറ് മാസത്തെ സൗജന്യസേവനത്തിനുശേഷം തുടര്‍ന്ന് ഉപയോഗിക്കണമെങ്കില്‍ പണം നല്‍കണം എന്നായിരുന്നു വ്യവസ്ഥ. മാര്‍ച്ച് 24 മുതല്‍ പ്രാബല്യമുണ്ടായിരുന്ന കരാര്‍ സെപ്റ്റംബര്‍ 24ന് അവസാനിച്ചു.

എന്നാല്‍ വ്യക്തികളുടെ വിവരങ്ങള്‍ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ചോര്‍ത്താനുള്ള രഹസ്യകരാറാണ് സര്‍ക്കാര്‍ ഒപ്പിട്ടതെന്ന വിവരം പ്രതിപക്ഷ നേതാവാണ് പുറത്തുകൊണ്ടുവന്നത്. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയടക്കം ഇതുമായി ബന്ധപ്പെട്ട് ആരോപണവിധേയമായിരുന്നു. കോവിഡിന്റെ മറവില്‍ കോടികളുടെ അഴിമതിക്കാണ് സര്‍ക്കാര്‍ ഇതിലൂടെ കളമൊരുക്കിയത്. മുഖ്യമന്ത്രി നേരിട്ട് നടത്തിയ വന്‍ തട്ടിപ്പ് പ്രതിപക്ഷ നേതാവ് പൊളിച്ചതോടെ പിന്നീട് സര്‍ക്കാര്‍ കരാറില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

തട്ടിപ്പ് പുറത്തായതോടെ സ്പ്രിന്‍ക്ലര്‍ സോഫ്റ്റ്വെയര്‍ ഒരുതവണ പോലും ഉപയോഗിച്ചില്ല. കരാര്‍ വിവാദമായതിനെത്തുടര്‍ന്നു ലക്ഷങ്ങള്‍ ചെലവാക്കി സി ഡിറ്റിന്റെ ആമസോണ്‍ ക്ലൗഡ് അക്കൗണ്ടിലേക്കു ഡേറ്റ മാറ്റി. സ്പ്രിന്‍ക്ലറിന്റെ ക്ലൗഡ് അക്കൗണ്ടില്‍ 1.8 ലക്ഷം പേരുടെ ഡേറ്റ എത്തിയെന്നും സ്പ്രിന്‍ക്ലര്‍ കമ്പനിക്കു കരാര്‍ നല്‍കിയതില്‍ ഒട്ടേറെ വീഴ്ചകളുണ്ടെന്നും കരാറിനെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി ചൂണ്ടിക്കാണിച്ചു. ഈ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ തയാറാകാത്ത സര്‍ക്കാര്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളെക്കുറിച്ച് പഠിക്കാന്‍ മറ്റൊരു സമിതിയെ നിയോഗിച്ചിരിക്കുകയാണ്.

കടപ്പാട്: മനോരമ

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: