X

1500 രൂപയില്‍ നിന്ന് ആയിരം കോടിയുടെ സാമ്രാജ്യം ഉണ്ടാക്കിയ മസാല കിങ്- ഇത് ധരംപാല്‍ ഗുലാതിയുടെ ജീവിതം

indiaന്യൂഡല്‍ഹി: ഇന്ത്യന്‍ മസാല വിപണിയിലെ കിരീടം വയ്ക്കാത്ത രാജാവായിരുന്നു അന്തരിച്ച മഹാശയ് ധരംപാല്‍ ഗുലാതി. എംഡിഎച്ച് എന്ന ബ്രാന്‍ഡിലൂടെ കഠിനാധ്വാനവും ഇച്ഛാശക്തിയും കൊണ്ട് മസാല കിങ് എന്ന വിളിപ്പേരു കിട്ടിയ സംരഭകന്‍. പുതുതലമുറയിലെ സംരഭകരുടെ പാഠപുസ്തകമാണ് ധരംപാല്‍. വ്യാഴാഴ്ച ഡല്‍ഹിയിലെ മാതാ ചനാന്‍ ദേവി ആശുപത്രിയില്‍ വച്ചായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം. 97 വയസ്സായിരുന്നു.

വെറും 1500 രൂപയില്‍ നിന്ന് 1000 കോടിയുടെ ബിസിനസ് സാമ്രാജ്യത്തിലേക്ക് വളര്‍ന്ന ധരംപാലിന്റെ കഥയിങ്ങനെ.

1923ല്‍ പാകിസ്താനില്‍ ജനിച്ച ‘മഹാശയ്ജി’ വിഭജനത്തിന് ശേഷം ഇന്ത്യയിലെത്തുമ്പോള്‍ കൈയിലുണ്ടായിരുന്നത് ആയിരത്തി അഞ്ഞൂറു രൂപ. 650 രൂപയ്ക്ക് ഒരു ഉന്തുവണ്ടി വാങ്ങിച്ചു. ന്യൂഡല്‍ഹിയില്‍ നിന്ന് ഖുതുബ് റോഡ് വരെ ആയിരുന്നു ഓട്ടം.

ഇക്കാലയളവില്‍ ഒരുപാട് ജോലികള്‍ ചെയ്തു. സോപ്പ് നിര്‍മാണം, വസ്ത്ര നിര്‍മാണം, ആശാരിപ്പണി, അരിക്കച്ചടവം… അങ്ങനെയങ്ങനെ… എന്നാല്‍ ഒന്നും ക്ലച്ചുപിടിച്ചില്ല. പിന്നീട് അച്ഛന്റെ മസാലക്കടയായ മഹാശ്യന് ഡി ഹട്ടിയില്‍ ചെന്ന് അവിടെ ജോലിക്കു ചേര്‍ന്നു. ഇതേ പേരു തന്നെയാണ് പില്‍ക്കാലത്ത് എംഡിഎച്ച് എന്ന പേരില്‍ ധരംപാല്‍ കൂടെക്കൂട്ടിയത്.

പയ്യെപ്പയ്യെ കുടുംബം ഡല്‍ഹിയിലെ കരോള്‍ ബാഗില്‍ ഒരു സ്വത്തുവാങ്ങി. അവിടെ ഒരു സുഗന്ധവ്യഞ്ജനക്കട തുടങ്ങി. 1953ലായിരുന്നു അത്. ബിസിനസ് മെല്ലെ പച്ചപിടിച്ചു തുടങ്ങുമ്പോള്‍ അത് ടെലിവിഷന്‍ വഴിയെല്ലാം പരസ്യപ്പെടുത്തി ധരംപാല്‍. തൊട്ടുപിന്നാലെ ചാന്ദ്‌നി ചൗക്കില്‍ മറ്റൊരു കടയും ആരംഭിച്ചു.

1959ല്‍ ഡല്‍ഹിയിലെ കൃതിനഗറില്‍ നിര്‍മാണ യൂണിറ്റായി കുറച്ചു സ്ഥലം വാങ്ങി. പിന്നീട് ധരംപാലിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 2016 സാമ്പത്തിക വര്‍ഷത്തില്‍ 21 കോടി രൂപയായിരുന്നു അദ്ദേഹത്തിന്റെ പ്രതിവര്‍ഷ ശമ്പളം. രാജ്യത്തുടനീളം 15 ഫാക്ടറികളും ആയിരത്തിലേറെ ഡീലര്‍മാരും കമ്പനിക്കു കീഴില്‍ ഉണ്ടായി.

ഡല്‍ഹിയിലെ ഇടുങ്ങിയ മുറിയില്‍ നിന്ന് ദുബൈയിലും ലണ്ടനിലും ഓഫീസുകളുണ്ടായി. ആയിരത്തിലേറെ രാഷ്ട്രങ്ങളിലേക്ക് സ്വന്തം ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തു. 60 ഉത്പന്നങ്ങളാണ് എംഡിഎച്ച് പുറത്തിറക്കിയിരുന്നത്. അതിനിടെ, സേവനത്തിന് പരമോന്നത പുരസ്‌കാരങ്ങളില്‍ ഒന്നായ പത്ഭൂഷണ്‍ വരെ അദ്ദേഹത്തെ തേടിയെത്തി.

സ്വന്തം ശമ്പളത്തിന്റെ പത്തു ശതമാനം മാത്രമേ അദ്ദേഹം ഉപയോഗിച്ചിരുന്നുള്ളൂ. ബാക്കി മഹാശയ് ചുനി ലാല്‍ ചാരിറ്റ്ബ്ള്‍ ട്രസ്റ്റിനാണ് അദ്ദേഹം കൈമാറിയിരുന്നത്. ഡല്‍ഹിയില്‍ 250 ബെഡുള്ള ഒരു ആശുപത്രിയും നാലു സ്‌കൂളുകളും ഈ ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Test User: