X
    Categories: CultureMoreNewsViews

വിജയ് അണ്ണൻ ഫാൻസും വിജയേട്ടൻ ഫാൻസും തമ്മിലെ അന്തർധാര

നിഥിന്‍ ജോസഫ് മുലംഗശ്ശേരി

മെർസൽ സിനിമയുടെ ക്ലൈമാക്സിൽ വിജയുടെ വക ഒരു തീപ്പൊരി പ്രസംഗം ഉണ്ട്. ഇത്തരം വെടിക്കെട്ട് പ്രസംഗങ്ങൾ മുൻകാല സിനിമകളിലെല്ലാം ഉള്ളതാണെങ്കിലും ഈയൊരു പ്രസംഗം രാജ്യത്താകമാനമുള്ള വിജയ് ആരാധകരെ കോൾമയിർ കൊള്ളിക്കാൻ പോന്നതായിരുന്നു. തിയറ്ററുകൾ ഇളകിമറിഞ്ഞു. ആളുകൾ നിർത്താതെ കയ്യടിച്ചു, വിസിലടിച്ചു, പേപ്പർ കീറിയെറിഞ്ഞു, ആകെ മൊത്തത്തിൽ ഉത്സവാന്തരീക്ഷം. കേന്ദ്രസർക്കാർ നടപ്പിലാക്കിയ സുവർണസുന്ദര പദ്ധതിയായ ജിഎസ്ടിയായിരുന്നു ഇത്തവണ അദ്ദേഹത്തിന്റെ വേട്ടമൃഗം. പിന്നെ, മേമ്പൊടിക്ക് നോട്ട് നിരോധനവും മെഡിക്കൽ നെഗ്ലിജെൻസും ചേർത്ത അത്യുഗ്രൻ പ്രസംഗം. സംഗതി എന്തായാലും തമിഴ്‌നാട്ടിലെ ബിജെപിയെ ചൊടിപ്പിച്ചു. റിലീസ് ദിവസത്തിൽ തന്നെ വ്യാജസിഡി ഇട്ട് പടം കണ്ട ബിജെപി നേതാവ് പടം ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തു. ഈയൊരൊറ്റ കാരണംകൊണ്ട് പടം ബമ്പർഹിറ്റ്. തമിഴ്നാട്ടിലും കേരളത്തിലും മാത്രമൊതുങ്ങേണ്ട സിനിമയെ ഇന്ത്യ മുഴുവൻ എത്തിച്ച ബിജെപിയ്ക്ക് നന്ദി.

പക്ഷേ, അപ്പോഴും മേൽപറഞ്ഞ പ്രസംഗത്തിൽ ബിജെപിയ്ക്കെതിരെ പ്രയോഗിച്ച ആ മർമപ്രധാനമായ പോയിന്റുകൾ എന്താണെന്ന് ആരും അത്രയ്ക്കങ്ങോട്ട് കിഴിഞ്ഞ് അന്വേഷിച്ചില്ല. അതിപ്പോ എന്തായാലും സംഗതി ബിജെപിയ്ക്കെതിരെ അല്ലേ, നമുക്ക് അത്രേം മതിയെന്നാണ് ബഹുഭൂരിപക്ഷവും പറഞ്ഞത്.

ആരോഗ്യരംഗത്ത് നടക്കുന്ന അനീതിയെയും അക്രമത്തെയും തന്റെ പ്രസംഗത്തിലൂടെ ചോദ്യം ചെയ്യുകയായിരുന്നു (‘ഇളയ’യിൽ നിന്ന് പ്രൊമോഷൻ കിട്ടിയ) സാക്ഷാൽ ദളപതി. അതിലെ അദ്ദേഹത്തിന് ഏറ്റവുമധികം കയ്യടി കിട്ടിയ ഒരു ഡയലോഗുണ്ട്. “ആർഭാടത്തിന്റെ ഭാഗമായ മദ്യത്തിന് ജിഎസ്ടി ഇല്ല. പക്ഷേ, അവശ്യവസ്തുവായ മരുന്നിന് 28 ശതമാനം ജിഎസ്ടി. ഇത്തരം ജനദ്രോഹനടപടികൾ ചോദ്യം ചെയ്യപ്പെടണം.” ആദ്യദിവസം കോട്ടയം അഭിലാഷ് തിയറ്ററിൽ എന്റെ അടുത്തിരുന്ന് പടം കണ്ട ഒരു ചേട്ടൻ ചാടിയെഴുന്നേറ്റ് നിന്ന് സ്ക്രീനിലേക്ക് വിരൽചൂണ്ടി ഒറ്റ ഡയലോഗ്, “അങ്ങനെ പറഞ്ഞുകൊടുക്ക് വിജയണ്ണാ. ഇവന്മാരെ ഇങ്ങനെ വിട്ടാൽ പറ്റില്ല.” ആ ചേട്ടന്റെ ആവേശം കണ്ട് കോരിത്തരിച്ചു പോയി. വേറൊന്നും കൊണ്ടല്ല, 100 ശതമാനത്തിനു മുകളിൽ നികുതി ഈടാക്കുന്ന മദ്യത്തെ അതിന്റെ നാലിലൊന്ന് പോലുമില്ലാത്ത ജിഎസ്ടിയുടെ പരിധിയിലോട്ട് കൊണ്ടുവരണം എന്ന് പറയുന്നതിലെ ലോജിക്കില്ലായ്മ കേട്ട് കയ്യടിക്കുന്ന ഒരുപാട് പേരെ അന്നും അതിന് ശേഷവും തിയറ്ററിലും സോഷ്യൽ മീഡിയയിലും ട്രോൾ പേജിലും ചായക്കട ചർച്ചയിലുമെല്ലാം കണ്ടതിന്റെ സന്തോഷമായിരുന്നു മനസ്സ് നിറയെ. പറയുന്ന കാര്യം ശരിയാണെങ്കിലും തെറ്റാണെങ്കിലും അതൊന്നും ഞങ്ങളെ ബാധിക്കുന്ന വിഷയമല്ല. പറയുന്നത് ആരാണ്, ഞങ്ങളുടെ ദളപതി. പറയുന്നത് എങ്ങനെയാണ്, കൊലമാസ് സ്റ്റൈലിൽ. പോരാത്തതിന് പുട്ടിനു പീരപോലെ അടിയ്ക്കടി പഞ്ച് ഡയലോഗിന്റെ ഘോഷയാത്രയും. ഞങ്ങൾക്ക് ആഘോഷിക്കാൻ ഇത്രയും ധാരാളം.

മെർസൽ മാത്രമല്ല, വിജയുടെ ഏത് പടം റിലീസായാലും സിനിമ കണ്ടവർ അഭിപ്രായം പറയുന്നത് ഒരു പ്രത്യേകരീതിയിലാണ്.
ചോദ്യം: പടം എങ്ങനെയുണ്ട്.
ഉത്തരം: വിജയ് ഫാൻസിന് വേണ്ടതെല്ലാം ഉള്ള പടം.

ഇതാണ് വിജയ് സിനിമകളുടെ സ്ഥിരം റിവ്യൂ. വിജയ് ഫാൻസ് എന്നാൽ ഒരു പ്രത്യേകതരം ജീവികളാണ് എന്ന തരത്തിലുള്ള സൂചനകൾ കാണുന്നില്ലേ.? പടം കൊള്ളില്ലെങ്കിലും ഫാൻസ് അഥവാ, ഭക്തരുടെ കൂട്ടത്തിന് പടം ഇഷ്ടപ്പെടും. മൂപ്പർക്ക് ഒരു ലോഡ് ഫാൻസ് ഉള്ളതുകൊണ്ട് പടം ഹിറ്റാകും എന്ന കാര്യത്തിൽ സംശയമേതും വേണ്ട. സത്യത്തിൽ വിജയ് അത്ര മോശം നടൻ ഒന്നും അല്ല. അത്യാവശ്യം അഭിനയിക്കാനൊക്കെ അറിയാം. പക്ഷേ, അതൊന്നും മൂപ്പരുടെ ഭക്തർക്ക് വേണ്ട. വിജയണ്ണൻ ഷർട്ടുമ്മേൽ ഷർട്ടിട്ട്, അമ്മയെയും അനിയത്തിയെയും സ്നേഹിച്ച്, പാട്ട് പാടി ഡാൻസ് കളിച്ച്, വില്ലന്മാരെ പറന്നിടിച്ച്, നന്മയുടെ സന്ദേശം വിളമ്പി, ഗ്രാമത്തെയും രാജ്യത്തെയും ലോകത്തെയും രക്ഷിച്ചാൽ മതി. ഇത്തരം ചെറിയ മോഹങ്ങളേ ആ കുഞ്ഞുങ്ങൾക്കുള്ളൂ.

ആരാധ്യപുരുഷന്മാരുടെ പേരിലെ സാമ്യം കൊണ്ടാവാം, പിണറായി വിജയൻ ഫാൻസും (ഇളയ)ദളപതി വിജയ് ഫാൻസും പ്രഥമദൃഷ്ട്യാ അകൽച്ചയിൽ ആണെങ്കിലും കഴിഞ്ഞ കുറച്ച് നാളുകളായി അവർക്കിടയിലുള്ള അന്തർധാര വളരെയധികം സജീവമായി വരുന്നുണ്ട്.

വിജയണ്ണന്റെയും വിജയേട്ടന്റെയും ഫാൻസ് പലതരത്തിൽ പരസ്പരപൂരകങ്ങളായി മാറുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത് നാട് മുഴുവൻ വെള്ളം പൊങ്ങിയ കാലത്താണ്. വെള്ളത്തിൽ മുങ്ങിയ നാടിനെ പൊക്കിയെടുക്കുന്നതിനെക്കാൾ സോഷ്യൽ മീഡിയയിൽ വാഴ്ത്തുപാട്ട് പാടി, രക്തഹാരം അണിയിക്കാൻ വ്യഗ്രത കാണിച്ച ഫാൻസ് അസോസിയേഷൻ നടപടികൾ എന്റെ സൗഹൃദവലയത്തിലും പലപ്പോഴായി കാണാൻ ഭാഗ്യം സിദ്ധിച്ചിരുന്നു. ചോദ്യം ചെയ്തപ്പോൾ പലതവണ കണ്ടംവഴി ഓടേണ്ടതായും വന്നിട്ടുണ്ട്. അതുവരെ ആരെയും കൂസാതെ നെഞ്ചു വിരിച്ചുനിന്ന ഇരട്ടച്ചങ്കന്റെ വീരഗാഥ ഇന്ദ്രനെയും ചന്ദ്രനെയും പോലും പരിഹസിച്ചുകൊണ്ട് പാടിയ സൈബർ ആൻഡ് നോൺ- സൈബർ സഖാക്കൾ മെല്ലെ ഗിയറങ്ങ് ഡൗൺ ചെയ്തു. നമ്മൾ ഒന്നിച്ച് കേരളം വൃത്തിയാക്കാൻ ഇറങ്ങുമെന്ന് പറഞ്ഞ വീരസഖാവിന്റെ മഹാമനസ്കതയെ അവർ പുഷ്പവൃഷ്ടിയോടെ എതിരേറ്റു. ശത്രുവിനെ പോലും സ്നേഹിച്ച് ചേർത്തുനിർത്തിയ അദ്ദേഹത്തിന്റെ മനസ് കാണെടാ സംഘികളെ, കൊങ്ങികളെ, മൂരികളെ, സുഡാപ്പികളെ, എന്നിങ്ങനെ താടിക്ക് തട്ടിക്കൊണ്ടു പറയാനും ആയിരം പോരാളി ഷാജിമാർ അങ്ങിങ്ങ് അണിനിരന്നു.

ദുരിതാശ്വാസഫണ്ടിലേക്ക് അകമഴിഞ്ഞ് കൊടുത്താൽ മാത്രം പോരാ, മുഖ്യമന്ത്രിയോട് “പക്ഷേ”എന്ന വാക്കുപോലും ഉരിയാടാൻ പാടില്ലെന്ന് തീർത്ത് പറഞ്ഞുകളഞ്ഞു ചിലർ. “പക്ഷേ” എന്നെങ്ങാനും പറഞ്ഞുപോയാൽ സംഘിയാകും. അതായി സ്ഥിതി. നിപ്പയുടെ പേരിൽ അമേരിക്കക്കാരുടെ വക വലിയൊരു അവാർഡ് കിട്ടിയ മുഖ്യമന്ത്രിയ്ക്കും സർക്കാരിനും ഇത്തവണ കിട്ടിയത് ഓസ്കാർ ആണെന്ന് പറഞ്ഞാലും വിശ്വസിച്ചേ നിവൃത്തിയുള്ളൂ. പോരാത്തതിന്, ഉമ്മൻ ചാണ്ടി ആയിരുന്നെങ്കിൽ കീറിയ ഷർട്ട് ഇട്ട് ഷോ കാണിച്ചേനെ, കപ്പിത്താന്റെ കുപ്പായത്തിൽ നിന്നത് സഖാവായതുകൊണ്ട് മാത്രമാണ് സംസ്ഥാനം കര കേറിയത്, സഖാവിനെപ്പോലെ സഖാവ് മാത്രം, എന്നിങ്ങനെ ഏകാംഗനാടകങ്ങൾ വേറെയും. പ്രളയം നേരിടുന്നതിൽ ഒരു പാളിച്ച പോലും വിജയേട്ടന് വന്നിട്ടില്ല എന്ന് സ്ഥാപിച്ചുകളഞ്ഞു പഹയന്മാർ. ഡാം തുറന്നതും അടച്ചതും വെള്ളം പൊങ്ങിയതും താഴ്ന്നതുമൊന്നും ആരുമേ അറിഞ്ഞ ലക്ഷണമേയില്ല.

ഇപ്പറഞ്ഞ ഭക്തിയും വിശേഷാൽ വ്യക്തിപൂജകളും അനുബന്ധകലാപരിപാടികളും വീണ്ടും ടോപ്ഗിയറിലോട്ട് ഷിഫ്റ്റ് ചെയ്തത് ശബരിമലയിൽ സുപ്രീം കോടതിയുടെ വിധി വന്നപ്പോഴാണ്. കോടതി വിധി നടപ്പാക്കാൻ സർക്കാർ ഏത് അറ്റം വരെയും പോകും. അതിൽ സന്ധിയില്ല, സമാധാനമില്ല, പിന്തിരിയലില്ല. മുന്നോട്ട്, മുന്നോട്ട്, മുന്നോട്ട്. താല്പര്യമുള്ള ഏത് സ്‌ത്രീകൾക്കും മല കേറി, പതിനെട്ട് പടിയും ചവിട്ടി അയ്യപ്പനെ കാണാം. താല്പര്യം മാത്രം പോരാ, വിശ്വാസവും വേണമത്രെ. അതാണ് കോടതി ഉത്തരവ്. അത് മാത്രമേ ഞങ്ങൾ നടപ്പിലാക്കൂ. മറുചേരിയിൽ വിശ്വാസികളുടെ പ്രതികരണശേഷി ഹോൾസെയിലായി എടുത്ത ബിജെപിയാണ്. ബിജെപി പോലും വിചാരിച്ചതിന് എതിരായിട്ട് കോൺഗ്രസ്സിലെ പഹയന്മാർ വിശ്വാസികൾക്കൊപ്പം അങ്ങ് നിൽക്കാൻ തീരുമാനിച്ചു.

സംഗതി കോടതിയും പോലീസും സഖാക്കളും വിചാരിച്ചത്ര സിമ്പിളായില്ല. നെറ്റിയേൽ “സേവ് ശബരിമല” ബാനറും കെട്ടി രാഹുൽ ഈശ്വറും സംഘവും അവതരിപ്പിച്ച ഗാനമേളയ്ക്കാണ് കൂടുതൽ കാണികളെ കിട്ടിയത്. രാഹുലും പിള്ളേരും അവിടെയങ്ങ് അഴിഞ്ഞാടി. മല കേറാൻ വന്ന ആന്ധ്രാക്കാരും കർണാടകക്കാരും പേടിച്ച് പാതിവഴിയിൽ തിരിഞ്ഞോടി. ആയപ്പന്റെ ബ്രഹ്മചര്യം കേടു കൂടാതെ പ്രിസേർവ് ചെയ്യപ്പെട്ടു. അടുത്ത ദിവസം ദാണ്ടേ വരുന്നു, രഹന ഫാത്തിമ. രഹന ഫാത്തിമാന്ന് പറഞ്ഞാൽ ആരാ.? “ആക്ടിവിസ്റ്റ്”. ആ വാക്കിന്റെ അർത്ഥം എന്താണ്.? ആക്ടിവിസ്റ്റ് എന്നാൽ അവിശ്വാസി എന്നാണെന്ന് ആരോ പാവം കടകംപള്ളിയെ വിശ്വസിപ്പിച്ചു. മൂപ്പർ കേട്ടപാതി കേൾക്കാത്തപാതി കല്പന ഇട്ടു, ആക്ടിവിസത്തിനുള്ള സ്ഥലമല്ല ശബരിമല. വിശ്വാസികൾ മാത്രം മതി അവിടെ. വിശ്വാസം അളക്കാനുള്ള യന്ത്രം കേരള പോലീസിന്റെ കൈയിൽ ഉണ്ടെന്നാണ് കരക്കമ്പി. അങ്ങനെ പരിശോധനയിൽ പരാജയപ്പെട്ട റഹനയ്ക്ക് പ്രവേശനം ഇല്ല. ഇതേ കടകംപള്ളി വൈകിട്ട് പറയുന്നു, രഹന ബിജെപിയുടെ ഇറക്കുമതി ആണെന്ന്. രഹനയും സുരേന്ദ്രനും തമ്മിൽ മുൻകൂട്ടി കൂടിക്കാഴ്ച നടത്തി എല്ലാം പ്ലാൻ ചെയ്തത്രേ. അതിന് അദ്ദേഹം കടമെടുത്തത് രശ്മി ആർ നായരുടെ ഫെയ്സ്ബുക് പോസ്റ്റ്.

അതോടെ ഒരു തീരുമാനം ആയി. ആക്ടിവിസ്റ്റുകൾക്ക് പ്രവേശനമില്ല. ആദ്യത്തെ ആവേശം അവിടെ ചോർന്നു. പക്ഷേ, ഫെയ്‌സ്ബുക്കിൽ മാത്രം ചോർച്ച ഏതുമില്ല. സൈബർ സഖാക്കൾ ഘോരഘോരം ജയ് വിളിച്ചപ്പോൾ മുഖ്യമന്ത്രി സംസ്ഥാനത്തെ മൈതാനങ്ങളിലെല്ലാം നിറഞ്ഞുനിന്നു. പ്രസംഗങ്ങളിൽ പുളകിതരായ പോരാളി ഷാജിസാറും സംഘവും വിജയേട്ടനെ ഉപമിച്ചത് ആരോടാണെന്നോ.? നാരായണ ഗുരുവിനും അയ്യങ്കാളിയ്ക്കും ശേഷം വിജയേട്ടൻ ആണത്രേ. നവകേരളത്തിലെ നവോത്ഥാന നായകപ്പട്ടവും വിജയേട്ടന് തന്നെ. രാജ്യത്തിന്റെ പ്രതീക്ഷയാണത്രേ വിജയേട്ടൻ. മൈതാനപ്രസംഗത്തിൽ വിജയേട്ടൻ എന്താണ് പറഞ്ഞതെന്ന് ചോദിച്ചാൽ അതൊന്നും പറയാൻ പറ്റില്ല. പക്ഷേ, വിജയേട്ടൻ മാസ്സാണ്. എന്ത് പറഞ്ഞു എന്നതിലല്ല, അത് ആര് പറഞ്ഞു എന്നതിലാണ് ഹേ കാര്യം. ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലാത്ത ആൾ പറഞ്ഞാൽ അതിൽ തെറ്റൊന്നും ഉണ്ടാവില്ല. ഇവിടെയാണ് മറ്റേ അന്തർധാര ശരിക്കും സജീവമാകുന്നത്. ആൾ കേരള വിജയേട്ടൻ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷന്റെ എല്ലാ യൂണിറ്റുകളും സജീവമാണ്. ഏത് ആക്രമണവും നേരിടാൻ സജ്ജവും. അതുകൊണ്ട് കളി വേണ്ട മോനേ.

ഇത് വെറുതെ ഒരു രസത്തിന് ഒന്ന് ചോദിച്ചുനോക്കിയാലോ.?
“അല്ല സഖാവേ, ശബരിമലയിൽ കാര്യങ്ങളെല്ലാം ബിജെപിയുടെ നിയന്ത്രണത്തിൽ അല്ലേ, നമുക്കും പോലീസിനും എന്താണ് റോൾ.?”
ഉടനെ വരും ഉത്തരം, “നീ സംഘി അല്ലേടാ.?”

“നമ്മൾ ശരിക്കും വിജയിച്ചോ സഖാവേ” എന്ന് ചോദിച്ചാലോ, മറുപടി എന്താവും.?

“അവിടെ തോറ്റത് കോൺഗ്രസ് ആണ്. ബിജെപിയുടെ പ്ലാനിൽ കോൺഗ്രസ് വീണുപോയി. നമ്മൾ അങ്ങനെയല്ല. നമ്മൾ സ്ട്രോങ്ങാണ്. ശബരിമല കലാപഭൂമി ആക്കിയിട്ടല്ല കോടതിവിധി നടപ്പാക്കേണ്ടത്. അങ്ങനെ ചെയ്താൽ നാട് മുഴുവൻ കലാപത്തിൽ കത്തും. അതാണ് ബിജെപിയുടെ ലക്ഷ്യം. അതിന് നമ്മൾ ഇടവരുത്തരുത്.”

അല്ല സഖാവേ, ഇത് തന്നെയല്ലേ ആദ്യം മുതൽക്കേ നിങ്ങളോട് പലവട്ടം പറഞ്ഞത്.? പിന്നെന്തിനായിരുന്നു ഈ കച്ചകെട്ടലും പടപ്പുറപ്പാടും.? ഓരോന്നിനും അതിന്റെതായ രീതിയുണ്ട് ദാസാ.

ചന്ദ്രിക വെബ് ഡെസ്‌ക്‌: