X

ഭയക്കണം രോഗ വിസ്‌ഫോടനത്തെ-എഡിറ്റോറിയല്‍

മാലയില്‍നിന്ന് ഊര്‍ന്നുവീഴുന്ന മുത്തുകള്‍ പോലെ മഹാമാരികള്‍ മനുഷ്യരാശിയെ നിരന്തരം വേട്ടയാടിത്തുടങ്ങിരിക്കുന്നു. കോവിഡും അനുബന്ധ വകഭേദങ്ങളും ഉണ്ടാക്കിയ അലയൊലികള്‍ അടങ്ങുന്നതിന് മുമ്പെ ലോകത്ത് മങ്കിപോക്‌സ് രോഗികളുടെ എണ്ണവും കൂടുകയാണ്. വ്യാപനത്തിന്റെ രൂക്ഷത കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ) മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചുകഴിഞ്ഞു. 1980കളില്‍ ലോകത്തുനിന്ന് ഉന്മൂലനം ചെയ്യപ്പെട്ടുവെന്ന് പ്രഖ്യാപിക്കപ്പെട്ട വസൂരിയുടെ ലക്ഷണങ്ങളുമായി ഈ രോഗത്തിന് സാമ്യമുണ്ട്. വസൂരിയെ പോലെ മാരകമല്ലെങ്കിലും ആരോഗ്യസംവിധാനങ്ങളുടെ താളം തെറ്റിക്കാന്‍ മങ്കിപോക്‌സിന് സാധിക്കും. മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കണ്ടിരുന്ന രോഗം ഇപ്പോള്‍ ഇന്ത്യയടക്കം 74 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചുകഴിഞ്ഞു. അതില്‍ 70 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളിലാണ്. രോഗവ്യാപനം ആരംഭിച്ച ശേഷം 16,836 കേസുകളും അഞ്ച് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യു.എ.ഇയില്‍നിന്ന് എത്തിയ മൂന്നു പേരിലൂടെയാണ് മങ്കിപോക്‌സ് കേരളത്തില്‍ സാന്നിദ്ധ്യം അറിയിച്ചത്. കഴിഞ്ഞ ദിവസം ആദ്യമായി ഡല്‍ഹിയിലും രോഗം റിപ്പോര്‍ട്ട് ചെയ്തു. ചുരുക്കത്തില്‍ ലോകം മുഴുക്കെയും പടര്‍ന്നുപിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഡബ്ല്യു.എച്ച്.ഒ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.

കോവിഡില്‍ സംഭവിച്ചതുപോലൊരു അലംഭാവം മങ്കിപോക്‌സിന്റെ കാര്യത്തില്‍ ഉണ്ടാകരുതെന്ന് തുടക്കം മുതലേ വിദഗ്ധര്‍ ഓര്‍മിപ്പിച്ചിരുന്നു. മരണനിരക്ക് കുറവാണെങ്കിലും രോഗിയുടെ ആരോഗ്യനിലയെ ആശ്രയിച്ച് അപകടാവസ്ഥ ഉയരാന്‍ സാധ്യതയുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് മങ്കിപോക്‌സ് മനുഷ്യരിലേക്ക് പടരുന്നത്. സമീപ കാലത്ത് ലോകത്ത് റിപ്പോര്‍ട്ട് ചെയ്ത പകര്‍ച്ചവ്യാധികളുടെ ഉറവിടം മൃഗങ്ങളാണെന്ന് വ്യക്തമായിരിക്കെ അതേക്കുറിച്ചുള്ള പഠനങ്ങളും സജീവമായി നടക്കുന്നുണ്ട്. കോവിഡും അതിന് മുമ്പുള്ള സാര്‍സ്, എബോള, സിക വൈറസുകളുമെല്ലാം ജന്തുജന്യമാണ്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് സ്വന്തം ആവാസവ്യവസ്ഥകള്‍ തകര്‍ന്നതോടെ വന്യജീവികള്‍ മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് നീങ്ങുന്നതാണ് സമ്പര്‍ക്കവും അതുവഴി രോഗബാധയും കൂട്ടുന്നതെന്ന് ജോര്‍ജ്ടൗണ്‍ യൂനിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിന്റെ പഠനം ചൂണ്ടിക്കാട്ടുന്നു. നാളിതുവരെയും ലോകം അവഗണിച്ചുപോന്നിരുന്ന ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും മനുഷ്യജീവിതത്തെ നേരിട്ട് ബാധിച്ചു തുടങ്ങിയതിന്റെ പ്രകടമായ സൂചനകളാണ് അവയൊക്കെ.

വവ്വാലുകളില്‍നിന്നും പക്ഷികളില്‍നിന്നും മനുഷ്യരിലേക്ക് പടരുന്ന രോഗങ്ങളുടെ എണ്ണം കുതിച്ചുയരുകയാണ്. വവ്വാലുകള്‍ക്കിടയില്‍ 3200ലേറെ ഇനം കൊറോണ വൈറസുകള്‍ മനുഷ്യരിലേക്ക് പടരാന്‍ അവസരം പാര്‍ത്തിരിക്കുന്നുണ്ടെന്നാണ് പഠന റിപ്പോര്‍ട്ട്. മനുഷ്യന്‍ എത്തിപ്പെടാത്ത വിദൂര സ്ഥലങ്ങളില്‍ ഒതുങ്ങിനിന്നിരുന്ന ഇത്തരം മഹാമാരികള്‍ ചങ്ങല പൊട്ടിച്ച് ഇറങ്ങിയതിന് ഉത്തരവാദി നാം തന്നെയാണ്. സഹജീവികളുടെ സ്വസ്ഥത തകര്‍ത്ത് വികസനങ്ങളുടെ പേരില്‍ അവരുടെ ആവാസ വ്യവസ്ഥകളില്‍ കൈ വെക്കുമ്പോള്‍ ഇത്തരം രോഗങ്ങള്‍ മനുഷ്യനെ തേടിയെത്തുക സ്വാഭാവികം. പ്രകൃതിയെ നാം കുത്തകയാക്കി വെക്കാന്‍ നോക്കിയപ്പോഴൊക്കെ തിരിച്ചടി നേരിട്ടുണ്ട്. കോവിഡ് മഹാമാരി കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്ത ഫലമാണെന്ന വസ്തുത ഏറെയൊന്നും ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. പക്ഷെ, ദക്ഷിണ ചൈനയിലെ വിദൂര വനാന്തരങ്ങളില്‍ കാണപ്പെടുന്ന വവ്വാലുകളാണ് കോവിഡ് വൈറസിന്റെ വാഹകരെന്ന് ഗവേഷകര്‍ സമ്മതിക്കുകയും ചെയ്യുന്നു. നശീകരണ പ്രവര്‍ത്തനങ്ങളും കാട്ടുതീകളും വനങ്ങളെ കാര്‍ന്നു തിന്നുമ്പോള്‍ വന്യജീവികള്‍ മനുഷ്യവാസ കേന്ദ്രങ്ങളില്‍ അഭയം തേടുകയാണ്.

ജനസംഖ്യയിലെ കുതിച്ചു ചാട്ടങ്ങള്‍ പാര്‍പ്പിടത്തിനും കൃഷിക്കും കൂടുതല്‍ വനഭൂമി വെട്ടിനശിപ്പിക്കാന്‍ മനുഷ്യന്‍ നിര്‍ന്ധിതനാക്കും. അതോടൊപ്പം മഹാമാരികളും കാടു കടന്ന് നാട്ടിലെത്തുമെന്ന് ഉറപ്പാണ്. പരിസ്ഥിതിയെ അവഗണിച്ചുള്ള പോക്ക് പുതിയ രോഗവിസ്‌ഫോടനങ്ങളിലായിരിക്കും അവസാനിക്കുക. ഇപ്പോഴും ഭരണകൂടങ്ങളുടെ ഭംഗി വാക്കുകളായി ചുരുങ്ങിയിരിക്കുന്ന പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളായിരിക്കും ഭാവിയില്‍ ലോകത്തിന്റെ മുഖ്യ ആലോചനാ വിഷയം. അതിലേക്കുള്ള ചുടവുവെപ്പുകള്‍ ആരംഭിച്ചുകഴിഞ്ഞു. പക്ഷെ, വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാന്‍ സമൂഹത്തിന് സാധിച്ചിട്ടില്ല. പരിസ്ഥിതി നിരക്ഷരതയുടെ തടവില്‍ തന്നെയാണ് മനുഷ്യന്‍ ഇപ്പോഴും. അതില്‍നിന്ന് പുറത്തുകടക്കാനുള്ള പദ്ധതികളെക്കുറിച്ചാണ് ഭരണകൂടങ്ങള്‍ സജീവമായി ചിന്തിക്കേണ്ടതുണ്ട്. അവസാന മണിക്കൂറിലെങ്കിലും ഉറക്കം നടിച്ചിരിക്കാതെ നാം ഉണര്‍ന്നേ തീരൂ.

Chandrika Web: