X

ലോകകപ്പില്‍ കളിക്കാര്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചോ..? ഫിഫയുടെ പരിശോധന ഫലം പുറത്ത്

മോസ്‌കോ: റഷ്യന്‍ ലോകകപ്പിനിടെ കളിക്കാര്‍ മരുന്നടിച്ചോ എന്ന ഫിഫയുടെ പരിശോധനാ ഫലം പുറത്തുവന്നു. 3,000ത്തോളം പരിശോധനകളില്‍ ഒരെണ്ണംപോലും പോസിറ്റീവ് ആയില്ലെന്നാണ് ഫിഫയുടെ റിപ്പോര്‍ട്ട്. കളിക്കാരുടെ ലോകകപ്പിന് മുന്‍പും ലോകകപ്പിനിടെയും ശേഖരിച്ച സാമ്പിളുകളാണ് പരിശോധക്കായി ശേഖരിച്ചത്. 2,761 സാമ്പിളുകള്‍ ലോകകപ്പിന് മുന്‍പും 626 സാമ്പിളുകള്‍ കളിക്കിടെയും ശേഖരിച്ചിരുന്നു.

അവസാന നാലിലെത്തിയ ടീമിലെ കളിക്കാരുടെ സാമ്പിളുകള്‍ ശരാശരി നാലു തവണയോളം പരിശോധിച്ചു. കളിക്കാരുടെ മുന്‍കാല ചരിത്രം കൂടി വിലയിരുത്തി ചിലരുടേത് വിശദമായ പരിശോധനകള്‍ നടത്തിയിരുന്നു. പ്രത്യേകിച്ചും പരിക്കുമൂലം വിട്ടുനിന്നവര്‍ തിരിച്ചെത്തി മികച്ച പ്രകടനം നടത്തിയെങ്കില്‍ അത് പ്രത്യേകമായി വിലയിരുത്തുകയുണ്ടായി. പരിശോധനയ്ക്കായി എടുത്ത സാമ്പിളുകള്‍ 10 വര്‍ഷത്തേക്ക് സൂക്ഷിച്ചുവെക്കുമെന്നും ഫിഫ അറിയിച്ചു. ഭാവിയില്‍ വീണ്ടും പരിശോധിക്കാനായിട്ടാണിത്.

ഈ വര്‍ഷം എല്ലാ കളിക്കാരുടെയും സാമ്പിളുകള്‍ ശേഖരിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ഫിഫ അത്‌ലറ്റിക് മാനേജ്‌മെന്റ് യൂണിറ്റ് ഓരോ സാമ്പിളുകളും വിദഗ്ധരായ പ്രഫണലുകളെ കൊണ്ടാണ് പരിശോധിപ്പിച്ചത്. കളിക്കാരുടെ പ്രകടനം മെച്ചപ്പെടുത്തുന്ന തരത്തിലുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു പരിശോധന. എന്നാല്‍ ലഭിച്ച സാമ്പിളുകളിലൊന്നും അത്തരമൊരു മരുന്നിന്റെ സാന്നിധ്യം കണ്ടെത്താനായില്ല.

chandrika: