X

സന്തോഷ് ട്രോഫി ഫൈനല്‍ കാണാന്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫെന്റിനോയും

സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന് മുഖ്യാതിഥിയായി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫെന്റിനോയും. ഇന്ന് ചേര്‍ന്ന അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബേയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. അരുണാചല്‍ പ്രദേശില്‍ നടക്കുന്ന ഇത്തവണത്തെ സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് ‘ഫിഫ സന്തോഷ് ട്രോഫി’ എന്ന പേരിലാകും സംഘടിപ്പിക്കുകയെന്നും ചൗബേ വ്യക്തമാക്കി.

വരുന്ന മാര്‍ച്ചില്‍  ഇന്ത്യ സന്ദര്‍ശിക്കാനിരിക്കുകയായിരുന്നു ഇന്‍ഫെന്റിനോ. അദ്ദേഹത്തിന്റെ സൗകര്യാര്‍ഥം മാര്‍ച്ച് ഒമ്പതിനോ, പത്തിനോ ആയിരിക്കും സന്തോഷ് ട്രോഫി ഫൈനല്‍ മത്സരം സംഘടിപ്പിക്കുകയെന്നും ചൗബേ കൂട്ടിച്ചേര്‍ത്തു. കൂടാതെ ഈ മാസം അവസാനം ഫിഫയുടെ ആഗോള ഫുട്ബോള്‍ ഡെവലപ്മെന്റ് തലവനും വിഖ്യാത പരിശീലകനുമായ ആഴ്സന്‍ വെങ്ങറും ഇന്ത്യയിലെത്തുന്നുണ്ട്.

വെങ്ങറുടെ വരവ് ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ യൂത്ത് ഡെവലപ്മെന്റ് പദ്ധതികളുടെ മുഖച്ഛായ തന്നെ മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫിഫ അക്കാദമി ഇന്ത്യയില്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് വെങ്ങറുമായി ചര്‍ച്ച നടത്തുമെന്നും ചൗബെ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ അഞ്ചു മേഖലകളിലായി അഞ്ച് അക്കാദമികള്‍ ആരംഭിക്കണമെന്നാണ് തങ്ങളുടെ ആവശ്യവും ആഗ്രഹവുമെന്നും അദ്ദേഹം പറഞ്ഞു.

 

webdesk13: