X

ഇനി മരണക്കളി; ഫ്രാന്‍സിന് സ്‌പെയിന്‍,ബ്രസീലിന് ഹോണ്ടുറാസ്

ഗോഹട്ടി: കുട്ടി ലോകകപ്പില്‍ രണ്ടാം റൗണ്ട് ചിത്രമായി. ആദ്യ റൗണ്ട് സമാപിച്ചപ്പോള്‍ കാര്യമായ അട്ടിമറികളൊന്നും നടന്നില്ല. ഫ്രാന്‍സ്,ജപ്പാന്‍, സ്‌പെയിന്‍, അമേരിക്ക, നൈജര്‍, ഹോണ്ടുറാസ്, ഇംഗ്ലണ്ട്, മെക്‌സിക്കോ, ഘാന, ഇറാന്‍, കൊളംബിയ, ജര്‍മനി, മാലി, ഇറാഖ്, പരാഗ്വേ, ബ്രസീല്‍ എന്നിവരാണ് ചാമ്പ്യന്‍ഷിപ്പില്‍ ഇനി അവശേഷിക്കുന്നവര്‍. ഇന്ന് കളിയില്ല. നാളെ ഡല്‍ഹി നെഹ്‌റു സ്‌റ്റേഡിയത്തിലാണ് പ്രി ക്വാര്‍ട്ടര്‍ ആരംഭിക്കുന്നത്. ആദ്യ പോരാട്ടത്തില്‍ വൈകീട്ട് അഞ്ചിന് കൊളംബിയ ജര്‍മനിയെ നേരിടുമ്പോള്‍ രാത്രി പരാഗ്വേ-അമേരിക്ക പോരാട്ടമാണ്. 17ന് ഗോവയില്‍ നടക്കുന്ന പ്രീ ക്വാര്‍ട്ടറില്‍ ഇറാന്‍ മെക്‌സിക്കോയെയും ഗോഹട്ടിയില്‍ ഫ്രാന്‍സ് സ്‌പെയിനിനെയും കൊല്‍ക്കത്തയില്‍ ജപ്പാനും ഇംഗ്ലണ്ടും കളിക്കും. അന്ന് തന്നെ ഗോവയില്‍ മാലി ഇറാഖിനെ എതിരിടും. 18നാണ് കൊച്ചിയിലെ പ്രി ക്വാര്‍ട്ടര്‍. രാത്രി എട്ടിന് ബ്രസീലും ഹോണ്ടുറാസും നേര്‍ക്കു നേര്‍. അന്ന് ആദ്യ പോരാട്ടത്തില്‍ മുംബൈയില്‍ ഘാനയും നൈജറും കളിക്കും.

ഹോണ്ടുറാസിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് നാമാവശേഷമാക്കി ഫ്രാന്‍സ് ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഗ്രൂപ്പ് ഇയില്‍ ഒന്നാമന്മാരായി. ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരം ഇരുപത് മിനുട്ട് പിന്നിടുമ്പോള്‍ തന്നെ മൂന്ന് ഗോളാണ് മല്‍സരത്തില്‍ പിറന്നത്. ഫ്രാന്‍സിനെ ഞെട്ടിച്ചു കൊണ്ട് ഹോണ്ടുറാസ് കാര്‍ലോസ് മെജിയയിലൂടെ ലീഡ് നേടി. അധികം താമസിയാതെ വില്‍സണ്‍ ഇസിഡോര്‍ ഫ്രാന്‍സിന് വേണ്ടി സമനില നേടി. അലക്‌സി ഫിലിപ്‌സ് ഫ്രാന്‍സിനായി ലീഡ് നേടിയപ്പോള്‍ മുതല്‍ മല്‍സരം ഏകപക്ഷീയമായി. രണ്ടാം പകുതിയില്‍ അലക്‌സി തന്റെ രണ്ടാം ഗോളുമായി ഫ്രഞ്ച് ആധിപത്യത്തിന് അടിവരയിട്ടു. ചാമ്പ്യന്‍ഷിപ്പിലെ ഗോള്‍വേട്ടക്കാരന്‍ അമൈന്‍ഗുവാരിയയുടെ ഊഴമായിരുന്നു പിന്നെ. ചാമ്പ്യന്‍ഷിപ്പിലെ തന്റെ അഞ്ചാം ഗോളുമായി യുവതാരം മിന്നിയപ്പോള്‍ യാസിന്‍ ആദില്‍ ടീമിന്റെ അഞ്ചാം ഗോള്‍ നേടി. പ്രി ക്വാര്‍ട്ടറില്‍ ഫ്രാന്‍സിന്റെ എതിരാളികള്‍ കരുത്തരായ അയല്‍വാസികള്‍ സ്‌പെയിനാണ്. അതേസമയം തോറ്റിട്ടും രക്ഷപ്പെട്ട ഹോണ്ടുറാസ് പ്രി ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കൊച്ചിയില്‍ ബ്രസീലിനെ നേരിടും.

ദുര്‍ബലരായ ന്യൂകാലിഡോണിയക്കെതിരെ 1-1 സമനില നേടിയ ജപ്പാനാണ് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാര്‍. നാല് പോയന്റാണ് അവര്‍ക്കുള്ളത്. ഒന്നാം പകുതിയില്‍ കൈതോ നകമുറയുടെ ഗോളില്‍ ജപ്പാന്‍ ലീഡ് നേടി. എന്നാല്‍ മല്‍സരത്തിന്റെ അവസാനത്തില്‍ ജേക്കബ് ജിനോ കാലിഡോണിയയുടെ ചരിത്ര ഗോളുമായി സമനില നേടി. ഫിഫ ചാമ്പ്യന്‍ഷിപ്പില്‍ കാലിഡോണിയക്കാരുടെ ആദ്യ ഗോളാണിത്. ഗ്രൂപ്പ് എഫില്‍ പ്രതീക്ഷിക്കപ്പെട്ടത് പോലെ ഇംഗ്ലണ്ട് ഒന്നാമന്മാരായി. ഇന്നലെയവര്‍ ഇറാഖിനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്തു. ലോഡാര്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഗോമസ്, സ്മിത്ത് റോ എന്നിവരുടെ ബൂട്ടുകളും ചലിച്ചു. തോറ്റെങ്കിലും ഗ്രൂപ്പില്‍ നാല് പോയന്റുമായി രണ്ടാം സ്ഥാനക്കാരായി ഇറാഖ് പ്രി ക്വാര്‍ട്ടറിലെത്തി. ശക്തരായ മാലിയാണ് അടുത്ത മല്‍സരത്തിലെ പ്രതിയോഗികള്‍. ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ മെക്‌സിക്കോയും ചിലിയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. മെക്‌സിക്കോ ഗ്രൂപ്പില്‍ മൂന്നാമന്മാരായി പ്രി ക്വാര്‍ട്ടറില്‍ ഇറാനെ നേരിടാന്‍ യോഗ്യത നേടി.

chandrika: