X

ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ മന്ത് രോഗം പടരുന്നു

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ കഴിയുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മന്ത് രോഗം വ്യാപിക്കുന്നതായി ആരോഗ്യവിഭാഗം വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 12 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം പിടിപെട്ടവരുടെ എണ്ണം 45 ആയി. തൊഴിലാളികളുടെ താമസ സ്ഥലത്ത് പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കാന്‍ ആരോഗ്യവകുപ്പ് ശ്രമങ്ങള്‍ തുടങ്ങി. കായക്കൊടി പഞ്ചായത്തില്‍നിന്ന് രക്തസാമ്പിളുകള്‍ ശേഖരിച്ച 12 പേര്‍ക്കാണ് മന്ത് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം ഇതേ മേഖലയില്‍ 33 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം കണ്ടെത്തിയവരില്‍ 43 പേര്‍ ജാര്‍ഖണ്ഡ് സ്വദേശികളും രണ്ട് പേര്‍ ബീഹാര്‍ സ്വദേശികളുമാണ്. ഇവരെല്ലാം അതത് സംസ്ഥാനങ്ങളില്‍നിന്ന് രോഗം ബാധിച്ചെത്തിയതാണെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. അതേസമയം മന്ത് രോഗത്തിന് കാരണമാകുന്ന ക്യൂലക്‌സ് കൊതുകുകളെ കായക്കൊടി പഞ്ചായത്തില്‍ കണ്ടെത്തിയിട്ടുമുണ്ട്. ഇതോടെ ഇതര സംസ്ഥാന തൊഴിലാളികളുടെ എല്ലാ താമസ കേന്ദ്രങ്ങളിലും ക്യാമ്പുകള്‍ നടത്തി രോഗനിര്‍ണ്ണയം നടത്താനാണ് തീരുമാനം.
ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കേന്ദ്രങ്ങള്‍ക്ക് ഗ്രേഡിങ് ഏര്‍പ്പെടുത്താനും ജില്ലാ ഭരണകൂടം തീരുമാനിച്ചു. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ തൊഴിലാളികള്‍ താമസിക്കുന്നത്. ഇത്്് രോഗം പടര്‍ന്നുപിടിക്കാന്‍ കാരണമാകുന്നുവെന്നാണ് വിലയിരുത്തുന്നത്. മാര്‍ച്ച് മാസത്തോടെ നിലവാരമില്ലാത്ത എല്ലാ താമസ കേന്ദ്രങ്ങളും അടച്ചു പൂട്ടാനാണ് തീരുമാനം.
അതേസമയം, ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങളില്‍ ശുചിത്വം ഉറപ്പാക്കാന്‍ കാര്യമായ ശ്രമങ്ങള്‍ ഉണ്ടാവുന്നില്ലെന്ന് പരാതിയുണ്ട്. തൊഴിലുടമകള്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കാറില്ല. തൊഴിലാളികളുടെ എണ്ണം, ആരോഗ്യസ്ഥിതി, ജീവിത പശ്ചാത്തലം തുടങ്ങിയ കാര്യങ്ങള്‍ വിശദമായി രേഖപ്പെടുത്തുന്നില്ല.

chandrika: