X

ഉഴവൂര്‍ പഞ്ചായത്തിനെ നയിക്കാന്‍ 22കാരന്‍; പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡണ്ട്

കോട്ടയം: ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡണ്ടായി 22 വയസ്സു പ്രായമുള്ള വിദ്യാര്‍ത്ഥി ജോണിസ് പി സ്റ്റീഫന്‍ അധികാരമേല്‍ക്കും. ഇതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡണ്ടാകും ജോണിസ്. വണ്‍ ഇന്ത്യ വണ്‍ പെന്‍ഷനെ പ്രതിനിധീകരിച്ചാണ് ഇദ്ദേഹം തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.

13 അംഗ പഞ്ചായത്തില്‍ അഞ്ചു സീറ്റുകള്‍ നേടി യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമാണ്. ഇതോടെയാണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റി(ഒഐഒപി)ന്റെ നിലപാട് നിര്‍ണായകമായത്. രണ്ടിടത്താണ് പാര്‍ട്ടി വിജയിച്ചത്. ബിജെപിക്ക് ഒരു സീറ്റു കിട്ടി.

തെരഞ്ഞെടുപ്പിന് ശേഷം നടന്ന ചര്‍ച്ചയില്‍ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷനുമായി യുഡിഎഫ് സഖ്യത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ആദ്യ രണ്ടര വര്‍ഷമാണ് ജോണിസ് അധികാരം കൈയാളുക. രണ്ടാമൂഴത്തില്‍ കോണ്‍ഗ്രസിന് പ്രസിഡണ്ട് പദം കൈമാറും. പഞ്ചായത്തില്‍ ഒഐഒപി എട്ടു സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തിയിരുന്നത്. ജോണിസിന് പുറമേ, അഞ്ജു പി ബെന്നിയാണ് ജയിച്ച മറ്റൊരാള്‍.

ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര വിദ്യാര്‍ത്ഥിയാണ് ജോണിസ്. ഇപ്പോള്‍ മൂന്നാം സെമസ്റ്ററില്‍ പഠിക്കുന്നു. കോഴ്‌സ് പൂര്‍ത്തിയാകാന്‍ ഇനിയും മൂന്നു മാസത്തിലേറെ ബാക്കിയുണ്ട്. അധ്യാപക ദമ്പതികളായ പാണ്ടിയാംകുന്നേല്‍ സ്റ്റീഫന്റെയും ലൈബിയുടെയും മകനാണ്. സഹോദരി പ്ലസ് ടു വിദ്യാര്‍ത്ഥിനി ജ്യോതിസ് മരിയ.

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കിയ ഇദ്ദേഹം എന്‍സ്എസ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. വാര്‍ഡിലെ ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിച്ചിരുന്നു എന്നും അവരുടെ ആഗ്രഹപ്രകാരമാണ് മത്സരിച്ചത് എന്നും ജോണിസ് പ്രതികരിച്ചു.

60 കഴിഞ്ഞ എല്ലാവര്‍ക്കും പെന്‍ഷന്‍ വേണം എന്നു വാദിക്കുന്ന പ്രസ്ഥാനമാണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍. ബിജെപിയെ സഹായിക്കുന്ന നിലപാടാണ് സംഘടനയുടേത് എന്ന ആരോപണം ഉണ്ടായിരുന്നു.

Test User: