X

മൂന്നാം ഉത്തേജന പാക്കേജുമായി ധനമന്ത്രി; കുറഞ്ഞ നികുതി വെട്ടിപ്പിനെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കി

പണപ്പെരുപ്പവും കയറ്റുമതി ഇടിവുമായി രാജ്യം സാമ്പത്തിക തകര്‍ച്ചയിലൂടെ കടന്ന് പോകവെ വീണ്ടും ഉത്തേജന പാക്കേജുകളുമായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. സാമ്പത്തിക മാന്ദ്യം മറികടക്കാനായി മൂന്നാം ഉത്തേജന പാക്കേജ് പ്രഖ്യാപനമാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയത്.

സാമ്പത്തിക മാന്ദ്യം നേരിടാന്‍ കൂടുതല്‍ നടപടികള്‍ എടുക്കുമെന്ന് വ്യക്തമാക്കിയ ധനമന്ത്രി, 25 ലക്ഷത്തില്‍ താഴെയുള്ള നികുതി വെട്ടിപ്പിനെ ശിക്ഷ നടപടിയില്‍ നിന്ന് ഒഴിവാക്കി. നികുതിയുടെ പേരില്‍ പീഡനമുണ്ടാകില്ലെന്നും നികുതി നടപടികള്‍ ഈ ഫയലിംഗിലൂടെ മാത്രം മതിയെന്നും ധനമന്ത്രി പറഞ്ഞു. കയറ്റുമതി മെച്ചപ്പെടുത്താന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. കയറ്റുമതിയില്‍ ആഗസ്റ്റ് വരെയുള്ള കണക്ക് പ്രകാരം 6.05 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

കയറ്റുമതിയും അഭ്യന്തര ഉത്പാദനവും കൂട്ടാന്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇതിനായി ചെറുകിട, ഇടത്തരം കമ്പനികള്‍ക്കും, കയറ്റുമതിക്കാര്‍ക്കുമുള്ള പലിശ എകീകരണ സ്‌കീം ഉയര്‍ത്തി. കയറ്റുമതി ഉത്തേജനത്തിനായി റിസര്‍വ് ബാങ്ക് 62000 കോടി നല്‍കും. 2020 മാർച്ചോടെ രാജ്യത്തെ പ്രധാന നാല് നഗരങ്ങളില്‍ മെഗാഷോപ്പിങ് ഫെസ്റ്റിവെലുകള്‍ സംഘടിപ്പിക്കുമെന്നും ജി.എസ്.ടി കൗണ്‍സിലിന് മുമ്പ് സെപ്റ്റംബര്‍ 19 ന് പൊതുമേഖലാ ബാങ്കുകളുടെ മേധാവികളുമായി കൂടിക്കാഴ്ച നടത്തും. നികുതി നല്‍കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം ലളിതമാക്കും. 2020ല്‍ പുതിയ നികുതി നിയമം കൊണ്ടുവരുമെന്നും ധനമന്ത്രി പറഞ്ഞു.

സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്നും രാജ്യത്തെ പണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെ നിര്‍ത്താന്‍ സാധിച്ചുവെന്നും നാണ്യപെരുപ്പം നിയന്ത്രിതമാണെന്നും ധനമന്ത്രി അവകാശപ്പെട്ടു.

chandrika: