X
    Categories: Newsworld

ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോക്ക് അപേക്ഷ നല്‍കി

ബ്രസല്‍സ്: ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ അംഗത്വത്തിന് സംയുക്താപേക്ഷ നല്‍കി. 30 അംഗ സൈനിക സഖ്യം അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ സാധാരണ ഗതിയില്‍ 12 മാസം വരെ കാത്തിരിക്കേണ്ടിവരും. എന്നാല്‍ റഷ്യന്‍ ഭീഷണി കണക്കിലെടുത്ത് തീരുമാനം വേഗത്തിലാക്കാന്‍ സാധ്യതയുണ്ട്. ചുരുങ്ങിയ ദിവസം കൊണ്ട് ഇരു രാജ്യങ്ങളെയും നാറ്റോയില്‍ എടുക്കണമെന്നാണ് കാനഡ ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷകള്‍ സന്തോഷത്തോടെ സ്വീകരിക്കുന്നതായി നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ട്ടെന്‍ബെര്‍ഗ് അറിയിച്ചു. ചരിത്ര നിമിഷമെന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്.

എന്നാല്‍ ഫിന്‍ലന്‍ഡിനും സ്വീഡനും അംഗത്വം നല്‍കുന്നതിനോട് തുര്‍ക്കി എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഭീകര സംഘടനകളോടുള്ള നിലപാട് എന്താണെന്ന് രണ്ട് രാജ്യങ്ങളും തുറന്നു പറഞ്ഞിട്ടില്ലെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. കുര്‍ദിഷ് വിമതരുമായും ഗുലെന്‍ പ്രസ്ഥാനവുമായും ബന്ധമുള്ള കുറ്റവാളികളെ കൈമാറാന്‍ ഫിന്‍ലന്‍ഡും സ്വീഡനും വിസമ്മതിച്ചതാണ് തുര്‍ക്കിയുടെ എതിര്‍പ്പിന് പ്രധാന കാരണം.

തുര്‍ക്കിയുടെ എതിര്‍പ്പുകള്‍ തീരുമാനത്തെ സ്വാധീനിക്കാന്‍ സാധ്യതയില്ലെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. നാറ്റോയില്‍ അംഗമാകുന്നതിനെതിരെ ഇരു രാജ്യങ്ങള്‍ക്കും റഷ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

web desk 3: