X
    Categories: MoreViews

ലണ്ടന്‍ മസ്ജിദ് ആക്രമണം; പ്രതിക്ക് ജീവപര്യന്തം

ലണ്ടന്‍: വടക്കന്‍ ലണ്ടനില്‍ മസ്ജിദിനു സമീപം ആള്‍ക്കൂട്ട ത്തിലേക്ക് വാഹനം ഇടിച്ചുകയറ്റി ഒരാളെ കൊലപ്പെടുത്തുകയും നിരവധി പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്ത പ്രതിക്ക് ബ്രിട്ടീഷ് കോടതി ജീവപര്യന്തം തടവ് വിധിച്ചു. കഴിഞ്ഞ റമസാനില്‍ ഫിന്‍സ്ബറി പാര്‍ക്കിലെ പള്ളിയില്‍നിന്ന് പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്തിറങ്ങിയവരെ വാഹനം ഇടിപ്പിച്ച് ആക്രമിച്ച ഡാറന്‍ ഓസ്‌ബോണ്‍ എന്ന 48കാരനെയാണ് കോടതി ശിക്ഷിച്ചത്.  ജറൂസലം ദിനാചരണത്തോടനുബന്ധിച്ച് നടന്ന മാര്‍ച്ച് ആക്രമിക്കാനും ഓസ്‌ബോണിന് പദ്ധതിയുണ്ടായിരുന്നു. അതിന് സാധിച്ചില്ലെന്ന് മാത്രം.

പള്ളിക്കു സമീപം തളര്‍ന്നുവീണ മക്രം അലിയെന്ന 51കാരനെ സഹായിക്കാന്‍ ഒത്തുകൂടിയവര്‍ക്കിടയിലേക്കാണ് ഓസ്‌ബോണ്‍ വാഹനം ഇടിച്ചുകയറ്റിയത്.
തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ആളുകള്‍ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തിനുശേഷം താന്‍ ജോലി നിര്‍വഹിച്ചുവെന്ന് ഓസ്‌ബോണ്‍ പറഞ്ഞതായി ദൃക്‌സാക്ഷികള്‍ കോടതിയില്‍ മൊഴിനല്‍കി.

സംഭവം നടക്കുമ്പോള്‍ ഡേവ് എന്ന മറ്റൊരാളാണ് തന്നെ ഡ്രൈവറുടെ സീറ്റില്‍ പിടിച്ചിരുത്തിയതെന്ന് ഇയാള്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ സിസിടിവി ദൃശ്യത്തില്‍ ഒരാളെ മാത്രം കണ്ടത് എന്തുകൊണ്ടാണെന്ന കോടതിയുടെ ചോദ്യത്തിന് തൃപ്തികരമായ ഉത്തരം നല്‍കാന്‍ പ്രതിക്ക് സാധിച്ചില്ല. തെളിവുകള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാതെ പ്രതി മെനഞ്ഞുണ്ടാക്കിയ കഥയാണ് അതെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.
മുസ്്‌ലിംകളോടുള്ള വിദ്വേഷം മാത്രമാണ് ഓസ്‌ബോണിനെ ആക്രമണത്തിനു പ്രേരിപ്പിച്ചതെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

chandrika: