X
    Categories: MoreViews

കള്ളനെന്നു പറഞ്ഞ് അടിക്കുകയും ചവിട്ടുകയും ചെയ്തു; മധുവിന്റെ മരണമൊഴി പുറത്ത്

അഗളി: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ മൊഴി പുറത്ത്. പോലീസിന് കൈമാറിയ നാട്ടുകാര്‍ തന്നെയാണ് തന്നെ മര്‍ദിച്ചതെന്നും അവര്‍ ചവിട്ടുകയും കള്ളനെന്ന് വിളിക്കുകയും ചെയ്തതായും മരണത്തിന് മുമ്പ് മധു പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കാട്ടില്‍നിന്നു നാട്ടുകാര്‍ തന്നെ പിടിച്ചുകൊണ്ടുവരികയായിരുന്നെന്നും ജീപ്പില്‍ കയറ്റിയവര്‍ കള്ളനെന്നു പറഞ്ഞ്് അടിക്കുകയും ചവിട്ടുകയും ചെയ്‌തെന്നും മധു പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

ഹുസൈന്‍, മാത്തച്ചന്‍, മനു,അബ്ദുള്‍ റഹ്മാന്‍, അബ്ദുള്‍ ലത്തീഫ്, അബ്ദുള്‍ കരീം, എ.പി ഉമ്മര്‍ എന്നിവരാണ് മധുവിനെ പോലീസിന് കൈമാറിയത്. മാത്രമല്ല മധു മോഷ്ടിച്ചതാണെന്ന് പറഞ്ഞ് കുറച്ച് അരിയും പോലീസ് വാഹനത്തില്‍ കയറ്റിയതായി എഫ്.ഐ.ആര്‍ ചൂണ്ടിക്കാട്ടുന്നു. അഗളി പോലീസ് സ്‌റ്റേഷനിലെ അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ പ്രസാദ് വര്‍ക്കിയാണ് എഫ്.ഐ.ആര്‍ തയ്യാറാക്കിയത്.

കാട്ടില്‍ നിന്നും പിടിച്ച് കൊണ്ടുവന്ന മധുവിനെ വ്യാഴാഴ്ച മൂന്ന് മണിയോടെയാണ് നാട്ടുകാര്‍ മുക്കാലി ജംഗ്ഷനിലെ സി.ഐ.ടി.യു വെയിറ്റിംഗ് ഷെഡിലെത്തിച്ച് പ്രദര്‍ശിപ്പിച്ചത്. തുടര്‍ന്ന് പോലീസ് എത്തുകയായിരുന്നുവന്നും എഫ്.ഐ.ആര്‍ ചൂണ്ടിക്കാട്ടുന്നു. സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുന്ന വഴിക്ക് മധു ഛര്‍ദിക്കുകയും അവശ നിലയിലാവുകയും ചെയ്തു. ബോധമില്ലാതായ മധുവിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും പരിശോധിച്ച ഡോക്ടര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്നും എഫ്.ഐ.ആര്‍ വ്യക്തമാക്കുന്നുണ്ട്.

അതേസമയം ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ പോലീസിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് താലൂക്കില്‍ നാളെ ഹര്‍ത്താല്‍ നടത്തും. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ഡി.സി.സി.പ്രസിഡന്റ് വി.കെ.ശ്രീകണ്ഠനാണ് ഇക്കാര്യം അറിയിച്ചത്. യുവാവിനെ മര്‍ദ്ദിച്ച് കൊന്നതാണെന്നറിഞ്ഞിട്ടും അസ്വാഭാവിക മരണത്തിന് കേസെടുത്തതില്‍ ദുരുഹതയുണ്ട്. യഥാര്‍ത്ഥ പ്രതികളെ ഉടന്‍ പിടികൂടണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു.

ഇന്നലെ വൈകുന്നേരമാണ് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ ആള്‍ക്കൂട്ടം ക്രൂരമായി തല്ലിക്കൊന്നത്്. കടകളില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.

ഉടുത്തിരുന്ന കൈലി മുണ്ട് അഴിച്ച് കൈയ്യില്‍ കെട്ടിയ ശേഷമായിരുന്നു നാട്ടുകാരുടെ മര്‍ദ്ദനം. പിന്നീട് മുക്കാലിയില്‍ കൊണ്ടുവരികയും ചെയ്തു.ഏറെ നേരത്തെ മര്‍ദ്ദനത്തിന് ശേഷമാണ് ഇയാളെ പൊലീസിന് കൈമാറിയത്.

chandrika: