X

കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം മേയ് 26ന്

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് തിരഞ്ഞെടുക്കപ്പെവരുടെ യാത്ര മേയ് 26-ന് തുടങ്ങും. 26 മുതൽ ജൂൺ ഒൻപതു വരെയാണ് ഹജ്ജ് വിമാനങ്ങൾ സർവീസ് നടത്തുക. സംസ്ഥാന ഹജ്ജ് ക്യാമ്പ് മേയ് 25 മുതൽ പ്രവർത്തിക്കും.

കേരളത്തിൽ ഇത്തവണ കരിപ്പൂർ, കണ്ണൂർ, കൊച്ചി വിമാനത്താവളങ്ങൾ ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങളാണ്. ആദ്യ ഹജ്ജ് വിമാനം പുറപ്പെടുന്ന സ്ഥലവും സമയവും നിശ്ചയിട്ടില്ല. വിമാനങ്ങളുടെ സമയക്രമം പ്രസിദ്ധീകരിക്കുന്നതോടെയേ വിശദാംശങ്ങൾ ലഭ്യമാകൂ. മുൻവർഷങ്ങളെ അപേക്ഷിച്ച് ഹജ്ജ് ക്യാമ്പിന്റെ ദിവസങ്ങൾ ഇത്തവണ വെട്ടിക്കുറച്ചിട്ടുണ്ട്. 15 ദിവസം മാത്രമാണ് ക്യാമ്പുണ്ടാകുക. മുൻവർഷങ്ങളിൽ 20-22 ദിവസം ഉണ്ടായിരുന്നു.

അതേ സമയം, കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ അപേക്ഷകർ ഇത്തവണയുണ്ട്. നിലവിൽ 18,337 പേർക്കാണ് ഈ വർഷം ഹജ്ജിന് അവസരം ലഭിച്ചിട്ടുള്ളത്. 70 വയസ്സ് വിഭാഗത്തിൽ 1250 പേരെയും മെഹ്‌റമില്ലാത്ത വനിതകളുടെ വിഭാഗത്തിൽ 3584 പേരെയും നറുക്കെടുപ്പില്ലാതെ തിരഞ്ഞെടുത്തു. 11,942 പേരെ നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുത്തത്. കാത്തിരിപ്പുപട്ടികയിൽനിന്ന് 1561 പേർക്ക് അവസരം ലഭിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം 11,556 പേരാണ് കേരളത്തിൽനിന്ന് ഹജ്ജിന് പോയത്.

മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കരിപ്പൂരിൽ നിന്ന് കൂടുതൽ ഹജ്ജ് വിമാനങ്ങൾ ഉണ്ടാകും. വലിയ വിമാനങ്ങൾക്ക് അനുമതിയില്ലാത്തതിനാൽ 145 യാത്രക്കാരുമായാകും എയർ ഇന്ത്യ എക്സ്‌പ്രസ്സ് വിമാനങ്ങൾ സർവീസ് നടത്തുക. നിലവിൽ പതിനായിരത്തിലേറെപേർ കരിപ്പൂരിൽനിന്ന് പുറപ്പെടാനുണ്ട്. ആദ്യ ഘട്ടത്തിൽ അനുമതിലഭിച്ച 16,776 പേരിൽ 9750 പേരും കരിപ്പൂരാണ് പുറപ്പെടൽ കേന്ദ്രമായി തിരഞ്ഞെടുത്തിട്ടുള്ളത്. ഇനിയും ആയിരത്തഞ്ഞൂറോളം പേർക്കുകൂടി അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

webdesk14: