X

അഹമ്മദ് പട്ടേലിലും മണിശങ്കറിലും അവസാനിച്ച് പ്രചാരണം; പോളിംഗ് ബൂത്തിലേക്ക് ആത്മവിശ്വാസത്തോടെ കോണ്‍ഗ്രസ്

അഹമ്മദാബാദ്: ആവേശകരമായ പ്രചാരണങ്ങള്‍ക്കുശേഷം ഒന്നാംഘട്ട വോട്ടെടുപ്പിനായി ഗുജറാത്ത് നാളെ പോളിംങ് ബൂത്തിലേക്ക്. ഇന്നലെ പരസ്യപ്രചാരണം അവസാനിച്ച ഗുജറാത്തില്‍ അഹമ്മദ് പട്ടേലിനെതിരെയുള്ള പ്രചാരണങ്ങളും മണിശങ്കര്‍ അയ്യര്‍ നടത്തിയ പരാമര്‍ശങ്ങളുമാണ് വിവാദങ്ങളായത്. അതേസമയം, ആദ്യഘട്ട വോട്ടെടുപ്പിന് പോളിങ്ങ് ബൂത്തിലെത്തുമ്പോള്‍ കോണ്‍ഗ്രസ് ആത്മവിശ്വാസത്തിലാണ്. ഹാര്‍ദ്ദിക് പട്ടേല്‍, ജിഗ്നേഷ് മേവാനി, അല്‍പേഷ് താക്കൂര്‍ കൂട്ടുകെട്ടില്‍ വിജയപ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. എന്നാല്‍ മത്സരത്തിന്റെ പ്രതീതി ഉണ്ടാക്കുമെന്നല്ലാതെ വിജയിക്കാന്‍ കോണ്‍ഗ്രസ്സിനാവില്ലെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പിയും.

89 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. ഒന്നാംഘട്ട പരസ്യപ്രചാരണങ്ങള്‍ അവസാനിച്ച ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള മണിശങ്കര്‍ അയ്യരുടെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. തരംതാഴ്ന്ന, സംസ്‌കാരമില്ലാത്ത വ്യക്തിയാണ് മോദിയെന്നായിരുന്നു മണിശങ്കര്‍ മോദിയെ പറഞ്ഞത്. എന്തിനാണ് അദ്ദേഹം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നതെന്നും അയ്യര്‍ ചോദിച്ചിരുന്നു. ഗുജറാത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ നെഹ്‌റുവിനെ പരാമര്‍ശിക്കാതെ ഇന്ത്യയുടെ നിര്‍മിതിക്കായി അംബേദ്കര്‍ നല്‍കിയ സംഭാവനകളെ മോദി പ്രശംസിച്ചിരുന്നു. അംബേദ്കറിന്റെ പരിശ്രമങ്ങളെ തഴയാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും എന്നാല്‍ അത് വിജയിച്ചില്ലെന്നും നെഹ്‌റുവിനെ പരോക്ഷമായി സൂചിപ്പിച്ച് മോദി പറഞ്ഞതാണ് അയ്യരെ ചൊടിപ്പിച്ചത്. രാജ്യത്തിന് നിരവധി സംഭാവനകള്‍ ചെയ്ത നെഹ്‌റു കുടുംബത്തെ മോദി നിരന്തരമായി അധിക്ഷേപിക്കുകയാണെന്നും സംസ്‌കാരമില്ലാത്ത ഇത്തരം പ്രവൃത്തി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് വിവാദമായതിനെ തുടര്‍ന്ന് മണിശങ്കര്‍ മാപ്പു പറയണമെന്ന ആവശ്യവുമായി രാഹുല്‍ഗാന്ധി രംഗത്തെത്തുകയായിരുന്നു. കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേലിനെതിരെയുള്ള പ്രചാരണങ്ങളും ഇന്നലെ ഉയര്‍ന്നിരുന്നു. പട്ടേല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന രീതിയില്‍ പോസ്റ്ററുകളുള്‍പ്പെടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് നിഷേധിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. പ്രചാരണത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് പട്ടേലും വ്യക്തമാക്കിയിരുന്നു.

182 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നത് ഡിസംബര്‍ 18-നാണ്. രണ്ടാംഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 14-നാണ്.

chandrika: