X

സ്‌കൂളുകളിലെ പതാക വിതരണം; ഫ്‌ളാഗ് കോഡ് കാറ്റില്‍ പറത്തി വിദ്യാഭ്യാസ വകുപ്പ്

സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാനെത്തിച്ച പതാകകള്‍ സകല മാനദണ്ഡങ്ങളും ലംഘിക്കുന്നതെന്ന് ആക്ഷേപം. കേരള സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം സംസ്ഥാനത്തെ കുടുംബശ്രീകള്‍ നിര്‍മിച്ച പതാകകളാണ് ഫ്‌ളാഗ് കോഡ് ലംഘിക്കുന്നതായത്. പതാക ദീര്‍ഘചതുരാകൃതിയില്‍ 3:2 എന്ന അനുപാതത്തില്‍ നീളവും വീതിയുമാണ് ക്രമീകരിക്കേണ്ടത്. ഈ അനുപാതം ലംഘിച്ചതും അച്ചടിച്ച അശോക ചക്രത്തിന്റെ സ്ഥാനം മാറിയതുമായ പതാകകളാണ് വിവിധ സ്‌കൂളുകളില്‍ ഇന്നലെ വിതരണത്തിനെത്തിച്ചത്. കൂടാതെ കോട്ടണ്‍, പോളിസ്റ്റര്‍, പോളി സില്‍ക്ക്, ഖാദി തുണികള്‍ ഉപയോഗിച്ചു നിര്‍മിച്ച പതാകകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളുവെന്നതും ലംഘിച്ച് സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ വിതരണത്തിനെത്തിച്ചത് പ്ലാസ്റ്റികില്‍ പ്രിന്റ് ചെയ്തവയാണ്. ഇതോടെ വിതരണത്തിനെത്തിച്ച പതാകകള്‍ കുറ്റമറ്റതാണെന്ന് പ്രധാനാധ്യാപകര്‍ ഉറപ്പുവരുത്തണമെന്ന നിര്‍ദ്ദേശം പുറത്തിറക്കിയിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്. വിവിധ സ്‌കൂളുകളില്‍ വിതരണത്തിനെത്തിച്ചവ ദേശീയ പതാകയെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് ഉത്തരവ് ഇറക്കേണ്ടി വന്നത്.

നേരത്തെ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് എല്ലാ വീടുകളിലും പതാക ഉയര്‍ത്തുന്നതിനായി വിദ്യാര്‍ഥികള്‍ മുഖാന്തരം പതാക വിതരണം ചെയ്യാനായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇതിനായി സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമുള്ള പതാകയുടെ എണ്ണം പഞ്ചായത്ത്, മുനിസിപ്പല്‍ സെക്രട്ടറിമാര്‍ക്ക് നല്‍കണമെന്നും ഓരോ പതാകക്കും 40 രൂപ തോതില്‍ നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം പണം പിരിക്കുകയും ചെയ്തു. സ്വാതന്ത്ര ദിനത്തിന് മുമ്പുള്ള അവസാന പ്രവര്‍ത്തി ദിവസമെന്ന നിലയില്‍ ഇന്നലെ തന്നെ പതാക വിതരണം പൂര്‍ത്തിയാക്കണമായിരുന്നു. എന്നാല്‍ സംസ്ഥാനത്ത് പല സ്‌കൂളുകളിലും പതാക എത്തിയില്ലെന്ന് മാത്രമല്ല, എത്തിയതില്‍ തന്നെ ഭൂരിഭാഗവും പ്ലാസ്റ്റികില്‍ പ്രിന്റ് ചെയ്തതും പതാകയുടെ അനുപാതം കൃത്യമല്ലാത്തതുമായിരുന്നു.കുടുംബശ്രീ യൂണിറ്റുകള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാനാണ് സര്‍ക്കാര്‍ പതാക നിര്‍മാണത്തിന്റെ ചുമതല ഏല്‍പ്പിച്ചതെന്നും രാഷ്ട്രത്തിന് സ്വാതന്ത്യം ലഭിച്ചതിന്റെ 75 ാം വാര്‍ഷികം ആഘോഷിക്കുമ്പോളാണ് ദേശീയ പതാകയെ തന്നെ അവഹേളിക്കുന്ന തരത്തില്‍ പദ്ധതി മാറിയതെന്നുമാണ് ഉയരുന്ന ആക്ഷേപം.

web desk 3: