X
    Categories: MoreViews

ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതില്‍ അലംഭാവം

കോഴിക്കോട്: ഭക്ഷ്യസുരക്ഷാ പദ്ധതി പ്രഖ്യാപനം കഴിഞ്ഞ് ഒമ്പത് മാസം പിന്നിട്ടിട്ടും സംസ്ഥാനത്ത് പദ്ധതി നടത്തിപ്പ് എങ്ങുമെത്തിയില്ല. ഭക്ഷ്യവസ്തുക്കളുടെ വിതരണം കാര്യക്ഷമമാക്കാനും ഉപഭോക്താക്കള്‍ക്ക് കൃത്യമായ അളവില്‍ റേഷന്‍ സാധനങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും തയാറാക്കിയ പദ്ധതിയാണ് എങ്ങുമെത്താതെ പോകുന്നത്. പൊതുവിതരണക്കാര്‍ ഉള്‍പ്പെടെയുള്ള ഇടനിലക്കാരെ ഒഴിവാക്കി റേഷന്‍ സാധനങ്ങള്‍ സപ്ലൈകോ വഴി സംഭരിച്ച് റേഷന്‍ കടകളില്‍ എത്തിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കൊല്ലത്ത് കഴിഞ്ഞെങ്കിലും മറ്റു ജില്ലകളില്‍ എപ്പോള്‍ നടപ്പാകും എന്നതിനെപറ്റി യാതൊരു അറിവുമില്ല. നിലവില്‍ മൊത്തവ്യാപാരികളില്‍ നിന്ന് റേഷന്‍കടക്കാര്‍ സാധനങ്ങള്‍ കൈപ്പറ്റി സ്വന്തം ചെലവില്‍ കടയില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. ഒരു ക്വിന്റല്‍ സാധനങ്ങള്‍ എത്തിക്കാന്‍ 35 രൂപ മുതല്‍ 60 രൂപ വരെ ചെലവ് വരും. ഈ തുക കടക്കാരുടെ കമ്മീഷനില്‍ വക കൊള്ളിക്കുകയാണ് പതിവ്. സപ്ലൈകോയുടെ ഗോഡൗണില്‍ നിന്ന് സാധനങ്ങള്‍ കൊണ്ടുപോവാന്‍ ട്രാന്‍സ്‌പോര്‍ട്ടിങ് രംഗത്തുള്ള സ്ഥാപനങ്ങളെയും വ്യക്തികളെയും നിയോഗിക്കാനാണ് നീക്കം. എന്നാല്‍ ഇത്തരം പദ്ധതികള്‍ എത്രമാത്രം ഫലം ചെയ്യും എന്നതിനെപറ്റി ആശങ്കയുണ്ട്. ഒരു ക്വിന്റല്‍ സാധനങ്ങള്‍ വില്‍പന നടത്തിയാല്‍ 100 രൂപ എന്ന നിരക്കിലാണ് കടക്കാര്‍ക്ക് കമ്മീഷന്‍ നല്‍കുന്നത്. സാധനങ്ങള്‍ നേരിട്ട് കടയില്‍ എത്തിക്കുമ്പോള്‍ കമ്മീഷന്‍ കുറയാന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ വ്യാപാരികളുമായി ഇനിയും ചര്‍ച്ച നടത്തിയിട്ടില്ല. റേഷന്‍സാധനങ്ങള്‍ കടയില്‍ എത്തിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരക്കിട്ട് നടത്തിയെങ്കിലും ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയില്ല എന്ന ആക്ഷേപം ശക്തമാണ്. ഇതുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെടുന്ന ട്രാന്‍സ്‌പോര്‍ട്ടിങ് ഏജന്റുമാര്‍ക്ക് നല്‍കേണ്ട കൂലി സംബന്ധിച്ചും വ്യക്തതയായിട്ടില്ല.

റേഷന്‍കാര്‍ഡ് വിതരണം സംബന്ധിച്ചും അവ്യക്തത തുടരുകയാണ്. മുന്‍ഗണനാ ലിസ്റ്റ് സംബന്ധിച്ച പരാതികള്‍ ഏറെയാണ്. അര്‍ഹതയില്ലാത്ത നിരവധി പേര്‍ ലിസ്റ്റില്‍ കടന്നുകൂടിയിട്ടുണ്ട്. നിലവിലുള്ള ലിസ്റ്റ് പ്രകാരം റേഷന്‍സാധനങ്ങള്‍ വിതരണം ചെയ്യാനും പരാതികള്‍ ക്രമാനുഗതമായി പരിഹരിക്കാനുമാണ് ഭക്ഷ്യവകുപ്പ് ആലോചിക്കുന്നത്. എന്നാല്‍ ഇതെത്രമാത്രം ഫലം ചെയ്യുമെന്ന് കണ്ടറിയണം.
റേഷന്‍കടകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിനുള്ള നടപടികളും എങ്ങുമെത്തിയിട്ടില്ല. വില്‍പന സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നതിന് ആവശ്യമായ ഇലക്ട്രോണിക് പോയന്റ് ഓഫ് സെയില്‍ സംവിധാനവും സ്ഥാപിക്കേണ്ടതുണ്ട്. അതേസമയം, അരിയുടെ ക്ഷാമം തീര്‍ക്കുന്നതിന് ഭക്ഷ്യവകുപ്പിന്റെ ഇടപെടലിനെ തുരങ്കം വെച്ച് സഹകരണവകുപ്പ് അരി ഇറക്കുമതി ചെയ്തതും ചര്‍ച്ചയായിരുന്നു.

chandrika: