X

ഭക്ഷ്യ ഭദ്രതാ നിയമവും കേരളവും

പി.എം മൊയ്തീന്‍ കോയ

2023ല്‍ ഭക്ഷ്യ പൊതുവിതരണ മേഖലയില്‍ പുതിയ അധ്യായത്തിന് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുകയാണ്. രാജ്യത്ത് റേഷന്‍ സംവിധാനം എന്ന ആശയത്തിനു വിത്തുപാകിയതും ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു അംഗീകാരം നേടിയെടുക്കുന്നതിലും കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ഈ ആശയമാണ് സ്റ്റാറ്റിയുട്ടറി റേഷന്‍ സംവിധാനമായി പിന്നീട് രൂപാന്തരപ്പെട്ടത്. ഇത് കൃത്യമായും കാര്യക്ഷമായും നിലനിന്നതും ഇന്ത്യക്ക്തന്നെ മാതൃകയായും 1960 കാലഘട്ടത്തില്‍തന്നെ നിലനിന്ന സംസ്ഥാനവുമാണ് കേരളം. 1966ല്‍ സംസ്ഥാനത്ത് സ്റ്റാറ്റിയുട്ടറി റേഷന്‍ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കി കൊണ്ട് കേരളാ റേഷനിങ് ഓഡറും നിലവില്‍വന്നു.

ഭക്ഷ്യോത്പാദനരംഗത്ത് സംസ്ഥാനം ഓരോ വര്‍ഷവും പിന്നോട്ടാണ് പോയിരുന്നത്. പ്രത്യേകിച്ചു നെല്‍കൃഷിയില്‍ മറ്റു സംസ്ഥാനങ്ങളിനേക്കാള്‍ കൂലി ചിലവുകള്‍ ഇരട്ടിയിലധികം വര്‍ധിക്കുകയും കൃഷി ഭൂമി കുറഞ്ഞുവരുന്ന സാഹചര്യവുമായി. ഇത് കൊണ്ട് കര്‍ഷകര്‍ മറ്റു കൃഷികളിലേക്കും മറ്റു മേഖലയിലേക്കും നീങ്ങി. എങ്കിലും കയറ്റുമതിയിലൂടെ വിദേശ വരുമാനം ലഭിക്കുന്ന നാണ്യവിളകളും സുഗന്ധദ്രവ്യങ്ങളും ഏറ്റവും അധികം ഉത്പാദിപ്പിച്ചു കൊണ്ട് രാജ്യത്തിന് വിദേശ നാണ്യ ശേഖരങ്ങളും തീരദേശ മേഖലകളിലെ മത്സ്യബന്ധന തൊഴിലിലൂടെ വിദേശങ്ങളില്‍ ഏറ്റവും പ്രിയമേറിയ മത്സ്യസമ്പത്തും കയറ്റുമതിചെയ്തു വിദേശ വരുമാനവും നേടി തരുന്നതില്‍ മുന്‍പന്തിയിലെത്താന്‍ സംസ്ഥാനത്തിനായി. ഇതിനുള്ള പ്രത്യുപകാരമായാണ് കേരളത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങളും റേഷനും സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ സമ്മാനിച്ചത്.

ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ റേഷന്‍ വിതരണം കുറ്റമറ്റരീതിയിലും ഫലപ്രദമായി നടപ്പിലാക്കിയത്‌കൊണ്ട് സംസ്ഥാനത്തെ ജനങ്ങളുടെ ആശ്രയമായി റേഷന്‍ കടകള്‍ മറി. ലക്ഷ്യാധിഷ്ഠിത റേഷന്‍ ആരംഭിക്കുന്നതിന്മുമ്പ് റേഷന്‍ കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ തോതില്‍ ആളോഹരി റേഷന്‍ എല്ലാ ആഴ്ചയിലും നല്‍കിയിരുന്നു. പില്‍ക്കാലത്ത് രാജ്യത്ത് എ.പി.എല്‍, ബി പി. എല്‍ എന്നിങ്ങനെ രണ്ട് തരമായി തിരിക്കുകയും പ്രതിമാസം ബി.പി.എല്‍ കാര്‍ഡുകാര്‍ക്ക് സബ്‌സിഡി നിരക്കില്‍ 25 കിലോഗ്രാം ധാന്യങ്ങള്‍ 6 രൂപ 20 പൈസ തോതിലും ബാക്കിയുള്ള റേഷന്‍ എല്ലാവര്‍ക്കും 10 രൂപ 90 പൈസ തോതിലും ലഭിക്കുന്ന പുതിയ സംവിധാനമായിരുന്നു ബി.പി.എല്‍, എ.പി.എല്‍ പദ്ധതി.

2009ലെ ലക്ഷ്യാധിഷ്ഠിത റേഷന്‍ സംവിധാനം നിലവില്‍വന്നതിനെതുടര്‍ന്ന് ആഴ്ചയിലെ റേഷന്‍ പ്രതിമാസ റേഷനായി മാറി. ഈ കാലഘട്ടത്തില്‍ സബ്‌സിഡി രഹിത റേഷന്‍ വില ഓപ്പണ്‍ മാര്‍ക്കറ്റിലെ വിലക്ക് തുല്യമായി നിലനിന്നിരുന്നത്‌കൊണ്ട് 10 രൂപ 90 പൈസ വില ഈടാക്കുന്ന എ.പി.എല്‍ റേഷന്‍ ഉപഭോക്താക്കള്‍ റേഷന്‍ കടകളില്‍നിന്ന് അകലാന്‍ കാരണമായി. ഇത്മൂലം റേഷന്‍ വില്‍പ്പന ഗണ്യമായി കുറഞ്ഞു. സംസ്ഥാനത്ത് റേഷന്‍ ലൈസന്‍സികള്‍ കടകള്‍ ഉപേക്ഷിക്കാനും തുടങ്ങി. പാട്ടക്കാരും ബിനാമികളും ഈ മേഖലയില്‍ സജീവമായി. ഈ പ്രതികൂല സാഹചര്യം അതിജിവിക്കാനും റേഷന്‍ കടകള്‍ നിലനിര്‍ത്തുന്നതിനും വേണ്ടിയാണ് റേഷന്‍ അല്ലാത്ത മറ്റു സാധനങ്ങള്‍ റേഷന്‍ കടയിലൂടെ വില്‍ക്കാന്‍ അനുമതി നല്‍കിയിരുന്നത്. ഈ കാലഘട്ടത്തില്‍ ഓപ്പണ്‍ മാര്‍ക്കറ്റുകളില്‍ 12 രൂപക്ക് നല്ലയിനം മേന്മയുള്ള അരി ലഭിക്കുന്നത്‌കൊണ്ടാണ് ഇത്തരം പിന്‍മാറ്റത്തിന്ന് കാരണമായത്. പിന്നീട് മറ്റു സാധന വില്‍പ്പന അനുവദിച്ചില്ല.

ബി.പി.എല്‍ കാര്‍ഡുകാര്‍ക്ക് 6 രൂപ 20 പൈസ നിരക്കിലും ബി.പി.എല്‍ വിഭാഗത്തില്‍നിന്ന് ഏറ്റവും ദരിദ്രരുടെ അടിത്തട്ടിലുള്ള കുടുംബങ്ങളേ കണ്ടെത്തി അന്ത്യോദയ അന്നപൂര്‍ണ (മഞ്ഞകാര്‍ഡ്) പദ്ധതിക്ക് രൂപം നല്‍കി. ഈ വിഭാഗം (എ.എ.വൈ) കാര്‍ഡുകാര്‍ക്ക് 3 രൂപ നിരക്കില്‍ പ്രതിമാസം 35 കിലോഗ്രാം ഭക്ഷ്യധാന്യങ്ങളായിരുന്നു നല്‍കിയിരുന്നത്. പിന്നീട് എ. എ.വൈ വിഭാഗങ്ങള്‍ക്ക് സൗജന്യമായും ബി.പി.എല്‍ കാര്‍ഡുകാര്‍ക്ക് 2 രൂപ നിരക്കിലും എ.പി.എല്‍ കാര്‍ഡുകാര്‍ക്ക് 8 രൂപ 90 പൈസ നിരക്കിലും നിശ്ചിത അളവില്‍ പ്രതിമാസമായി റേഷന്‍ കേന്ദ്ര സര്‍ക്കാര്‍ ക്രമീകരിച്ചുനല്‍കി. പിന്നീട് സംസ്ഥാന സര്‍ക്കാര്‍ ബി.പി.എല്‍ (പിങ്ക്) കാര്‍ഡുകാര്‍ക്കുകൂടി റേഷന്‍ സൗജന്യമാക്കുകയും എ.പി.എല്‍ കാര്‍ഡുകാരില്‍നിന്ന് ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഇടത്തരം വിഭാഗത്തെ കണ്ടെത്തി സംസ്ഥാന സബ്‌സിഡി (നീല കാര്‍ഡ്) 2 രൂപ നിരക്കില്‍ കാര്‍ഡിലെ ഒരംഗത്തിന്ന് 2 കിലോഗ്രാം തോതില്‍ അരി നല്‍കുന്ന പുതിയ വിഭാഗം കാര്‍ഡുകള്‍ക്ക് രൂപം നല്‍കുകയും ഇതോടെ നാല് തരം കാര്‍ഡുകളാക്കി മാറ്റുകയും ചെയ്തു. പൊതുമാര്‍ക്കറ്റുകളില്‍ 20 രൂപയോളം ഒരു കിലോ അരിയുടെ വിലയുള്ളത് പല ഘട്ടമായി ഉയരുന്നതിന് അനുസരിച്ചു ഉപഭോക്താക്കളും റേഷന്‍ കടകളിലേക്ക് ആകര്‍ഷിക്കപെട്ടു.

2013ല്‍ ഭക്ഷ്യ ഭദ്രതാനിയമം ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു നിയമമാക്കി. പ്രസ്തുത നിയമം 2017 നവംബര്‍ മാസത്തില്‍ നടപ്പിലാകുന്നതോടെ പ്രയോര്‍ട്ടി വിഭാഗമായ മഞ്ഞ, പിങ്ക്, കാര്‍ഡുകാര്‍ക്ക് റേഷന്‍ അവരുടെ അവകാശമായി മാറുകയും ഇത് നഷ്ടപെടാന്‍ ഇടവരുന്ന സാഹചര്യത്തില്‍ ആരുടെ വീഴ്ച മൂലമാണ് നഷ്ടം ഉണ്ടായത് അവരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കി നല്‍കുന്നത് അടക്കമുള്ള വ്യവസ്ഥകള്‍ അടങ്ങിയതാണ് ഭക്ഷ്യഭദ്രമായ നിയമം. പ്രസ്തുത നിയമത്തിന്റെ പരിരക്ഷയില്‍ മറ്റു സംസ്ഥാനങ്ങളില്‍ ഗ്രാമപ്രദേശങ്ങളില്‍ 70 ശതമാനവും പട്ടണപ്രദേശങ്ങളില്‍ 50 ശതമാനം അംഗങ്ങളും പദ്ധതിയുടെ ഗുണഭോക്താക്കളാണ്. അതോടൊപ്പം ഭക്ഷ്യധാന്യങ്ങള്‍ ഉത്പാദിപ്പിക്കുന്നതില്‍ സ്വയം പര്യപ്തരുമാണ് മിക്ക സംസ്ഥാനങ്ങളും. എന്നാല്‍ കേരളത്തില്‍ ഇത് 38 ശതമാനത്തിലും താഴെയുള്ള ജനവിഭാഗങ്ങളാണ് ഇതിന്റെ ഗുണഭോക്താക്കള്‍. 9322243 റേഷന്‍ കാര്‍ഡുകളില്‍ 588914 അന്തന്ത്യോദയ അന്നപൂര്‍ണ (മഞ്ഞ) കാര്‍ഡുകളും 3508362 മുന്‍ഗണനാ (പിങ്ക്) കാര്‍ഡുകള്‍ക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക. ബാക്കി നിലവിലെ 62 ശതമാനം റേഷന്‍ കാര്‍ഡുകാര്‍ക്കും ഈ നിയമം പ്രതികൂലമായി മാറി. സംസ്ഥാനത്തിന്റെ റേഷന്‍ വിഹിതം 16-2 മെട്രിക്ടണ്‍ അരി ലഭിച്ചിരുന്നിടത്ത് 14-25 മെട്രിക്ടണ്‍ അരിയാണ് ലഭിക്കുന്നത്.അത്‌കൊണ്ടാണ് 2017 വരെ സംസ്ഥാന സര്‍ക്കാറുകള്‍ ഭക്ഷ്യ ഭദ്രതാനിയമം നടപ്പിലാക്കാന്‍ വൈകിയത്. കേന്ദ്ര സര്‍ക്കാറിന്റെ അന്ത്യശാസനയെ തുടര്‍ന്ന് 2017 നവംബര്‍ മാസം മുതല്‍ നിയമം നടപ്പിലാക്കിയത്. ഇതോടെ മുന്‍ഗണനേതരവിഭാഗങ്ങളുടെ റേഷന്‍ സംസ്ഥാന സര്‍ക്കാറുകളുടെ ഉത്തരവാദിത്വത്തിലായി മാറി. മുന്‍ഗണനേതര വിഭാഗമായ നീല, വെള്ള കാര്‍ഡുകാര്‍ക്ക് അനുവദിച്ചിരുന്ന ടൈഡ്ഓവര്‍ പദ്ധതികളും ഘട്ടം ഘട്ടമായി കുറവുവരുത്തിയതും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് പ്രതികൂലമായി മാറി.
(തുടരും)

webdesk13: