X

ബിജെപിക്ക് പശു മമ്മിയും യമ്മിയും; ഗോവധ നിരോധന നിലപാടിനെ പരിഹസിച്ച് ഉവൈസി

ന്യൂഡല്‍ഹി: ഗോവധ നിരോധന നിലപാടില്‍ ബിജെപിക്കെതിരെ വിമര്‍ശനവുമായി ഓള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്്‌ലിമീന്‍ നേതാവ് അസദുദിന്‍ ഉവൈസി. യുപിയില്‍ ബിജെപിക്ക് പശു മമ്മിയാണെങ്കില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അത് യമ്മിയാണ് (രുചിയുള്ള) പശുവിറച്ചി ബിജെപിയെ സംബന്ധിച്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സാധാരണ ആഹാരക്രമം മാത്രമാണ്.

ഗോവധ നിരോധനവും ബീഫ് നിരോധനവും സംബന്ധിച്ച ബിജെപി നിലപാടിലെ കാപട്യമാണ് ഇതിലൂടെ മറനീക്കി പുറത്തുവരുന്നതെന്ന് ഉവൈസി വിമര്‍ശിച്ചു. അധികാരത്തിലെത്തിയാല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബീഫടക്കമുള്ള ആഹാരങ്ങള്‍ നിരോധിക്കില്ലെന്ന് മേഘാലയ ബിജെപി ജനറല്‍ സെക്രട്ടറി ഡേവിഡ് കര്‍സാത്തി കഴിഞ്ഞ ആഴ്ച്ച പറഞ്ഞിരുന്നു. യുപിയിലെ പോലെ ബീഫ് വിരുദ്ധ നീക്കങ്ങള്‍ ഇവിടെ നടത്തില്ലെന്നും ഇവിടത്തെ യാഥാര്‍ത്ഥ്യങ്ങള്‍ വ്യത്യസ്തമാണെന്നും നാഗാലന്‍ഡ് ബിജെപി അദ്ധ്യക്ഷന്‍ വിസാസോളി ലോങ്ങും പ്രതികരിക്കുകയുണ്ടായി. അധികാരത്തില്‍ വന്നയുടനെ യുപിയിലെ അറവുശാലകള്‍ക്ക് താഴിടാനായിരുന്നു യോഗിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ പ്രഥമ തീരുമാനങ്ങളിലൊന്ന്. ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ ഗോവധത്തിനുള്ള ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തി നിയമഭേദഗതി കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. ഇതേ വേളയിലാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി വ്യത്യസ്ത നിലപാട് സ്വീകരിച്ചിരിക്കുന്നത്. ബീഫ് നന്നായി ഉപയോഗിക്കുന്ന ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയായ മേഘാലയ, മിസോറാം, നാഗാലന്‍ഡ് എന്നിവിടങ്ങളില്‍ തങ്ങളുടെ ബീഫ് വിരുദ്ധ രാഷ്ട്രീയം പച്ച പിടിക്കില്ലെന്ന തിരിച്ചറിവാണ് ബിജെപിയുടെ ഈ പ്രഖ്യാപനത്തിന് പിന്നില്‍.

chandrika: