X

ഇടത് സര്‍ക്കാര്‍ വന്നശേഷം കയ്യേറിയത് 689.1305 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി; രണ്ട് വര്‍ഷത്തിനിടെ 119.7669 ഹെക്ടര്‍ വനഭൂമി

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം കയ്യേറിയത് 89.1305 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി. 2017 ഏപ്രില്‍ ഒന്നിന് ശേഷം 119.7669 ഹെക്ടര്‍ വനഭൂമിയും കയ്യേറിയിട്ടുണ്ട്. നിയമസഭയില്‍ വനം മന്ത്രി കെ.രാജുവും റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനും വെളിപ്പെടുത്തിയതാണ് ഇക്കാര്യം.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയില്‍ 689.1305 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടുണ്ട്. ഇതില്‍ 221.4337 ഹെക്ടര്‍ ഒഴിപ്പിച്ചെടുത്തിട്ടുണ്ട്. ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഭൂമി കയ്യേറിയിട്ടുള്ളത്. 343.2489 ഹെക്ടര്‍ ഭൂമിയാണ് ഇവിടെ കയ്യേറിയത്. ഇതില്‍ 179.6952 ഹെക്ടര്‍ ഭൂമി ഒഴിപ്പിച്ചെടുത്തിട്ടുണ്ടെന്നും പി.കെ ബഷീറിനെ മന്ത്രി ഇ.ചന്ദ്രശേഖരന്‍ രേഖാമൂലം അറിയിച്ചു. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് 585 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍, 195 എണ്ണം.
2017 ഏപ്രില്‍ ഒന്നിന് ശേഷം 119.7669 ഹെക്ടര്‍ വനഭൂമി കയ്യേറിയിട്ടുണ്ട്. അതില്‍ 111.7229 ഹെക്ടര്‍ ഒഴിപ്പിച്ചിട്ടുണ്ട്. 8.044 ഹെക്ടര്‍ ഇനിയും ഒഴിപ്പിക്കാന്‍ അവശേഷിക്കുന്നു. ഇത് ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുന്നുണ്ടെന്നും വി.ടി ബല്‍റാം, പി.ടി തോമസ് തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി രാജു അറിയിച്ചു. കയ്യേറ്റക്കാരില്‍ നിന്ന് ഒഴിപ്പിച്ചെടുത്ത വനഭൂമി വീണ്ടും കയ്യേറുന്ന സാഹചര്യമുണ്ട്. ഇത് തടയാന്‍ കയ്യേറ്റം ഒഴിപ്പിച്ച വനഭൂമി സര്‍വേ നടത്തി അളന്ന് തിരിച്ച് അതിര്‍ത്തികളില്‍ സ്ഥിരം അജണ്ടകള്‍ സ്ഥാപിക്കുന്നുണ്ട്. കയ്യറ്റക്കാര്‍ക്കെതിരെ നിയമ നടപടികളും സ്വീകരിക്കുന്നുണ്ട്.
1977 ജനുവരി ഒന്നിന് മുമ്പുള്ള കയ്യേറ്റങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയ്ക്ക് വിധേയമായി ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായി വനം-റവന്യൂ സംയുക്ത പരിശോധന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ത്യശ്ശൂര്‍, കണ്ണൂര്‍ എന്നീ ഏഴ് ജില്ലകളില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ സംയുക്ത പരിശോധന പൂര്‍ത്തിയാക്കാനുണ്ട്.
വന്യജീവി ആക്രമണം രൂക്ഷമായി അനുഭവപ്പെടുന്ന ഊരുകളില്‍ നിന്ന് കുടുംബങ്ങളെ അവരുടെ സമ്മതത്തോടെ നഷ്ടപരിഹാരം നല്‍കി മാറ്റിപാര്‍പ്പിക്കുന്ന നടപടികള്‍ വയനാട് വന്യജീവി സങ്കേതത്തില്‍ തുടങ്ങി. ഇതുവരെ 339 കുടുംബങ്ങളെ വനത്തില്‍ നിന്നും മാറ്റി പാര്‍പ്പിച്ചു. കൊട്ടിയൂര്‍-പെരിയ ആനത്താരകള്‍ സ്ഥാപിക്കുന്നതിന് ആറ് കോടി അനുവദിക്കുകയും 2.95 കോടി ചിലവഴിച്ച് 29.59 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കുകയും ചെയ്തു. ക്ഷീര സംഘങ്ങളുടെ ആധുനീകരണത്തിനും ഗുണനിലവാരമുള്ള സര്‍വ്വീസ് ലഭ്യമാക്കുന്നതിനും 2019-20 വര്‍ഷത്തില്‍ 15.50 കോടിയുടെ പദ്ധതികള്‍ നടപ്പാക്കും. മില്‍മയുടെ മലബാര്‍ യൂണിയന്‍ കാലിറ്റീത്ത സബ്സീഡിയായി 8.1 കോടി രൂപ സംഘങ്ങള്‍ക്ക് നല്‍കി.

chandrika: